കരുണാമയനായ കര്‍ത്താവിന്റെ തിരുനാള്‍ ദിനത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം; അറിയാം ഇക്കാര്യങ്ങള്‍

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കരുണാമയനായ കര്‍ത്താവിന്റെ തിരുനാള്‍ അഥവാ കരുണയുടെ തിരുനാള്‍. ഈ ദിവസം പൂര്‍ണ്ണ ദണ്ഡവിമോചനം നല്കി അനുഗ്രഹം പ്രാപിക്കാവുന്നതാണ്. കര്‍ത്താവ് തന്നെ വിശുദ്ധ ഫൗസ്റ്റീനയെ അറിയിച്ചതാണ് ഇക്കാര്യം.

അന്നേ ദിവസം യോഗ്യതയോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. പാപവും പാപത്തിന്റെ പരിണതഫലങ്ങളും കറകളും ഇതിലൂടെ കര്‍ത്താവ് കഴുകിക്കളയുകയും നമ്മെ വീണ്ടെടുക്കുകയും ചെയ്യും. മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദത്തിലൂടെ പുതിയൊരു ജീവിതം നയിക്കാന്‍ നമുക്ക് പിന്നീട് സാധിക്കും. എത്രവര്‍ഷം പഴക്കമുള്ള പാപമാണെങ്കിലും പൂര്‍ണ്ണദണ്ഡവിമോചനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും മായ്ക്കപ്പെടും. ഈ ദിവസം പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കാന്‍ നാം പ്രാര്‍ത്ഥിച്ചൊരുങ്ങണം.

അതിന് ഒന്നാമതായി ഒമ്പതുദിവസത്തെ കരുണയുടെ നൊവേന ചൊല്ലി നാം പ്രാര്‍ത്ഥിച്ചൊരുങ്ങണം.ഈ നൊവേന ദു:ഖവെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. അതിന്റെ പുറമെ കരുണക്കൊന്തയും ചൊല്ലി പ്രാര്‍ത്ഥിക്കുക. പൂര്‍ണ്ണദണ്ഡവിമോചനത്തിന് വേണ്ടിയുള്ള ഒരുക്കത്തിന് സഹായിക്കുന്നവയാണ് ഈ രണ്ടുപ്രാര്‍ത്ഥനകളും.

അതുപോലെ ഈ ദിവസങ്ങളില്‍ നാം നല്ല ഒരു കുമ്പസാരം നടത്തണം. നമ്മെതന്നെ വിശുദ്ധീകരിക്കണം. ഈവര്‍ഷത്തെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 ന് നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും യോഗ്യതയോടെ വിശുദ്ധകുര്‍ബാന സ്വീകരിക്കുകയും ചെയ്യണം. അതിന് ശേഷം അതേ ദിവ്യബലിയില്‍ മാര്‍പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടി ഒരു വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.