കിഡ്‌നി രോഗിയായ ചെറുപ്പക്കാരന് വേണ്ടി കടവന്ത്ര വികാരിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പിരിച്ചെടുത്തത് 27.5 ലക്ഷം രൂപ

കൊച്ചി: നന്മയുടെയും പരസ്‌നേഹത്തിന്റെയും കഥകള്‍ ഒരിക്കലും അവസാനിക്കുന്നതേയില്ല. അത്തരത്തിലുള്ള ഒരു കഥയാണ് കോവിഡ് കാലത്തും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

കടവന്ത്ര പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ഒരൊറ്റ ദിവസം മൂന്നുമണിക്കൂര്‍ കൊണ്ട് പിരിച്ചെടുത്തത് 27,5 ലക്ഷം രൂപ. റിന്‍സണ്‍ എന്ന കിഡ്‌നി രോഗിയുടെ ചികിത്സാ ചെലവുകള്‍ക്കായാണ് പൊതുജനങ്ങളെ രാഷ്ട്രീയമതജാതി ഭേദങ്ങളൊന്നും നോക്കാതെ സംഘടിപ്പിച്ച് ഫാ. ബെന്നി ഇത്രയും വലിയ തുക സ്വരൂപിച്ചത്. സ്ഥലം എംഎല്‍എ രക്ഷാധികാരിയായും ഇടവകവികാരി കണ്‍വീനറുമായി 17 ലോക്കല്‍ കമ്മറ്റികള്‍ രൂപീകരിച്ചാണ് വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി തുക പിരിച്ചത്.ഓഗസ്റ്റ് 16 ന് രാവിലെ ഒമ്പതു മണി മുതല്‍ 12 മണി വരെ മാത്രമായിരുന്നു സംഭാവനകള്‍ സ്വീകരിച്ചത്.

വികാരിയുടെയും റിന്‍സണ്‍റെ പിതാവിന്റെയും കൗണ്‍സിലറുടെയും പേരിലുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. പത്തുലക്ഷം രൂപയാണ് റിന്‍സണ്‍റെ ചെലവിലേക്ക് വേണ്ടിവരുന്നത് എന്നാണ് കണക്കൂകൂട്ടിയിരിക്കുന്നത്. ബാക്കിവരുന്ന തുക അര്‍ഹതപ്പെട്ട രോഗികളുടെ ചികിത്സാചെലവുകള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം.

ഫാ. ബെന്നി മാരാംപറമ്പിലിന്റെ സഹജീവിസ്‌നേഹവും കരുതലുമാണ് കോവിഡ് കാലത്തു പോലും ഇത്രയും വലിയൊരു തുക പിരിച്ചെടുക്കാന്‍ സാധിച്ചത്. വൈദികന്‍ മുന്നിട്ടിറങ്ങിയാല്‍ ഈ ലോകത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നതിന് തെളിവൂകൂടിയാണ് ഇത്. ഇത്തരം സംഭവങ്ങളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് നമ്മുടെ വൈദികര്‍ കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലേക്കും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും ഇറങ്ങിച്ചെല്ലട്ടെ.

ഫാ. ബെന്നി മാരാംപറമ്പിലിന് മരിയന്‍ പത്രത്തിന്റെ അഭിനന്ദനങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.