ഇതല്ലേ യഥാര്‍ത്ഥ ദൈവസ്‌നേഹം?

ദൈവസ്‌നേഹം പ്രചരിപ്പിക്കാനും ദൈവരാജ്യം സ്ഥാപിക്കാനുമായിട്ടാണ് ഓരോ ക്രൈസ്തവശുശ്രൂഷകളും ആരംഭിച്ചിരിക്കുന്നത്. വിവിധ രീതിയിലായിരിക്കും ഓരോ മിനിസ്ട്രികളും പ്രവര്‍ത്തിക്കുന്നത്.

ചിലര്‍ക്ക് അക്ഷരങ്ങളിലൂടെ ദൈവികസന്ദേശം പ്രചരിപ്പിക്കാനുള്ള അഭിഷേകമായിരിക്കാം ദൈവം നല്കുന്നത്. മറ്റ് ചിലര്‍ക്ക് ദൈവജനത്തോട് നേരിട്ട് വചനം പ്രഘോഷിക്കാനുള്ള കൃപയായിരിക്കും നല്കുന്നത്. ശുശ്രൂഷകളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ആത്മാവ് ഒന്നുതന്നെയാണെന്ന് നാം സുവിശേഷത്തില്‍ നിന്ന് മനസ്സിലാക്കുന്നുമുണ്ട്.

ഇങ്ങനെ ഓരോ ശുശ്രൂഷകളും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന കൃപകളുമായി മുന്നോട്ടുപോകുമ്പോഴും തങ്ങളെ പോലെ ശുശ്രൂഷ നിര്‍വഹിക്കുന്ന മറ്റൊരു മിനിസ്ട്രി തങ്ങളെക്കാള്‍ മുമ്പന്തിയിലാണെന്ന തോന്നലുണ്ടാകുമ്പോഴോ അതിനോട് ദൈവാരൂപിക്ക് വിരുദ്ധമായ മനോഭാവം ഉണ്ടാകുമ്പോഴോ അതിനെ തകര്‍ക്കാനും അതിനോട് മത്സരിക്കാനുമുള്ള പ്രവണതയും കണ്ടുവരാറുണ്ട്. വളരെ വേദനാകരമായ ഒരുമനോഭാവമാണ് ഇത്. ക്രൈസ്തവിരുദ്ധവും.

എന്തിനാണ് ഇത്രയുമെഴുതിയതെന്ന സംശയം വായനക്കാര്‍ക്ക് തോന്നിയേക്കാം. പറയാം, ദൈവസ്‌നേഹം എന്ന ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച് പറയാനാണ് ഇത്രയുമെഴുതിയത്.

1,82,000 അംഗങ്ങളുള്ള ഒരു വലിയ കുടുംബമാണ് ഫേസ്ബുക്കിലെ ദൈവസ്‌നേഹം എന്ന ഗ്രൂപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടാണ് ഇത്രയും വലിയൊരു മുന്നേറ്റം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ദൈവസ്‌നേഹം എന്ന ആദ്യഗ്രൂപ്പിന്റെ അതേ ലോഗോയും പേരും ഉപയോഗിച്ച് ഒരു പുതിയ ഗ്രൂപ്പ് ഫേസ്ബുക്കില്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രഥമ ദൈവസ്‌നേഹത്തിന്റെ അഡ്മിന്‍ എഴുതിയ ഒരു കുറിപ്പ് ഏറെ പ്രശംസിക്കപ്പെടേണ്ടതായി തോന്നി. അദ്ദേഹം എഴുതിയ വരികള്‍ ഇങ്ങനെയാണ്.

ഇപ്പോഴാണ് ദൈവസ്‌നേഹം എന്ന പേരില്‍ തന്നെ നമ്മുടെ ഗ്രൂപ്പിന്റെ ഫോട്ടോയും ടാഗ് ലൈനും എല്ലാം അതേപടി പകര്‍ത്തി പുതിയ ഒരു ഗ്രൂപ്പ് ഫേസ്ബുക്കില്‍ തുടങ്ങിയതായി കാണുന്നത്. ഈ പറഞ്ഞ ഗ്രൂപ്പുമായി നമ്മുടെ ഈ ദൈവസ്‌നേഹം ഗ്രൂപ്പിനോ അഡ്മിന്‍മാര്‍ക്കോ യാതൊരുവിധ ബന്ധവും ഇല്ലെന്ന് അറിയിക്കുന്നു…..

പുതിയ ദൈവവചനം ഗ്രൂപ്പിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടും ഗ്രൂപ്പ് നന്നായി നടത്തിക്കൊണ്ട് പോകുവാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല ഒറിജിനല്‍ ദൈവസ്‌നേഹം ഗ്രൂപ്പ് മനസ്സിലാക്കുന്നതിനായി ഫോട്ടോ മാറ്റിയിട്ടുണ്ട് എന്നും അറിയിച്ചിരിക്കുന്നു.

സത്യത്തില്‍ ഇത് ദൈവസ്‌നേഹമല്ലേ? അല്ലെങ്കില്‍ ഇതല്ലേ ദൈവസ്‌നേഹം? സാധാരണയായി നാം കണ്ടുവരുന്നത് ഒരേ പേരില്‍ രണ്ടു പേജുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുമ്പോള്‍ അതിന്റെ പേരില്‍ തമ്മിലടിക്കുന്ന അഡ്മിന്‍മാരെയാണ്. അവിടെയാണ് സ്വയം പുറകോട്ട് മാറി മറ്റേ ഗ്രൂപ്പിനെ വളര്‍ത്താന്‍ സുഹൃത്തുക്കളും ദൈവസ്‌നേഹത്തിന്‌റെ അഡ്മിന്‍മാരുമായ അഭിലാഷ് റൂസ് വെല്‍റ്റും ലിസി മാത്യുവും തയ്യാറായിരിക്കുന്നത്.

ദൈവസ്‌നേഹം എന്ന ഗ്രൂപ്പ് 2015 ല്‍ ക്രിയേറ്റ് ചെയ്തത് ഇവരാണ്. അഭിലാഷ് അയര്‍ലണ്ടിലും ലിസിബഹറിനിലുമാണ്. വിവിധ ക്രൈസ്തവസഭാവിഭാഗങ്ങളുടെയെല്ലാം പങ്കാളിത്തമുള്ള ഒരു ഗ്രൂപ്പാണ് ഇത്. ദൈവസ്‌നേഹം പ്രസരിപ്പിക്കുക എന്നതു മാത്രമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. അതുകൊണ്ട് കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരും എല്ലാംഈ ഗ്രൂപ്പിലുണ്ടാവാം.

പേരില്‍ മാത്രമല്ല പ്രവൃത്തിയിലും ദൈവസ്‌നേഹമുണ്ടെന്ന് തെളിയിച്ചിരിക്കുന്ന അഭിലാഷിനും ലിസിക്കും അഭിനന്ദനങ്ങള്‍. ദൈവശുശ്രൂഷകരെന്ന പേരില്‍ അറിയപ്പെടുകയും ശുശ്രൂഷകള്‍ എന്ന പേരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുമ്പോഴും പലപ്പോഴും മത്സരിക്കുകയും മറ്റു ഗ്രൂപ്പിന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെടുകയും അതിനെ തകര്‍ക്കാനും അപവാദം പ്രചരിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുന്നവരെല്ലാം ഈ യഥാര്‍ത്ഥ ദൈവസ്‌നേഹത്തെ മാതൃകയാക്കട്ടെ.

നമുക്ക് ആരോടും മത്സരം വേണ്ടെന്നേ..മത്സരം വിഭാഗീയത സൃഷ്ടിക്കുന്നു. പകയുണ്ടാക്കുന്നു. അസൂയ ജനിപ്പിക്കുന്നു.

ദൈവത്തെ കൂടുതല്‍ സ്‌നേഹിക്കുന്ന കാര്യത്തില്‍ മാത്രം നമുക്ക് മത്സരിക്കാം. ശുശ്രൂഷകളുടെ വലുപ്പവും മഹത്വവും ദൈവമല്ലേ നിശ്ചയിക്കുന്നത്. ഭൂമിയിലുള്ള സകലരും നമ്മുടെ ശുശ്രൂഷകളെ പ്രതി പ്രശംസിച്ചാലും സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന് അതൊന്നും സന്തോഷം നല്കുന്നില്ലെങ്കില്‍, ദൈവം നമ്മുടെ ചെയ്തികളില്‍ സന്തോഷിക്കുന്നില്ലെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം?ദൈവസ്നേഹം ഫേസ്ബുക് പേജിൽ join ചെയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://www.facebook.com/groups/1614585778774286/?epa=SEARCH_BOXമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.