ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് ഈശോസഭ ലോകമെങ്ങും പ്രക്ഷോഭത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: മനുഷ്യാവകാശപ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ.സ്റ്റാന്‍ സ്വാമിയെ ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ലോകവ്യാപകമായി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈശോസഭ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.

83 കാരനായ വൈദികനെ ഒക്ടോബര്‍ എട്ടിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ 15 ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

അഞ്ചു ദശാബ്ദമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കുമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇതിനകം നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരും മതനേതാക്കളും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു. അറസ്റ്റിനെതിരെ നിരവധി പ്രക്ഷോഭപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഇപ്പോള്‍ ലോകവ്യാപകമായി പ്രതിഷേധപരിപാടികള്‍ വ്യാപിപ്പിക്കാനാണ്‌ ഈശോസഭയുടെ തീരുമാനം. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈശോസഭാംഗമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.