ജനാഭിമുഖ കുര്‍ബാന തുടരാന്‍ വൈദികരുടെ നിവേദനം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വര്‍ഷത്തിലേറെയായി അര്‍പ്പിച്ചുവരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്കും പൗരസ്ത്യതിരുസംഘത്തിനും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സീറോ മലബാര്‍ സിനഡ് പിതാക്കന്മാര്‍ക്കും 466 വൈദികര്‍ ഒപ്പിട്ട നിവേദനം അയച്ചു.

2021 ജൂലൈ മൂന്നാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് എഴുതിയകത്തില്‍ മെത്രാന്മാരോട് ദൈവജനത്തിനോടൊപ്പം നടക്കാനും ഐകരൂപ്യത്തിനേക്കാള്‍ ഐക്യത്തിനു പ്രാധാന്യം കൊടുക്കാനും പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ ഉള്‍ക്കൊണ്ട് സിനഡ് പിതാക്കന്മാര്‍ സഭയില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്നാണ് നിവേദനത്തിലെ പ്രധാന ഉള്ളടക്കം. അതിരൂപത വൈദിക സമ്മേളനവും പാസ്റ്ററല്‍ കൗണ്‍സിലും ആലോചനാസമിതിയും ലിറ്റര്‍ജി കമ്മറ്റിയും അംഗീകരിച്ച നിവേദനമാണ് റോമിലേക്ക അയച്ചത്. കഴിഞ്ഞ 50 വര്‍ഷങ്ങളായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ സജീവവും ഫലപ്രദവുമായ രീതിയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചുവരുന്ന രൂപതകളില്‍ അതിന് പകരം മറ്റ് രീതികള്‍ അടിച്ചേല്പിക്കുന്നത് മാര്‍പാപ്പയുടെ കത്തിന്റെ ചൈതന്യത്തിന് വിരുദ്ധമായിരിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.

1999 ലെ സിനഡില്‍ പങ്കെടുത്ത ആറു മെത്രാന്മാര്‍ മാത്രമാണ് ഇന്ന് രൂപതകളില്‍ സജീവമായി രംഗത്തുള്ളൂവെന്നതും ഇപ്പോഴത്തെ സിനഡിലെ 39 മെത്രാന്മാര്‍ 1999 ന് ശേഷം സിനഡില്‍ അംഗങ്ങളായവരാണെന്നുമുള്ള കാര്യം ഗൗരവമായി എടുക്കേണ്ടതാണെന്നും നിവേദനം ഓര്‍മ്മിപ്പിക്കുന്നു.

ഇപ്പോള്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചുവരുന്ന മറ്റ് രൂപതകളില്‍ നിന്നും സമാനമായ നിവേദനങ്ങള്‍ വൈദികരും അല്മായരും സിനഡിന് അയച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.