ദളിത് മെത്രാന്മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്കണമെന്ന് പുതിയ ന്യൂണ്‍ഷ്യോയോട് അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലിയോപ്പോള്‍ഡോ ഗിരെല്ലിയോട് ദളിത് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ സവിശേഷമായ അഭ്യര്‍ത്ഥന.

തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും വിവിധ രൂപതകളില്‍ ഒഴിവായികിടക്കുന്ന മെത്രാന്‍ പദവിയിലേക്ക് തങ്ങളുടെ സമൂഹത്തില്‍ നിന്നുള്ളവരെ നിയമിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി ദളിത് ക്രൈസ്തവരുടെ ആത്മവിശ്വാസം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ദളിത് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്‌മെന്റാണ് ജൂണ്‍ 11 ന് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ന്യൂണ്‍ഷ്യോയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മെത്രാന്മാരെയും കര്‍ദിനാള്‍മാരെയും നിയമിക്കുന്നതിനുള്ള പരമ്പരാഗത രീതിക്ക് അനുയോജ്യമായ മാറ്റം വരുത്തണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ അഞ്ചു രൂപതകളില്‍ ദളിത് മെത്രാന്മാര്‍ക്ക് ഒഴിവുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങളായി അത് മുടങ്ങികിടക്കുകയാണെന്നും കത്ത് പറയുന്നു. ആര്‍ച്ച് ബിഷപ് ലിയോപ്പോള്‍ഡോ ഇന്ത്യയിലെത്തിയതിന്റെ രണ്ടുദിവസങ്ങള്‍ക്കുളളിലായിരുന്നു സേലം ബിഷപ്പിന്റെ നിയമനപ്രഖ്യാപനം വന്നത്.

ദളിത് ക്രൈസ്തവര്‍ ഏറെയുള്ള രൂപതയില്‍ ദളിത് അല്ലാത്ത ഒരു മെത്രാന്റെ നിയമനം ദളിത് ക്രൈസ്തവസമൂഹത്തെ നിരാശപ്പെടുത്തിയിരുന്നു. ന്യൂണ്‍്‌ഷ്യോയ്ക്ക് തങ്ങളുടെ സാഹചര്യം മനസ്സിലാകുമെന്നും അതനുസരിച്ച് ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും കത്ത് പ്രത്യാശ പ്രകടിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.