കയ്യേറ്റം ചെയ്ത ആളുടെ കാല്‍ പരസ്യമായി കഴുകി വൈദികന്‍ മറ്റൊരു ക്രിസ്തുവായി

മാള: തന്നെ കൈയേറ്റം ചെയ്ത ആളുടെ കാല്‍ ദേവാലയത്തില്‍ വച്ച് വിശ്വാസികള്‍ നോക്കിനില്‌ക്കെ പരസ്യമായി കഴുകി വൈദികന്‍ മറ്റൊരു ക്രിസ്തുവായി മാറി. മാള ദേവാലയത്തിലാണ് അസാധാരണമായ ഈ രംഗം അരങ്ങേറിയത്.

ഫാ. നവീന്‍ ഊക്കനാണ് തന്നെ കയ്യേറ്റം ചെയ്ത ആളുടെ കാല്‍ കഴുകി വിശ്വാസസമൂഹത്തിന് സാക്ഷ്യം നല്കിയത്.
കയ്യേറ്റം ചെയ്തതിനും കാല്‍ കഴുകിയതിനും കാരണമായ സംഭവങ്ങള്‍ ഇങ്ങനെയായിരുന്നു. വയോധികരെ കഴിഞ്ഞ ദിവസം ഫാ. നവീന്റെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയിരുന്നു.

എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞാണ് സംഘമെത്തിയത്. ഇതിന്റെ പേരിലായിരുന്നു അച്ചനെ കൈയേറ്റം ചെയ്തത്. ഈ ആക്രമണം പള്ളിക്കമ്മറ്റി ഏറ്റെടുക്കുകയും അയാള്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേസ് കൊടുക്കാതിരിക്കാന്‍ പള്ളിയില്‍ വന്ന് പരസ്യമായി മാപ്പ് പറയണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു.

ഇപ്രകാരം പരസ്യമായി മാപ്പുപറയാന്‍ വന്ന ആളെയാണ് മാപ്പ് പറയാന്‍ അനുവദിക്കുന്നതിന് പകരം അയാളെ വിളിച്ചുവരുത്തി ഫാ. നവീന്‍ കാലുകഴുകിയത്. സഹോദരാ എനി്ക്ക് താങ്കളോട് യാതൊരു ദേഷ്യവുമില്ല എന്ന് പറയുകയും ചെയ്തു തുടര്‍ന്ന് ഇടവകക്കാരോട് പറഞ്ഞു.

ഇദ്ദേഹം മാപ്പുപറയാന്‍ തയ്യാറായിട്ടാണ് വന്നിരിക്കുന്നത്. ഇനി ഇദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇതിനെ അനുകൂലിക്കുന്നവര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുക. അല്ലെങ്കില്‍ മാപ്പുപറയിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുക. ഈ സമയം ഇടവകസമൂഹം മുഴുവന്‍ എണീറ്റ് നിന്ന് കൈയടിച്ചു.

എത്രയോ മഹത്തായ മാതൃകയാണ് ഫാ. നവീന്‍ നമുക്ക് കാണിച്ചുതന്നിരിക്കുന്നത്. ഇതുപോലൊരു മനസ്സുണ്ടായിരുന്നുവെങ്കില്‍ നമുക്കിടയില്‍ കേസും വക്കാണവും ഉണ്ടാകുമായിരുന്നില്ല. ഫാ. നവീന് മരിയന്‍പത്രത്തിന്‍റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.