പ്രവൃത്തികള്‍ കൊണ്ട് സുവിശേഷം പ്രസംഗിക്കുക: ഡോ. ജോണ്‍ ഡി.

സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദം എത്ര മനോഹരം (റോമ 10: 15 ) എന്ന് നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. സുവിശേഷം പ്രസംഗിക്കുന്നവരുടെ നാവ് എത്രമനോഹരം എന്നല്ലേ എഴുതേണ്ടിയിരുന്നത്? ഞാനാണ് അതെഴുന്നതെങ്കില്‍ അങ്ങനെയേ വരുമായിരുന്നുളളൂ.

പക്ഷേ പരിശുദ്ധാത്മാവ് എഴുതിയപ്പോള്‍ എഴുതിയത് തിരിച്ചാണ്. സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം.! സ്വര്‍ഗ്ഗത്തിലെ ദൈവം നോക്കുന്നത് ഒരു വ്യക്തി പറയുന്ന വാക്കുകളല്ല ആ വ്യക്തിയുടെ പ്രസംഗമല്ല, നടപ്പാണ്. ദൈവത്തിന്റെ കൈയ്ക്ക് പിടിച്ച്, ദൈവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഒരു വ്യക്തി നടക്കുമ്പോള്‍, ആ നടപ്പിനെയാണ് സംസാരത്തെക്കാള്‍ അധികമായി ദൈവം ശ്രദ്ധിക്കുന്നത്.

അങ്ങനെ ദൈവത്തോടൊത്ത് നടക്കുന്ന സുന്ദരമായ പാദങ്ങളുള്ള വ്യക്തികള്‍ക്ക് മാത്രമേ ഈ ലോകത്തെ യേശുവിന് വേണ്ടി നേടാന്‍ സാധിക്കൂ. മധ്യസ്ഥപ്രാര്‍ത്ഥന സഹായത്തിനായി ഒരാളുപോലും ഇല്ലാതിരുന്ന ഒരു മനുഷ്യന്‍ ഒരു രാജ്യത്തെ പിടിച്ചുകുലുക്കിക്കളഞ്ഞ സംഭവം കത്തോലിക്കാസഭയ്ക്കുണ്ട്. അത് വിശുദ്ധ ജോണ്‍ മരിയ വിയാനിയാണ്.

നമ്മെപ്പോലെ സ്തുതിപ്പും കയ്യടിയും ഇല്ലാത്ത,കരിസ്മാറ്റിക്കും അല്ലാത്ത ലിറ്റര്‍ജിക്കല്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന ഒരു സാധാ ഇടവക വൈദികനായിരുന്നു അദ്ദേഹം. കൂടെ ആരും ഇല്ലാതിരുന്നിട്ടും ഫ്രാന്‍സ് എന്ന രാജ്യത്തെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പിടിച്ചുകുലുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുവഴി ലക്ഷക്കണക്കിന് ആളുകള്‍ യഥാര്‍ത്ഥമായ മാനസാന്തരത്തിലേക്ക് വരികയും ചെയ്തു.

നിങ്ങളൊരു ഒറ്റ മനുഷ്യന്‍ കാരണം ഫ്രാന്‍സിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ ശരീരം ചുട്ടുപൊളളുന്നുവെന്ന് സാത്താന്‍ മരിയവിയാനിയോട് പറയുകയും ചെയ്തിട്ടുണ്ട്. നിങ്ങളെപോലെ മൂന്നുപേരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഭൂമി എന്ന ഗ്രഹം തന്നെ വിട്ട് ഞങ്ങള്‍ വേറെ വല്ലയിടത്തേക്കും പോകുമായിരുന്നുവെന്നും സാത്താന്‍ പറയുന്നുണ്ട്. എന്നെ ഏറ്റവും അധികം സ്വാധീനിച്ച മനുഷ്യനും ജോണ്‍ മരിയ വിയാനിയാണ്. അതിന്റെ താക്കോലാണ് ഈ തിരുവചനം. സുവിശേഷംപ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം.

ഇന്ന് സഭയില്‍ സുന്ദരമായ നാവുള്ള അനേകം സുവിശേഷപ്രഘോഷകരുണ്ട്. മനോഹരമായ ഭാഷ പ്രയോഗിക്കുന്നവര്‍..പാണ്ഡിത്യം ഉളളവര്‍.. ഇതെല്ലാം നല്ലതാണ്.പക്ഷേ സുന്ദരമായ പാദങ്ങള്‍ ഉള്ളവര്‍ എത്രപേരുണ്ട് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.

ഫ്രാന്‍സിസ് അസ്സീസിയുടെ ആശ്രമത്തില്‍ 21 ദിവസത്തെ ഉപവാസം നടക്കുകയാണ്. എട്ടാം ദിവസം ആശ്രമത്തില്‍ വലിയൊരു കരച്ചില്‍ കേട്ടു. ഒരു ബ്രദര്‍ വയറ് പൊത്തിപിടിച്ച് ഉറക്കെകരയുകയാണ്. എനിക്ക് വിശക്കുന്നേ വയറ് പൊട്ടിപ്പോകുന്നേ എന്നു പറഞ്ഞ്.

ഫ്രാന്‍സിസ് ആ ബ്രദറിനെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഉണക്കറൊട്ടി വിളമ്പിക്കൊടുത്തു. മാത്രമല്ല മറ്റൊരു പാത്രത്തില്‍ ഉണക്ക റൊട്ടിയെടുത്ത് ഫ്രാന്‍സിസും കഴിക്കാനാരംഭിച്ചു. ഇതു കണ്ട ആ ബ്രദറിന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍പ്രവാഹം ഉണ്ടായി. റൊട്ടി കഴിക്കാന്‍കിട്ടിയതുകൊണ്ടായിരുന്നില്ല അത്, മറിച്ച് തനിക്കുവേണ്ടിയാണ് ഫ്രാന്‍സിസ് ഉപവാസം ഉപേക്ഷിച്ചതെന്നും തന്നെ ചെറുതാക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും മനസ്സിലാക്കിയതുകൊണ്ടാണ് ബ്രദര്‍ കരഞ്ഞത്.

പതിനായിരം പ്രസംഗങ്ങളെക്കാള്‍ ശക്തിയുള്ള ദൈവസ്‌നേഹത്തിന്റെ ഈ പ്രവൃത്തി ആ ബ്രദറിനെ തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വിശുദ്ധിനിറഞ്ഞു. പതിനായിരം പ്രസംഗങ്ങള്‍ക്ക കൊടുക്കാന്‍കഴിയാത്തത് ദൈവത്തോടൊപ്പം നടക്കുന്ന വ്യക്തിയുടെ തീരെ ചെറിയ പ്രവൃത്തികൊണ്ടുപോലും സാധിക്കും. ജീവിതം വാക്കുകളെക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. നമ്മുടെ പ്രസംഗം ജീവിതത്തെക്കാള്‍ ഉച്ചത്തിലായിപ്പോകുന്നതുകൊണ്ടാണ് ലോകം മാനസാന്തരപ്പെടാത്തത്.

ലോകം ചോദിക്കുകയാണ് ഈ നൂറ്റാണ്ടിലെ ജോണ്‍ മരിയ വിയാനിയുംഅമ്മത്രേസ്യായും എവിടെ? ഈ നുറ്റാണ്ടിലെ മദര്‍തെരേസയും അല്‍ഫോന്‍സാമ്മയും എവിടെ? വിന്‍സെന്റ് ഫെറര്‍ എവിടെ/ ഈ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടത് നിങ്ങളും ഞാനുമാണ്.അവനില്‍ വസിക്കേണ്ടതിന് അവന്‍ നടന്ന അതേവഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നുവെന്നാണ് വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നത്.

അങ്ങനെ നടക്കുന്ന വ്യക്തി മറ്റൊരു ക്രിസ്തുവായിത്തീരുന്നു. അവര്‍ക്ക് സെലിബ്രിറ്റികളെയും ഭരണാധികാരികളെയും രാജാക്കന്മാരെയും നിരീശ്വരവാദികളെയും മാനസാന്തരപ്പെടുത്താനുള്ള അതിശക്തമായ കഴിവ് ദൈവം കൊടുക്കും.

ദൈവരാജ്യമെന്നാല്‍ പ്രസംഗമല്ലവാക്കുകളല്ല ശക്തിയാണെന്ന് പൗലോസ് ശ്ലീഹാ പറയുന്നു. ഇങ്ങനെ ദൈവത്തോടൊത്ത് നടക്കുന്ന സുന്ദരമായ പാദങ്ങളുള്ളവരായി നാം മാറുമ്പോള്‍ അഭിഷേകമുള്ളവരായി ദൈവം നമ്മെ മാറ്റും. ലോകത്തെ ദൈവത്തിന് വേണ്ടി നേടുന്നവരായി നമ്മെ മാറ്റും. അങ്ങനെയുള്ളവരായി മാറാന്‍ എന്നെയും നിങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.