തോറ്റുകൊടുത്ത് ജയിക്കുന്നവർ


യേശു ഗലീലിയിലേക്കു പിൻവാങ്ങി” (മത്താ 4:12)

ക്രിക്കറ്റ് കളിക്കളത്തിൽ കളിമികവുകൊണ്ടും മാന്യതകൊണ്ടും അസംഖ്യം ആരാധകരെ സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് സച്ചിൻ തെണ്ടുൽക്കർ. ഇരുപത്തിനാലു വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഒരിക്കൽ പോലും ഒരുതരത്തിലുമുള്ള വിവാദങ്ങളിൽ ഉൾപ്പെടാത്ത കുലീന വ്യക്തിത്വം. റിക്കോർഡുകളുടെയും താരപ്രഭയുടെയും ഉച്ചകോടിയിൽ നിൽക്കുമ്പോഴും തലക്കനം ലവലേശമില്ലാത്ത പക്വമാർന്ന പെരുമാറ്റത്തിന് ഉടമ. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പണവും മാത്രമല്ല, സ്റ്റേഡിയത്തിനുപുറത്തു പാവപ്പെട്ടവരെ സഹായിക്കാൻ നടത്തുന്ന കണക്കില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങളും, യുവാക്കളെ വഴിതെറ്റിക്കാൻ ഇടയാകുമെന്നതിനാൽ ഭീമമായ പ്രതിഫലം വേണ്ടന്ന് വച്ച് മദ്യക്കമ്പനികളുടെ പരസ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ധാർമ്മികബോധവും വഴിവക്കിലെ കുട്ടികളുടെ കൂടെ ‘സ്ട്രീറ്റ് ക്രിക്കറ്റ്’ കളിക്കാൻ മടിയില്ലാത്ത എളിയ (വലിയ) മനസ്സുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

തോറ്റുകൊടുക്കാൻ മത്സരിച്ച സഹോദരസ്നേഹത്തിൻറെ കഥപറഞ്ഞുകൊണ്ട് സച്ചിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ക്രിക്കറ്റ് കളിക്കളത്തിൽ ആദ്യമായി ‘തോൽക്കാൻ ആഗ്രഹിച്ച’ പഴയ കഥയുടെ കെട്ടഴിച്ചതു ബാന്ദ്രയിലെ എം ഐ ജി ക്രിക്കറ്റ് ക്ലബ്ബിൽ തൻ്റെ പേരിലുള്ള പുതിയ പവലിയൻ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴായിരുന്നു. സച്ചിനും അദ്ദേഹത്തിന്റെ സഹോദരൻ അജിത്തും നേർക്കുനേർവന്ന എം ഐ ജി ക്രിക്കറ്റ് ടൂർമമെന്റിൽ രണ്ടുപേരും പരസ്പരം ‘ഉഴപ്പിക്കളിച്ചു’, സഹോദരനെയും അവന്റെ ടീമിനെയും ജയിപ്പിക്കാൻ! 

ഈ സംഭവം സച്ചിന്റെ വാക്കുകളിൽ ഇങ്ങനെ: “ജയിക്കാനല്ല അജിത് ബൗൾ ചെയ്തത്, ജയിക്കാനല്ല ഞാൻ ബാറ്റു ചെയ്തതും. എൻ്റെ ഉഴപ്പു കണ്ടപ്പോൾ അജിത് കടുപ്പിച്ചു എന്റെ നേരെ നോക്കി. ചേട്ടൻ പറയുമ്പോൾ അനുസരിക്കാതെ പറ്റില്ലല്ലോ. ഞാൻ ജയിച്ചു, പക്ഷേ, ജയിച്ചില്ല. അജിത് തോറ്റതുമില്ല. ഞാൻ സെമിയിലെത്തി.” സച്ചിൻറെ ക്രിക്കറ്റ് ജീവിതത്തിൽ, അദ്ദേഹത്തിന്റെ ആദ്യ പരിശീലകൻ രമാകാന്ത് അഞ്ചരേക്കർ കഴിഞ്ഞാൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി സഹോദരൻ അജിത്താണ്. 

തോൽക്കാനും വിട്ടുകൊടുക്കാനും ക്ഷമിക്കാനും പറ്റാത്തവരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും മത്സരങ്ങളാണെന്നും മത്സരങ്ങളെല്ലാം ജയിക്കാൻ മാത്രമുള്ളതാണെന്നും നാം ധരിച്ചുവച്ചിരിക്കുന്നു. മത്സരിക്കേണ്ടത് ആരോടാണെന്നു നോക്കേണ്ട കാര്യമില്ല, എങ്ങനെയും ജയിക്കുക മാത്രമാണ് പ്രധാനമെന്ന് കുട്ടികൾ പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും ജയിച്ചേ വരാവൂ എന്ന് കുട്ടികളോട് ശഠിക്കുന്ന മാതാപിതാക്കൾ അവരോടു വലിയ ദ്രോഹമാണ് ചെയ്യുന്നത്. ജയിക്കാൻ മാത്രമല്ല തോൽക്കാനും പങ്കുവയ്ക്കാനും നമ്മുടെ മനസ്സിനെയും ഇളം തലമുറയെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. 

തോൽക്കുന്ന കാര്യത്തെക്കുറിച്ചു ഒരിക്കൽ പോലും ചിന്തിക്കാത്തവർ, എവിടെയെങ്കിലും തോറ്റുകഴിയുമ്പോൾ  ജീവിതം കൈവിട്ടുപോയി എന്ന് പോലും ചിന്തിച്ചുപോകും. ഓസ്‌ട്രേലിയയുടെ നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് ഒരാൾ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ,  മുൻപ് ഏതെങ്കിലും മത്സരങ്ങളിൽ തോറ്റവരായിരിക്കണം എന്ന് നിബന്ധനയുണ്ട്. തോറ്റതിനുശേഷവും തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കി തിരിച്ചു വന്നവർക്കേ, ഒരു അന്താരാഷ്‌ട്ര മത്സരത്തിലെ സമ്മർദ്ദവും കളിക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ഉൾക്കൊണ്ട് മുന്നോട്ടുപോകാനാകൂ എന്നതുകൊണ്ടാണത്. 

മറ്റൊരാളെ പരാജയപ്പെടുത്തിയാൽ മാത്രമേ എനിക്ക് ജയിക്കാനാകൂ എന്നുള്ള ചിന്ത മാറണം. കൂടെയുള്ളവരെയും ജയിപ്പിച്ചുകൊണ്ടു നമ്മൾ ജയിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങണം. ഏതാനും വർഷങ്ങൾക്കു മുൻപ് ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ വനിതകളുടെ അയ്യായിരം മീറ്റർ ഓട്ടമത്സരത്തിൽ ന്യൂസിലൻഡിന്റെ നിക്കി ഹാമ്പിലിനെ തട്ടി അമേരിക്കയുടെ അബെ അഗസ്റ്റിനോ ട്രാക്കിൽ വീണു. അത് കണ്ടിട്ടും തുടർന്ന് ഓടിയ മറ്റു താരങ്ങളെപ്പോലെയാകാതെ, നിക്കി, തന്റെ സഹ മത്സരാർഥിയുടെ അടുത്തുചെന്നു പിടിച്ചെഴുന്നേല്പിച്ചു രണ്ടുപേരും കൈ കോർത്തുപിടിച്ചു ഒരുമിച്ച് ഓടി ഓട്ടം പൂർത്തിയാക്കി. മത്സരഫലത്തിൽ തോറ്റങ്കിലും അവസാനമായി ഫിനിഷ് ചെയ്ത ഇവർ രണ്ടുപേരെയും കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചു ആദരിച്ചു. 

ചെറിയ ചെറിയ വിജയങ്ങൾക്കുവേണ്ടി അനാവശ്യ മത്സരങ്ങളുടെ രംഗങ്ങൾ ഒരുങ്ങുമ്പോൾ, കുടുംബബന്ധങ്ങളും സഹോദരബന്ധങ്ങളും സുഹൃത്ബന്ധങ്ങളുമൊക്കെ നഷ്ടമാകുന്നു. ‘ഓരോരുത്തർക്കും ഏതാണ് വലുത്’ എന്നതാണ് ആത്യന്തികമായ ചോദ്യം: ദീർഘകാലം നിലനിൽക്കേണ്ട ഈ ബന്ധങ്ങളുടെ ഇഴയടുപ്പമോ അതോ, എന്റെ വ്യക്‌തിപരമായ ഒരു ഇഷ്ടത്തിന്റെ വിജയമോ? സ്വന്തം ഇഷ്ടങ്ങളുടെ പുറകെ മാത്രം പോകുമ്പോൾ, മറുവശത്തു അത് വരുത്തിവയ്ക്കുന്ന നികത്താനാവാത്ത നഷ്ടങ്ങളെ എന്തേ, നാം കാര്യമായി ഗണിക്കുന്നില്ല?

താഴ്ന്നു കൊടുക്കുന്നതും തോറ്റുകൊടുക്കുന്നതും, മറ്റുള്ളവരെ ഉയരാൻ അനുവദിക്കുന്നതും വലിയമനസ്സുള്ളവർക്കു മാത്രം മനസ്സിലാകുന്ന വിജയങ്ങളാണ്. വടം വലിച്ചു പുറകോട്ടുപോകുന്നവർ ജയിക്കുന്ന കളിയുടെ പാഠം പ്രസക്തമാണ്. നോക്കി നിൽക്കുന്നവരുടെ മുൻപിൽ അവർ പുറകോട്ടാണ് പോകുന്നത്. എങ്കിലും അതാണ് യഥാർത്ഥ ജയം എന്ന് നമുക്കറിയാം. തുലാസിൽ രണ്ടു തട്ടുകളിലായി തൂക്കിനോക്കുമ്പോൾ ഒരുഭാഗം താഴ്ന്നു പോകും. കാഴ്ചയിൽ അത് താഴ്ന്നു കൊടുക്കുന്നെങ്കിലും മറുവശത്തെ തട്ടി ഉയരുന്നങ്കിലും താഴ്ന്ന തട്ടിയാണ് കൂടുതൽ വിലയുള്ളത് എന്നത് പ്രായോഗിക ജീവിതത്തിലെ ചിരപരിചിത സത്യം. 

താഴ്ന്നു കൊടുക്കുന്നതിലും പിന്മാറുന്നതിലും തോറ്റുകൊടുക്കുന്നതിലും ക്ഷമിക്കുന്നതിലും മറ്റുള്ളവരെ ജയിപ്പിക്കുന്നതിലും, കാണപ്പെടാത്ത ഒരു വലിയ വിജയമുണ്ടന്നു മനസ്സിലാക്കാം. “ത്യാഗമെന്നതേ നേട്ടം, താഴ്മാതാനഭ്യുന്നതി” എന്ന കവിവചനം മനസ്സിൽ നിൽക്കട്ടെ. ചെറിയ തോൽവികൊണ്ട് വലിയ ബന്ധങ്ങളും സ്നേഹവും എന്നും നിലനിൽക്കട്ടെ. തോറ്റുകൊടുക്കുന്നതിലും മറ്റുള്ളവരെ ജയിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന സുമനസ്സുകൾ ഈ കാലത്തു കൂടുതൽ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ, അനുഗ്രഹം നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു.

സ്നേഹപൂർവ്വം,

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.