23 മാസങ്ങള്‍ ഈ വൈദികന്‍ ചെരിപ്പ് ധരിക്കാതെ നടന്നത് എന്തിനാണെന്നറിയാമോ?

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള സെന്റ്‌മേരീസ് ചര്‍ച്ച് ദേവാലയത്തിലെ വികാരി ഫാ. അനീഷ് ആല്‍ബര്‍ട്ടിന് അള്‍ത്താരബാലിക രണ്ടു പാദരക്ഷകള്‍ നീട്ടിക്കൊടുത്തതും അദ്ദേഹം അത് ധരിക്കുന്നതും കണ്ടപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ കണ്ണുകള്‍ ഈറനായി. ഓഗസ്റ്റ് പതിനഞ്ചിന് പുതുക്കിപ്പണിത ഇടവകദേവാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നതിന് ശേഷമായിരുന്നു ചെരിപ്പ് ധരിക്കല്‍ സംഭവം നടന്നത്.

ബിഷപ് വിന്‍സെന്റ് സാമുവലാണ് ദേവാലയത്തിന്റെ വെഞ്ചിരിപ്പ് നിര്‍വഹിച്ചത്. സെന്‌റ് മേരിസ് ദേവാലയത്തിന്റെ വികാരിയായി ഫാ. അനീഷ് ചുമതലയേറ്റത് പൗരോഹിത്യസ്വീകരണത്തിന് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 91 വര്‍ഷം പഴക്കമുളള ദേവാലയമായിരുന്നു സെന്റ് മേരീസ്. ആദ്യമായി അവിടെയെത്തിയപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയിരുന്നു. പൊട്ടിപ്പൊളിഞ്ഞ ദേവാലയം. വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ പോലും അള്‍ത്താരയിലേക്ക് വീഴുന്ന മഴത്തുള്ളികള്‍. 33 ദളിത് കുടുംബങ്ങള്‍ മാത്രമാണ് ആ ഇടവകയിലുണ്ടായിരുന്നത്. 28 പേര്‍ ദിവസതൊഴിലാളികള്‍. മൂന്നു വിധവകള്‍. അവശേഷിക്കുന്ന രണ്ടുകുടുംബങ്ങള്‍ മാത്രമാണ് ഭേദപ്പെട്ട നിലയിലുള്ളത്. ദളിത് സമൂഹത്തിന് കിട്ടേണ്ടതായ യാതൊരു ആനൂകൂല്യങ്ങളും ഗവണ്‍മെന്റ് തലത്തില്‍ കിട്ടാത്തവരുമായിരുന്നു അവര്‍. വികാരിയായി ചാര്‍ജ്ജെടുത്ത ഒരു മാസത്തിനുള്ളില്‍ അച്ചന്‍ ഒരു ശപഥമെടുത്തു. ‘ഞാന്‍ ഈ ദേവാലയം പുതുക്കിപ്പണിയും. അതുവരെ ഞാന്‍ ചെരിപ്പ് ധരിക്കുകയില്ല.’ പല വൈദികരും ദേവാലയ നിര്‍മ്മാണവേളയില്‍ ത്യാഗങ്ങളെടുത്തിരുന്നു എന്ന അറിവാണ് ചെരിപ്പ് ഉപേക്ഷിക്കാന്‍ അച്ചനെ പ്രേരിപ്പിച്ചത്. എന്നാല്‍ ആ തീരുമാനം വളരെ എളുപ്പമായിരുന്നു. 23 മാസത്തിനിടയില്‍ ഒരുപാട് യാത്ര ചെയ്യേണ്ടിവന്നു. വ്യത്യസ്തമായ കാലാവസ്ഥകളെ നേരിടേണ്ടിവന്നു. അച്ചന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നവര്‍ പലരും മുന്നറിയിപ്പ് നല്കി. കാരണം തിയോളജി പഠനകാലത്ത് അച്ചന് ക്ഷയരോഗവും മെനിഞ്ചെറ്റീസും പിടികൂടിയിരുന്നു. കോമായില്‍ രണ്ടാഴ്ചയോളം കഴിച്ചൂകൂട്ടേണ്ടിയും വന്നു.

ഇപ്പോഴും മരുന്ന് തുടരുന്നുമുണ്ട്. ചികിത്സയും രോഗവും കാരണം തൂക്കം വര്‍ദ്ധിച്ച അവസഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ചെരിപ്പ് ധരിക്കാന്‍ പലരും നിര്‍ബന്ധിച്ചത്. എന്നാല്‍ അച്ചന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ല. സ്വന്തം വീട്ടുകാരില്‍ നിന്നുള്‍പ്പടെ സാമ്പത്തികസഹായം സ്വീകരിച്ചാണ് അച്ചന്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ദേവാലയത്തിന് പാരീഷ് ഹാളുണ്ട്., സാക്രിസ്റ്റിയുണ്ട് വൈദികന് മുറിയുണ്ട് ഇടവകക്കാര്‍ക്കൊപ്പം അച്ചനും സന്തുഷ്ടനാണ്.

വെഞ്ചിരിപ്പിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അച്ചനെ ഹോസ്പിറ്റലില്‍ പ്രവേശിച്ചിപ്പിച്ചിരുന്നു. അനേകരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും വഴിയാണ് ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായതെന്ന് അച്ചന്‍ നന്ദിയോടെ അനുസ്മരിക്കുന്നു.

ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തില്‍ ഇനി അനീഷച്ചന് ചെരിപ്പ് ധരിച്ചു വീണ്ടും നടന്നുതുടങ്ങാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.