മറിയത്തിന് ഭാരങ്ങള്‍ കൊടുക്കൂ, സുഖമായി ഉറങ്ങൂ


സുഖമായി ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ പലരുടെയും ഉറക്കം കെടുത്തുന്നത് പലവിധ ചിന്തകളാണ്. ആകുലതകളും ഉത്കണ്ഠകളുമാണ്.

ഓരോ ദിവസത്തിനും അതിന്റേതായ ഉത്കണ്ഠകളും ആകുലതകളും മതിയെങ്കിലും നമ്മളില്‍ പലരും അതാതു ദിവസത്തെ ഭാരങ്ങള്‍ ഇറക്കിവയ്ക്കാതെയും അത് അടുത്ത ദിവസവും ചുമന്നും മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്.

ഇത് ശരിയല്ല. കാരണം സ്വര്‍ഗ്ഗത്തില്‍ നമുക്കൊരു അമ്മയുണ്ട്. അമ്മയുടെ അടുക്കല്‍ എത്തിക്കുന്ന ഒരു ഭാരവും നമുക്ക് പിന്നീട് ചുമക്കേണ്ടതായി വരുന്നില്ല. സുഖകരമായ ഉറക്കത്തിനും സമാധാനപൂര്‍വ്വമായ ദിവസങ്ങള്‍ക്കും നാം നമ്മെ തന്നെ പൂര്‍ണ്ണമായും കന്യാമറിയത്തിന് സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട് ഓരോ ദിവസവും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി നാം കിടക്കയിലിരുന്ന് നമ്മുടെ ഉത്കണ്ഠകളും പ്രയാസങ്ങളും സങ്കടങ്ങളും മാതാവിന് കൊടുക്കണം. മാതാവ് അത് ഈശോയ്ക്ക് നല്കി നമ്മെ സ്വസ്ഥരാക്കും.

ഇതാ കിടക്കാന്‍ പോകുന്നതിന് മുമ്പായി മാതാവിന് ഭാരങ്ങള്‍ നല്കി പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥന:

ഓ പരിശുദ്ധ കന്യകേ, കരുണയുള്ള മാതാവേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാലും. ഈ രാത്രിയില്‍ എന്നെ ശല്യപ്പെടുത്തുന്ന എല്ലാവിധ തിന്മയുടെ ശക്തികളില്‍ നിന്നും എന്നെ കാത്തുസംരക്ഷിച്ചാലും. എന്റെ ഉറക്കം കെടുത്തുന്ന എല്ലാവിധ ചിന്തകളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അമ്മേ മാതാവേ വിശുദ്ധ യൗസേപ്പിനോടും സ്വര്‍ഗ്ഗത്തിലെ സകല മാലാഖവൃന്ദങ്ങളോടും പ്രത്യേകമായി എന്റെ കാവല്‍മാലാഖയോടും എന്റെ പേരിന് കാരണഭൂതനായ(യായ) വിശുദ്ധ( വിശുദ്ധ)യോടും ചേര്‍ന്ന് ഈ രാത്രിമുഴുവന്‍ എനിക്ക് കൂട്ടായിരിക്കണമേ. എന്നെ പൂര്‍ണ്ണമായും അമ്മയുടെ സംരക്ഷണത്തിനും സ്‌നേഹത്തിനുമായി സമര്‍പ്പിക്കുന്നു. അമ്മ എന്നെ എല്ലായ്‌പ്പോഴും കാത്തുസംരക്ഷിക്കണമേ.

ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.