ഇങ്ങനെ പോയാല്‍ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറന്നുകിട്ടും: ഫാ. ഡേവിസ് ചിറമ്മേല്‍

നിങ്ങള്‍ സ്‌നേഹിക്കുന്ന വരെ മാത്രം നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണ് ലഭിക്കുന്നത് (മത്താ 5; 46 )

വളരെ അപകടം പിടിച്ചതാണ് ഈ തിരുവചനത്തിലെ മാത്രം എന്ന പ്രയോഗം. മാത്രയും തന്മാത്രയും നല്ലതാകുമ്പോഴും മാത്രം അപകടം പിടിച്ച പ്രയോഗമാകുന്നത് എങ്ങനെയാണ്?.

ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നു. മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നു. കൂടപ്പിറപ്പുകള്‍ പരസ്പരം സനേഹിക്കുന്നു. ഒക്കെ നല്ലതുതന്നെ. പക്ഷേ ക്രിസ്തീയ സ്‌നേഹം എന്നു പറയുന്നത് അതല്ല. ഇവിടെയൊക്കെ മാത്രം സ്നേഹിക്കുന്നവരാണ്. അതായത് എന്നെ സ്നേഹിക്കുന്നവരെ മാത്രം തിരികെ സ്നേഹിക്കുന്ന സ്നേഹങ്ങള്‍.

ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതും മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നതും അത് അവരുടെ കടമയായതുകൊണ്ടാണ്. അതിനപ്പുറം വലിയ മൂല്യമോ പുണ്യമോ അത്തരം സ്‌നേബബന്ധങ്ങള്‍ക്ക് ഇല്ല. നമ്മള് സ്‌നേഹിക്കുന്നവരെ തിരികെ നമ്മള് സ്‌നേഹിക്കുന്നതില്‍ പ്രത്യേകത ഇല്ല. കാരണം അത് ഉഭയസമ്മതപ്രകാരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്. ചില പങ്കുകച്ചവടത്തില്‍ മുടക്കുമുതലും ലാഭവും പങ്കുവയ്ക്കുന്നതുപോലെയുള്ള സ്നേഹഹങ്ങളാണ് അവ. ക്രിസ്തുവിന്റെ സ്‌നേഹം അത്തരത്തിലുള്ളതായിരുന്നില്ല.

ഒരു സംഭവം ഓര്‍ക്കുന്നു. പള്ളിയിലെ പ്രതിനിധിയോഗത്തില്‍ പങ്കെടുക്കാന്‍ ഒരു ചെറുപ്പക്കാരന്‍ നേരം വൈകിയാണ് എത്തിയത്. കാരണം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു അച്ചോ ഒരു ചാരിറ്റി ചെയ്യാനുണ്ടായിരുന്നു. ചാരിറ്റി എന്ന വാക്ക് കേള്‍ക്കുമ്പോഴേ നമുക്ക് പിന്നെ മറുത്തൊന്നും പറയാനില്ലല്ലോ.

യോഗം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ അടുത്തുവിളിച്ചു ചോദിച്ചു എന്തായിരുന്നു ചാരിറ്റി? അപ്പോള്‍ അവന്‍ നല്കിയ മറുപടി ഒരേ സമയം എന്നെ ഞെട്ടി്ക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോയതാ..

അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോയത് ചാരിറ്റിയാണോ? നമ്മുടെ സമൂഹത്തിന്റെ വികലമായ മനോഭാവമാണ് അത് വ്യക്തമാക്കുന്നത്. അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കുന്നത് ചാരിറ്റിയല്ല അത് മകന്‍ എന്ന നിലയിലുള്ള അവന്റെ കടമയാണ്. അതുപോലെ ഭാര്യയെ ഭര്‍ത്താവും ഭര്‍ത്താവിനെ ഭാര്യയും സ്‌നേഹിക്കുന്നത് കടമയാണ്. മക്കള്‍ക്കുവേണ്ടി അടുക്കളയില്‍ പാകം ചെയ്യുന്നതും വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും ചാരിറ്റിയല്ല കടമയാണ്.

ചിലരൊക്കെ എന്തോ മഹത്തായ കാര്യം ചെയ്തതുപോലെ വന്നുപറയാറുണ്ട് അച്ചോ ഡ്യൂട്ടിക്ക് പോയതായിരുന്നു. ഡ്യൂട്ടി ചെയ്ത് മടുത്തുവന്നതാ എന്നൊക്കെ. ആയ്‌ക്കോട്ടെ ഡ്യൂട്ടിക്ക് പൊയ്‌ക്കോട്ടെ. പക്ഷേ അത്തരക്കാരോട് ഒരു ചോദ്യം ഡ്യൂട്ടിക്ക് വെറുതെ പോയതാണോ..ശമ്പളം കിട്ടുന്നില്ലേ.. പെന്‍ഷന്‍ കിട്ടുന്നില്ലേ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലേ. ഡ്യൂട്ടി ചെയ്യുന്നത് കച്ചവടം പോലെയാണ്.അല്ലാതെ കുരിശില്‍ കിടന്ന് ബലി അര്‍പ്പിച്ചിട്ടുവരുന്നതുപോലെ പുണ്യമല്ല.

നമ്മുടെ ആവശ്യത്തിന് വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്യുന്നത് പുണ്യമല്ല. നമുക്കതില്‍ നേട്ടമുണ്ട്, വരുമാനമുണ്ട്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക. അതാണ് പുണ്യം. അതാണ മഹത്തരം.

മദര്‍ തെരേസ ഇന്ത്യയിലെത്തിയത് എന്തിനായിരുന്നു? മദര്‍ തെരേസയെ സ്‌നേഹിക്കുന്നവരെ തിരികെ സ്‌നേഹിക്കാനായിരുന്നോ അല്ല. വിശുദ്ധ ഡാമിയന്‍ മൊളേക്കോ ദ്വീപിലേക്ക് കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി പോയത് എന്തിനായിരുന്നു. അവിടെ ഡാമിയന്റെ ബന്ധുക്കളാരെങ്കിലും ഉണ്ടായിരുന്നോ ഇല്ല. മദര്‍ തെരേസ ഇന്ത്യയിലേക്ക് വന്നതും ഡാമിയന്‍ മൊളേക്കോ ദ്വീപിലേക്കു പോയതും തങ്ങളെ സ്‌നേഹിക്കുന്നവരെ തിരികെ സ്‌നേഹിക്കാനായിരുന്നില്ല തങ്ങള്‍ അതുവരെ കണ്ടിട്ടില്ലാത്തവരെയും തങ്ങളുടെ ആരുമല്ലാത്തവരെയും സ്‌നേഹിക്കുന്നതിന് വേണ്ടിയായിരുന്നു. അതിന്റെ പ്രതിഫലം തെരേസയ്ക്കും ഡാമിയനും സ്വര്‍ഗ്ഗം കൊടുത്തു. അതാണ് നമ്മളെ സ്‌നേഹിക്കാത്തവരെയും സ്‌നേഹിക്കുമ്പോള്‍ സ്വര്‍ഗ്ഗം നല്കുന്ന പ്രതിഫലം.

അവനവന്റെ കാര്യത്തിന് വേണ്ടി സ്‌നേഹിച്ചവരെ സ്‌നേഹിച്ചു, ആര്‍ക്കും ഉപദ്രവം ചെയ്തിട്ടില്ല ഇതുരണ്ടും പുണ്യമാണെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. യഥാര്‍ത്ഥത്തില്‍ അതൊന്നും പുണ്യമേയല്ല. അതിനുള്ള തെളിവാണ് ബൈബിളിലെ ധനവാന്റെയും ലാസറിന്റെയും ഉപമ. ആ ധനവാന്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്തതായി ബൈബിളില്‍ പറയുന്നില്ല. എന്തിന് ലാസറിനെ തന്റെ വീട്ടുവാതില്ക്കല്‍ കിടത്താന്‍ പോലും അയാള്‍ സമ്മതിച്ചിരുന്നു..

പക്ഷേ അയാള്‍ മരിച്ചു ചെന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ അയാള്‍ക്കുമ ുമ്പില്‍ തുറക്കപ്പെട്ടില്ല.ഓപ്പറേഷന്‍ വിജയപ്രദം പേഷ്യന്‍റ് മരിച്ചു എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. എന്താണ് ധനവാന്‍ ചെയ്ത തെറ്റ്? അയാള്‍ ചെയ്യേണ്ട നന്മ ചെയ്തില്ല. തങ്ങള്‍ക്കുള്ളവരെയല്ലാതെ മറ്റാരെയും സ്‌നേഹിച്ചില്ല. അയാള്‍ ഭാര്യയെ സ്നേഹിച്ചു, മക്കളെ സനേഹിച്ചു. പക്ഷേ അതിനപ്പുറം ആരെയും സ്നേഹിച്ചില്ല. തന്നെ സ്നേഹിക്കാത്തവരിലേക്ക് അയാളുടെ സ്നേഹം കടന്നുചെന്നില്ല.

ഇങ്ങനെയുള്ള ധനവാന്റെ തറവാട്ടുകാരും ബന്ധുക്കലും നമ്മുടെ ചുറ്റിനും ഇന്നുമുണ്ട്. അവര്‍ പള്ളിയില്‍ പോകും. ധ്യാനത്തിന് പോകും. ആരെയും ഉപദ്രവിക്കാന്‍ പോകില്ല. അനീതിയും അക്രമവും ചെയ്യില്ല. വലിയ വീടു പണിത് ഭാര്യ യെയും മക്കളെയും സ്‌നേഹിച്ച് സുഖിച്ച് ജീവിക്കും. അത്തരക്കാര്‍ക്കും ആ ധനവാന്റെ വിധി തന്നെയാണ് വരാന്‍ പോകുന്നതെന്ന് മറക്കരുത്.

ആ ധനവാന്‍ നമുക്കൊരു മാതൃകയാകണം, തിരുത്തലാകണം. നിങ്ങള്‍ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ച് നിങ്ങള്‍ ദൈവസന്നിധിയില്‍ എത്തുമ്പോള്‍ ദൈവം നിങ്ങള്‍ക്ക് നല്കുന്ന മാര്‍ക്ക് പൂജ്യമായിരിക്കും. പക്ഷേ സങ്കടപ്പെടരുത്. ഇനിയും സമയമുണ്ട്. നിങ്ങള്‍ സ്‌നേഹിക്കാത്തവരെയും സ്‌നേഹിക്കാന്‍..ആവശ്യക്കാരെയും അഗതികളെയും സഹായിക്കാന്‍..

ആരുമില്ലാത്തവരെയും ആരുമല്ലാത്തവരെയും സ്‌നേഹിക്കാന്‍..അപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നുകിട്ടും. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.