ഫാ. ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യരജത ജൂബിലിയാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ സമാപനം

വാള്‍ത്താംസ്റ്റേ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍, വാള്‍ത്താംസ്റ്റേ, റെയ്‌നാം മിഷ്യന്‍ ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യരജതജൂബിലി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ സമാപനം.

ഡിസംബര്‍ 27 ഞായറാഴ്ച രണ്ടരയക്ക് ഇടവകവികാരി കാനന്‍ നൈല്‍ ഹാരിങ്ടണ്‍റെ ആശംസകളോടെ ആരംഭിച്ച കൃതജ്ഞതാബലിയില്‍ കോവിഡ് നിബന്ധനകളോടെ നൂറില്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മതബോധനം, വനിതാഫോറം, കുടുംബകൂട്ടായ്മ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. മിഷ്യന്‍ അംഗങ്ങള്‍ സ്‌നേഹോപഹാര സമര്‍പ്പണം നടത്തി.

വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച വെര്‍ച്വല്‍ ജൂബിലി സെലിബ്രേഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , വികാരി ജനറാല്‍മാരായ റവ ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ജോര്‍ജ് ചേലയ്ക്കല്‍, ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, കുടുംബകൂട്ടായ്മ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയകുളങ്ങര, ലത്തീന്‍ കമ്മ്യൂണിറ്റി ചാപ്ലെയ്ന്‍ ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍,ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോഷി ഫിലിപ്പ് എന്നിവരും അല്മായ സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു.

മിഷന്‍ അംഗങ്ങളില്‍ പാരമ്പര്യവിശ്വാസം നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതോടൊപ്പം ദൈനംദിന സുവിശേഷപ്രഘോഷണ പാരമ്പര്യവും മരിയന്‍ ദിന ശുശ്രൂഷവഴിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകരിച്ച് വിശുദ്ധിയില്‍ കുടുംബങ്ങള്‍ വളരാന്‍ ഫാ. ജോസ് അന്ത്യാംകുളം നടത്തുന്ന കഠിനപ്രയത്‌നങ്ങളെഎല്ലാവരും അഭിനന്ദിച്ചു.

ജൂബിലി ആഘോഷം മനോഹരമാക്കാന്‍ പ്രയത്‌നിച്ച കൈക്കാരന്മാര്‍ക്കും കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നവര്‍ക്കും ഫാ. ജോസ് അന്ത്യാംകുളം നന്ദി അര്‍പ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.