നവവൈദികന്റെ ആദ്യ ആശീര്‍വാദം കന്യാസ്ത്രീയായ സഹോദരിക്ക്… സഹനങ്ങള്‍ ബലമായി മാറിയ ഒരു കുടുംബത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ

ന്യൂയോര്‍ക്ക്: നവവൈദികന്റെ ആദ്യ ആശീര്‍വാദത്തെ കൂടുതല്‍ ഗൗരവത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കുമായിരിക്കും അദ്ദേഹം വൈദികാഭിഷേകച്ചടങ്ങില്‍ ആ ആശീര്‍വാദം നല്കുന്നതും.

മെയ് 29 ന് വൈദികനായ ഫാ. മാത്യു ബ്രെസ്ലിന്‌റെ ആദ്യ ആശീര്‍വാദവും വ്യത്യസ്തമായില്ല. തന്റെ സഹോദരിയായ സിസ്റ്റര്‍ മേരി സ്ട്രംങ്ത് ഓഫ് മാര്‍ട്ടേഴ്‌സിനാണ് അദ്ദേഹം ആശീര്‍വാദം നല്കിയത്. ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷത്തിന്റെ നിമിഷമാണ് എന്ന് വൈദികന്‍ പറയുന്നു. ദൈവവിളിയില്‍ തന്നോടുകൂടി സഞ്ചരിക്കുന്ന കൂടപ്പിറപ്പിനാണല്ലോ അത് നല്കിയത്. ന്യൂയോര്‍ക്ക് അതിരൂപതയ്ക്കു വേണ്ടിയാണ് ഫാ. മാത്യു അഭിഷിക്തനായിരിക്കുന്നത്.

ദൈവാശ്രയബോധത്തില്‍ അടിയുറച്ചതും ദൈവം തന്നെ കൂടുതലായി സ്‌നേഹിക്കുന്നവര്‍ക്ക് നല്കുന്ന സഹനങ്ങള്‍ നിറഞ്ഞ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നതില്‍ മുമ്പന്തിയിലുള്ളതുമായ കുടുംബമായിരുന്നു ഈ സഹോദരങ്ങളുടേത്. മാത്യുവിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്തായിരുന്നു പിതാവ് അലക്‌സിന് ബ്രെയ്ന്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്.

അന്ന് സഹോദരിക്ക് രണ്ടുവയസായിരുന്നു പ്രായം. മകനെ കാണാന്‍ പോലും അലക്‌സിന് ഭാഗ്യം ഉണ്ടാവില്ലെന്നാണ് എല്ലാവരും കരുതിയതെങ്കിലും മാത്യുവിന് ഒമ്പതുവയസുള്ളപ്പോഴായിരുന്നു അലക്‌സ് മരിച്ചത്.

പക്ഷേ അപ്പോഴേയ്ക്കും അലക്‌സിന്റെ കാതുകള്‍ക്കും കണ്ണിനും ശേഷി നഷ്ടപ്പെട്ടിരുന്നു. എങ്കിലും പിതാവിന്റെ സ്‌നേഹം തന്നെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് ഫാ. മാത്യു പറയുന്നു.

ഭര്‍ത്താവിന്റെ മരണം ഏല്പിച്ച ആഘാതത്തിലും ദൈവത്തില്‍ ശരണം വച്ചുകൊണ്ട് ഒറ്റയ്ക്ക് നിന്ന് രണ്ടുമക്കളെയും ആ അമ്മ വളര്‍ത്തി. എല്ലാദിവസവും മക്കളുമൊത്ത് ദിവ്യബലിയിലും സംബന്ധിച്ചിരുന്നു. ആ യാത്രകള്‍ യഥാര്‍ത്ഥ ദൈവവിളി എന്താണെന്ന് മനസ്സിലാക്കാന്‍ മാത്യുവിനെ സഹായിച്ചു. ഹൈസ്‌ക്കൂള്‍ കാലം മുതല്‍ പൗരോഹിത്യത്തോട് മാത്യുവിന് ആഭിമുഖ്യം അനുഭവപ്പെട്ടുതുടങ്ങി.

മാത്യു പൗരോഹിത്യപഠനത്തിനായി സെമിനാരിയില്‍ ചേരുന്നതിന് ഒരു വര്‍ഷം മുമ്പ് സഹോദരി മഠത്തില്‍ ചേര്‍ന്നിരുന്നു. സഹനങ്ങളിലാണ് ദൈവം സന്നിഹിതനായിരിക്കുന്നത് എന്ന് ഈ സഹോദരങ്ങള്‍ വിശ്വസിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.