നല്ല കാലം വരുന്നതേയുള്ളൂ, നല്ല കാലം കഴിഞ്ഞിട്ടില്ല: ഫാ. മാത്യു വയലമണ്ണില്‍ സി.എസ്. റ്റി

നല്ലകാലം വരുന്നതേയുള്ളൂവെന്നും നല്ലകാലം കഴിഞ്ഞുപോയിട്ടില്ലെന്നും ഫാ. മാത്യു വയലുമണ്ണില്‍ സിഎസ് ടി. 2021 പുതുവര്‍ഷാരംഭത്തില്‍ ശുശ്രൂഷയ്ക്കിടയിലെ വചനസന്ദേശം ഈ 2023 ലും നമ്മുക്ക് ഒന്ന് ധ്യാനിക്കാം

ഭാവിജീവിതത്തിന്റെ നന്മയൊന്നും കടന്നു പോയിട്ടില്ല, അതൊന്നും അവസാനിച്ചിട്ടില്ല. ദൈവം അനുഗ്രഹിച്ച നല്ല കാലം നിങ്ങള്‍ക്കും കുടുംബത്തിനും വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് . ഇനിയൊരു നല്ലകാലം ഉണ്ടാവില്ലെന്ന് ആരും വിചാരിക്കരുത്. നിരാശപ്പെടരുത്. ഏറ്റവും നല്ല അനുഗ്രഹം വരാനിരിക്കുന്നതേയുള്ളൂ. രോഗങ്ങളും പകര്‍ച്ചവ്യാധികളുമെല്ലാമായി നിരാശയിലൂടെ കടന്നുപോയ ഒരുവര്‍ഷമായിരിക്കാം ചിലര്‍ക്കെങ്കിലും 2020. അപ്പോള്‍ മനസ്സ് മടുത്തുപറഞ്ഞുപോയിട്ടുണ്ടാവാം നല്ലകാലം തീര്‍ന്നുവെന്നും ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും. ഇല്ല ഇനി അങ്ങനെ പറയരുത്.
കാനായിലെ കല്യാണവീട്ടില്‍ ഈശോ അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ അവിടെയുളളവര്‍ ആ വീട്ടുടമസ്ഥനോട് പറഞ്ഞത് എന്താണ്, ഇത്രയും നല്ലവീഞ്ഞ് നീ കരുതിവച്ചിരിക്കുകയായിരുന്നുവല്ലോയെന്ന് .അതുപോലെ ദൈവം നമ്മുടെ ജീവിതത്തിലും നല്ലതുവരാന്‍ പലതും കരുതിവച്ചിട്ടുണ്ട്. അതു നാം വിശ്വസിക്കണം.

ദൈവം നല്കാത്തതായി ഒന്നും തീരെ ചെറിയകാര്യം പോലും നമ്മുടെ ജീവിതത്തിലില്ല. ഇപ്പോള്‍ നാം ആയിരിക്കുന്ന എല്ലാ അവസ്ഥയും ദൈവത്തിന്റെ അനുഗ്രഹമാണ്. ഒന്നും നമ്മുടെ കഴിവുകൊണ്ടോ ശക്തികൊണ്ടോ നേടിയതല്ല. ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കന്നതെന്ന് നമുക്കറിയില്ല. ചില കാര്യങ്ങല്‍ നമുക്ക് മനസ്സിലാവും ചിലത് മനസ്സിലാവില്ല. എനിക്ക് തന്നെ മനസ്സിലാവാത്ത പ്രശ്‌നങ്ങളായിരിക്കും കൂടുതല്‍. ചിലതെനിക്ക് എത്ര ശ്രമിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഇതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാക്കാനേപറ്റുന്നില്ല.

ഉദ്ദേശിച്ചതുപോലെ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടാവാം. എന്നാല്‍ ഉദ്ദേശിച്ചതുപോലെ നടത്താന്‍ പറ്റാത്ത അതിലുമേറെ കാര്യങ്ങളുമുണ്ട്. എന്റെ ദൈവം അറിയാതെ എന്റെ ജീവിതത്തില്‍ ഒരുകാര്യവും സംഭവിക്കുകയില്ലെന്ന് നാം ഉറച്ചുവിശ്വസിക്കണം. എനിക്ക് മനസ്സിലാവുന്നതും മനസ്സിലാവാത്തതുമായ എല്ലാ കാര്യങ്ങളിലും ഞാന്‍ ഇങ്ങനെ വിശ്വസിക്കണം. ദൈവം അറിയാതെ ഒന്നും ഒരു കാര്യവും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. ഇങ്ങനെയൊരു വിശ്വാസത്തില്‍ നിന്നുകൊണ്ടുവേണം നാം പുതുവര്‍ഷത്തെ സമീപിക്കേണ്ടത്.

2021 എന്ന വര്‍ഷം അത്ഭുതങ്ങള്‍ കാണാന്‍ ഇടയാകത്തക്കവിധം വിശ്വാസം വളര്‍ച്ചപ്രാപിക്കുന്ന വര്‍ഷമായിരിക്കണം. അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയത്തക്കവിധം ദൈവത്തോട് ഒരു ഭക്തന്റെ ബന്ധം ആഴപ്പെടുന്ന വര്‍ഷമായിരിക്കണം. 2020 ന്റെ അവസാനഘട്ടത്തില്‍ നാം ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്. എന്റെ നല്ലസമയം തീര്‍ന്നു. ഇനിയെനിക്ക് നല്ലകാലം ഇല്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എന്നിട്ട് പറയണം എനിക്ക് ഇനി നല്ലകാലം വരുന്നതേയുള്ളൂ. നിരാശയുടെ വാക്കുകള്‍ പറയരുത്. എന്റെ ജീവിതം അവസാനിക്കാറായി, ഇനി നല്ലതൊന്നും ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഇങ്ങനെയൊന്നും പറയരുത്. എന്റെ നല്ലസമയം വരുന്നതേയുള്ളൂ.

ഇങ്ങനെയൊരു സ്വരം ദൈവത്തിന്റെ സ്വരമായി നാം സ്വീകരിക്കണം. കാനായിലെ കല്യാണവീട്ടില്‍ ആദ്യം വിളമ്പിയത് നല്ല വീഞ്ഞുതന്നെയായിരുന്നു. പക്ഷേ ആ വീഞ്ഞിനെ അതിശയിപ്പി്ക്കുുന്നതായി പിന്നീടുള്ള വീഞ്ഞ്. ദൈവം നമുക്ക് ഇതുവരെ വിളമ്പിയതെല്ലാം നല്ല വീഞ്ഞുതന്നെയായിരുന്നു. പക്ഷേ ഇനി വിളമ്പാനിരിക്കുന്നത് അതിലും നല്ല വീഞ്ഞാണ്. കല്യാണവീട്ടില്‍ ചില കണക്കുകൂട്ടലുകളൊക്കെയുണ്ടാവാം. ആ കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോഴാണ്, വീട്ടുകാര്‍ ഉദ്ദേശിച്ചതുപോലെ കാര്യം നടക്കാതെ വന്നപ്പോഴാണ്് അവര്‍ക്കുവേണ്ടി ദൈവം ബെസ്റ്റ് വണ്‍ കൊടുത്തത്.
അതുകൊണ്ട് 2021 ല്‍് നാം പറയണം എനിക്ക് കഴിഞ്ഞവര്‍ഷം കിട്ടിയതെല്ലാം നല്ലതായിരുന്നു. പക്ഷേ അതിലും നല്ലതാണ് എനിക്ക് ഇനി ലഭിക്കാന്‍പോകുന്നത്. കാനായിലെ കല്യാണവീട്ടില്‍ ദൈവം നല്ല വീഞ്ഞ് വിളമ്പിയെങ്കില്‍ നമ്മുക്ക് ദൈവം നല്ലഭാവി നല്കും. നല്ല ജീവിതം നല്കും. നല്ല ബന്ധം നല്കും. നല്ല ശുശ്രൂഷകള്‍ നല്കും. നല്ല ജോലി നല്കും. നല്ല കുടുംബസമാധാനം നല്കും. നല്ല ഐക്യം നല്കും. നല്ലതുവരുന്നതേയുള്ളൂ. നല്ല അനുഗ്രഹം വരുന്നതേയുള്ളൂ. ഇ്ന്നുവരെ അനുഭവിച്ചതിനെക്കാള്‍ നല്ലത്.

ദൈവം നമുക്കുള്ള ഏററവും വലിയ നന്മ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഈ വര്‍ഷാരംഭം മുതല്‍ നാം അത്തരമൊരു നന്മയിലേക്ക് പ്രവേശിക്കണം. ദൈവം നമുക്കായി നല്ലത് ഒരുപാട് സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത് സഹനം കണ്ട് സൂക്ഷിച്ചുവച്ചതല്ല. പ്രാര്‍ത്ഥന കണ്ട് തരുന്നതല്ല. ഓരോരുത്തര്‍ക്കായി ദൈവം കരുതിവച്ചതാണ്. ദൈവം നമുക്ക് ചില അനുഗ്രഹങ്ങളെ നേരെകൂട്ടി ഒരുക്കിയിട്ടുണ്ട്. ഇസ്രായേല്ക്കാുടെ സങ്കടംകണ്ട് ദൈവം എടുത്ത തീരുമാനമായിരുന്നില്ല കാനാന്‍ദേശം.
ഇസ്രായേല്ക്കാര്‍ക്ക് ദൈവം നേരത്തെ തീരുമാനിച്ചവാഗ്ദാനമായിരുന്നു കാനാന്‍ദേശം. ദൈവം ഒരുക്കിയ അനുഗ്രഹത്തില്‍ എത്തിക്കാന്‍ ദൈവം ചില പ്രതിസന്ധികളിലൂടെ നമ്മെ കടത്തിവിടും. പൂര്‍വ്വജോസഫിനെ അനുഗ്രഹിക്കാന്‍ വേണ്ടി ദൈവം നേരത്തെ ഒരുക്കിയ മാര്‍ഗ്ഗമായിരുന്നു ഭരണാധികാരിയുടെ സ്ഥാനം. അതൊരിക്കലും പൊട്ടക്കിണറ്റില്‍ തള്ളിയിട്ടതുകൊണ്ടോ ജയിലില്‍ അടയ്ക്കപ്പെട്ടതുകൊണ്ടോ ദൈവം നല്കിയതായിരുന്നില്ല ദൈവം അത് മുന്‍കൂട്ടി ഒരുക്കിവച്ചതായിരുന്നു. അതില്‍ എത്തിച്ചേരാന്‍ ജോസഫ് ഏറെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയെന്ന് മാത്രം.

ദൈവം ഒരുക്കിയ അനുഗ്രഹത്തിലെത്താന്‍ ജോസഫിനെ ദൈവം ദുഷ്‌ക്കരമായ വഴികളിലൂടെ കൊണ്ടുപോയി. ഇപ്പോള്‍ നാംഅഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ദൈവം ഒരുക്കിയ അനുഗ്രഹത്തിലെത്താന്‍ ദൈവം നമ്മെ നടത്തുന്നവഴികളാണ്.

ഒരുക്കത്തിന്റെ കാലമാണ് പക്ഷേ ഏറ്റവും ദുഷ്‌ക്കരമായ കാലം. ഇത് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതല്ല. ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍പറ്റുന്ന കാര്യങ്ങളല്ല അത്. അനുഗ്രഹത്തെയല്ല ദൈവം ഒരുക്കുന്നത്. അനുഗ്രഹം സ്വീകരിക്കാന്‍ നിങ്ങളെ ഒരുക്കുകയാണ് ദൈവം ചെയ്യുന്നത്. ഫാ. മാത്യു വയലുമണ്ണില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.