ഏണെസ്റ്റ് ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ ഐക്യനാടുകളിലെ മിസൂറി സ്റ്റേറ്റില്‍ ഒക്ടോബര്‍ അഞ്ചിന് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏണെസ്റ്റ് ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ഏറ്റവും നിന്ദ്യനായ കുറ്റവാളിയുടെ പോലും മനുഷ്യാന്തസ് ഞാന്‍ നിഷേധിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരുടെയും മാനവ ഔന്നത്യം തള്ളിക്കളയുകയില്ല എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാടുകളിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫ് പിയെര്‍ മിസൂറി ഗവര്‍ണര്‍ മൈക്കിള്‍ പാര്‍സനാണ് മാര്‍പാപ്പയുടെ പേരില്‍ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ജോണ്‍സണ്‍ ചെയ്ത കുറ്റമോ മറ്റ് സാഹചര്യങ്ങളോ അല്ല അദ്ദേഹത്തിന്റെ മാനവികതയും മനുഷ്യജീവന്റെ പവിത്രതയും മാത്രമാണ് ഈ അഭ്യര്‍ത്ഥനയുടെ മാനദണ്ഡമെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കുന്നു. ജീവന്‌റെ ഉത്ഭവനിമിഷം മുതല്‍ അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥവരെയുള്ള എല്ലാ ഘട്ടത്തിലും മനുഷ്യാന്തസിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ മിസൗറി സംസ്ഥാനം കാണിച്ചിട്ടുള്ള ധൈര്യത്തെയും കത്തില്‍ ആര്‍ച്ച് ബിഷപ് പ്രശംസിക്കുന്നുണ്ട്. വധശിക്ഷ വിധിക്കാന്‍ കാരണമായ കുറ്റകൃത്യം നടന്നത് 1994 ലാണ്. ഒരു കവര്‍ച്ചാ ശ്രമത്തിനിടയില്‍ മൂന്നുപേരെയാണ് ഏണസ്റ്റ് കൊന്നത്.

കോവിഡ് 19 നെ തുടര്‍ന്ന് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും വധശിക്ഷ താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.