അത്ഭുതങ്ങളും രോഗശാന്തികളും അപഹസിക്കപ്പെടുന്നത് ക്രിസ്തുവിനും സഭയ്ക്കും ഭൂഷണമല്ല

ചില വീഡിയോകള്‍ കാണുമ്പോള്‍, ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് അറിയാതെ കുഴങ്ങാറുണ്ട്. വേദനിപ്പിക്കുകയും അതുവരെയുണ്ടായിരുന്ന ചില ധാരണകളെയും വിശ്വാസങ്ങളെയും തകിടം മറിക്കുകയും ചെയ്യുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമായിരിക്കും അത്. എന്നാല്‍ അത്തരം ചില വാര്‍ത്തകളെയും വീഡിയോകളെയും കുറിച്ച് മറ്റ് ചിലര്‍ പ്രതികരിക്കുന്നതു കാണുമ്പോള്‍ അതിനോട് ചേര്‍ന്ന് ചിലകാര്യങ്ങള്‍ തനിക്കുംപറയാനുണ്ടല്ലോ എന്നും തോന്നാറുണ്ട്. അടുത്തയിടെ സി ന്യൂസ് ചീഫ് എഡിറ്റര്‍ ജോ കാവാലം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായപ്പോള്‍ അതിനോട് ബന്ധപ്പെടുത്തി ചിലകാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നി.

ഒരുപാട് നന്മകള്‍ സഭയ്ക്കും സമൂഹത്തിനും നല്കാന്‍ കഴിഞ്ഞ ഒരു ആത്മീയപ്രസ്ഥാനമാണ് കരിസമാറ്റിക് മൂവ്‌മെന്റ്. അതിന്റെ വിശാലമായ ചില്ലകളിലും ചുവടെയുമായി അനേകം  വ്യക്തികളും സ്ഥാപനങ്ങളും വളര്‍ന്നു പന്തലിച്ചിട്ടുമുണ്ട്. ദൈവസ്‌നേഹം എന്ന ഒറ്റ പ്രചോദനം കൊണ്ടും സ്വര്‍ഗ്ഗരാജ്യം എന്ന ഏക ലക്ഷ്യം മുന്നില്‍ക്കണ്ടുമായിരുന്നു അവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ ശുശ്രൂഷയുടെ മറവിലും ചില കള്ളനാണയങ്ങള്‍ കടന്നുവരുന്നുണ്ടെന്നും അവര്‍ സര്‍വ്വശക്തനായ ദൈവ്ത്തിന്റെ പേരില്‍ സ്വന്തം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സത്യമാണ്. അത്തരം കള്ളനാണയങ്ങളുടെ കഥകള്‍ ഓരോ ദിവസങ്ങൡലായിപുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെയായിരുന്നു ഇത്രയും നാള്‍ ബഹുമാനിച്ചിരുന്നതെന്ന്  ഒരുസാധാരണ വിശ്വാസി മനസ്സിലാക്കുന്നത് വല്ലാത്തൊരു നിമിഷമായിരിക്കും. ആത്മീയതയോടു പോലും മടുപ്പു തോ്ന്നാനും സഭ വിട്ടുപോകാനും വരെ അവര്‍ക്ക് തോന്നിയെന്നുമിരിക്കും.

കള്ളത്തരങ്ങളുടെ പേരില്‍ ആളുകളെ വശീകരിക്കുന്ന ഇത്തരത്തിലുള്ള കപട ആത്മീയനേതാക്കള്‍ അനേകരുടെ ഉതപ്പിന് കാരണമാകുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ഇടര്‍ച്ചയ്ക്ക് കാരണമാകുന്നവര്‍ക്ക് നാശമെന്നാണല്ലോ തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. രോഗങ്ങളുടെ അവസരങ്ങളില്‍ ശമനം ആഗ്രഹിച്ചുപോകുന്നത് സ്വഭാവികമാണ്. ആരും വേദനയും രോഗവുമായി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഇത്തരക്കാരുടെ നിസ്സഹായതയാണ് ഈ കള്ളനാണയങ്ങള്‍ ചൂഷണം ചെയ്യുന്നത്. രോഗശാന്തി ശുശ്രൂഷകളുടെ പേരില്‍ നടക്കുന്ന പല രോഗസൗഖ്യങ്ങളും കൃത്രിമമാണെന്ന്  ചിലര്‍ സ്ഥാപിച്ചെടുക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത്   സാധാരണജനങ്ങളുടെ വിശ്വാസംകൂടിയാണ്.കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ നിലനില്പിനെകൂടി അത് ചോദ്യം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനയും സുവിശേഷപ്രഘോഷണവുമായി നിസ്വാര്‍ത്ഥമായി ജീവിക്കുന്ന അനേകരുടെ ഉദ്ദേശ്യശുദ്ധിയെയും അത് ചോദ്യംചെയ്യുന്നു. അവര്‍ക്ക് ഇത്തരക്കാര്‍ തികഞ്ഞ അപമാനമാണ്. അതുകൊണ്ട്ഇത്തരക്കാരെ ഇനിയെങ്കിലും സഭ കയറൂരി വിടരുത്.  ഇ്ത്തരം രോഗസൗഖ്യങ്ങളുടെയും ഇതിനെതിരെയുള്ള വീഡിയോകളുടെയും സത്യാവസ്ഥയാണ് സഭ പുറത്തുകൊണ്ടുവരേണ്ടത്.സഭയുടെ ശക്തമായ ഇടപെടല്‍ഇക്കാര്യത്തില്‍ ഉണ്ടായേ തീരൂ.
അ്ത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും പുറകെ അതുമാത്രം മതിയെന്ന് പിന്നാലെ പായുന്ന ആത്മീയതയും തെല്ലും നന്നല്ല. രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍തഥിക്കരുതെന്നോ ചികിത്സിക്കരുതെന്നോ അല്ല ഇതിനര്‍ത്ഥം. പക്ഷേ അത്ഭുതങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുമ്പോള്‍ അതിന്റെ പേരില്‍വിശ്വാസികള്‍ ചൂഷണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന രോഗങ്ങള്‍ ഭേദമാകുന്നതിന് ഇത്രരൂപ വേണം എ്ന്ന മ്ട്ടില്‍ ഫീസിനത്തില്‍ പണം സ്മ്പാദിക്കുന്ന ആത്മീയനേതാക്കള്‍പോലും നമുടെ ചുറ്റുവട്ടത്തുണ്ട്.ഇവര്‍ ക്രിസ്തുവിന്റെ പേരില്‍ കോടികള്‍സമ്പാദിക്കുകയും ക്രിസ്തുവിനെ വില്ക്കുകയുമാണ് ചെയ്യുന്നത്. പല ആത്മീയനേതാക്കളുടെയും ഇന്നത്തെ അവസ്ഥയും പഴയ അവസ്ഥയും തമ്മില്‍താരതമ്യം നടത്തിനോക്കൂ. ഒന്നുമില്ലാത്തവരായിരുന്നു അവര്‍. പക്ഷേ ഇന്ന് പലയിടങ്ങളിലും കോടികളുടെ സ്ഥാപനങ്ങള്‍. സ്വദേശത്തും വിദേശത്തും ശുശ്രൂഷകളുടെപേരില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ബൃഹദ്സ്ഥാപനങ്ങള്‍.. സമൂഹത്തിലും സഭയിലും സ്വാധീനമുണ്ടാക്കാന്‍ വിവിധ പദ്ധതികള്‍.. ആഡംബരവസതികള്‍.. പ്രോസ്പിരിറ്റി സ്പിരിച്വാലിറ്റി മാത്രമാണ് ഇവരുടെ പ്രഘോഷണവിഷയം.കത്തോലിക്കാസഭ അടിസ്ഥാനപ്രമാണങ്ങളായി കരുതിയിരിക്കുന്ന സഹനമോ ത്യാഗമോ ഇവരുടെ എഴുത്തിലോ പ്രസംഗത്തിലോ ഇല്ലെന്നതും നമ്മെ അമ്പരപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ ദേവാലയങ്ങളില്‍ വചനപ്രഘോഷണത്തിനായി ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ ആത്മീയസത്യസന്ധതയുടെ വിശ്വാസ്യതയും ജീവിതത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തേണ്ടത് സഭാധികാരികളുടെ കടമയായിരിക്കണം.ഇല്ലെങ്കില്‍ സഭ അപഹസിക്കപ്പെടുകയും യഥാര്‍ത്ഥ ആത്മീയ ഗുരുക്കന്മാര്‍ പരിഹസിക്കപ്പെടുകയും ചെയ്യും. സുവിശേഷപ്രഘോഷണം ഒരിക്കലും കച്ചവടസാധ്യതയായി മാറാതിരിക്കട്ടെ..

ജോ കാവാലത്തിന്റെ കുറിപ്പ്ചുവടെ ചേര്‍ക്കുന്നു

അത്ഭുതങ്ങളും രോഗശാന്തിയും; വചനം വിറ്റ് കാശാക്കുന്നവർ
വചന പ്രഘോഷകരെയും മറ്റ് ധ്യാനഗുരുക്കന്മാരെയും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലരും അപഹസിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. പലതും അവരുടെയൊക്കെ കയ്യിലിരുപ്പ് കൊണ്ടാണെങ്കിലും വലിച്ചിഴക്കപ്പെടുന്നതും അപഹസിക്കപെടുന്നതും പരിശുദ്ധാത്മാവും, ദൈവ വചനവുമൊക്കെയാണ് എന്നതാണ് കൂടുതൽ പ്രയാസമുണ്ടാക്കുന്നത്.
രോഗശാന്തി അസംഭവ്യമല്ല. ദൈവ വചനം പ്രഘോഷിക്കുന്ന സ്ഥലങ്ങളിൽ, ദിവ്യ കുർബാന അർപ്പിക്കുമ്പോൾ, ദൈവത്തെ സ്തുതിച്ചാരാധിക്കുമ്പോഴൊക്കെ രോഗശാന്തികളും അത്ഭുതങ്ങളും സംഭവിക്കാം. നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു അത്ഭുതമാണെന്നിരിക്കെ, എപ്പോഴും അത്ഭുതങ്ങളുടെ പിന്നാലെ പായുന്നതും ശരിയല്ല. അത്ഭുതങ്ങളും രോഗശാന്തിയും ആവശ്യമെന്ന് ദൈവത്തിന് തോന്നുന്ന സ്ഥലങ്ങളിൽ അത് സംഭവിക്കട്ടെ. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഉൾപ്പടെ ദൈവാത്മാവിന്റെ പ്രവർത്തന ഫലമായുണ്ടാകുന്ന രോഗശാന്തികളെയും അത്ഭുതങ്ങളെയും കുറിച്ച് വിശദമായ പ്രബോധനങ്ങൾ ഇന്ന് ലഭ്യമാണ്.
പക്ഷെ ഇവിടെ വിവാദം അതല്ല. ദൈവ വചനവും രോഗശാന്തികളും സ്വന്തം പോക്കറ്റ് വീർപ്പിക്കാനും, ധനസമ്പാദനത്തിനുമായി ഉപയോഗിക്കുന്നത് തികച്ചും തെറ്റാണ്. വരദാനങ്ങൾ വ്യക്തിപരമായ നേട്ടത്തിനുപയോഗിക്കരുതെന്ന് കർശനമായി വി. പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നുണ്ട്.
വരദാനങ്ങൾ സഭയെ പടുത്തുയർത്താനും പൊതുനന്മയ്ക്കുവേണ്ടിയുമാണ് നല്കപ്പെടുന്നത് എന്നാണ് വി. പൗലോസ് ശ്ലീഹ ലേഖനത്തിൽ (1 കോറി 12) ഓർമ്മിപ്പിക്കുന്നത്. “ഇത് വിശുദ്ധരെ പരിപൂർണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും, ക്രിസ്തുവിന്റെ ശരീരത്തെ പണിത്തുയർത്തുന്നതിനും വേണ്ടിയാണ്”. ഓരോരുത്തരിലും ആത്മാവ് വെളിപ്പെടുന്നത് പൊതു നന്മയ്ക്കു വേണ്ടിയാണ്. അതുകൊണ്ടു ക്രിസ്തുവിന്റെ ശരീരത്തെ പണിത്തുയർത്തുന്ന ശുശ്രൂഷകളാണ് ഓരോ വചന പ്രഘോഷകരും ചെയ്യേണ്ടത്.
ഇവിടെയാണ് പ്രശ്നം, ക്രിസ്തുവിന്റെ സഭയെ പടുത്തുയർത്തുന്നതിന് പകരം സ്വന്തം വീടും ബിസിനസ് സാമ്രാജ്യവും പടുത്തുയർത്തുമ്പോൾ ആരോപണങ്ങളും ആക്ഷേപങ്ങളുമുണ്ടാകുക സ്വാഭാവികമാണ്. വചനപ്രഘോഷകർക്ക്, പ്രത്യേകിച്ച് മറ്റൊരു വരുമാനമില്ലാത്തവർക്ക് അവരുടെ യാത്രാകൂലിക്കും ചിലവിനുമായി ഇടവകകളോ കൂട്ടായ്മകളോ ഒരു നിശ്ചിത തുക നൽകുന്നതിൽ തെറ്റില്ല മറിച്ച് അവിടെ സ്തോത്രക്കാഴ്ച എന്ന പേരിൽ ലഭിക്കുന്ന തുകകൾ വചനം പ്രസംഗിക്കാൻ വരുന്നവർ കൊണ്ടുപോകുന്ന ശീലം എത്രയും പെട്ടന്ന് നിർത്തലാക്കണം, അങ്ങനെ കിട്ടുന്ന പണം വിശ്വാസികളുടെ പൊതു ആവശ്യങ്ങൾക്കോ കാരുണ്യ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
സ്വന്തമായി കെട്ടിടങ്ങൾ വാങ്ങിക്കൂട്ടാൻ, വ്യവസായം വളർത്താൻ, സ്വന്തം പത്രം ചിലവാക്കാൻ ഇങ്ങനെ പല കാര്യങ്ങൾക്കായി ദൈവ വചനത്തെ ദുരുപയോഗിക്കുന്നവർ സമൂഹത്തിന്റെ – മാധ്യമങ്ങളുടെ വിമർശന ശരങ്ങൾ ഏറ്റു വാങ്ങുമ്പോൾ അത് വിശ്വാസത്തിന് എതിരായുള്ള വെല്ലുവിളിയായി കാണുക ബുദ്ധിമുട്ടാണ്.
വിവിധ സഭകൾ ഇപ്രകാരം പ്രവർത്തിക്കുന്ന ധ്യാനഗുരുക്കന്മാർക്ക്, അത്ഭുത പ്രവർത്തകർക്ക്, ധ്യാനകേന്ദ്രങ്ങൾക്ക്, മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾക്ക് നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇവിടെ വിശ്വാസികൾ കുറച്ചുകൂടി ജാഗ്രത പാലിച്ചാൽ കാര്യങ്ങൾ നല്ല രീതിയിൽ പോകും. ഇടവക വികാരിമാരോ, രൂപതകളോ അംഗീകരിക്കാത്ത ധ്യാനകേന്ദ്രങ്ങളെയും പ്രാർത്ഥനാകൂട്ടായ്മകളെയും വിവേകത്തോടെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഓൺലൈനിലൂടെ ശക്തിപ്പെട്ട ഒരു പ്രാർത്ഥനാ കൂട്ടായ്മയെ കുറിച്ച് ചില പരാതികൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു പാവം സുഹൃത്ത് പറഞ്ഞത്, ആ പ്രാർത്ഥനാ ഗ്രൂപ്പിന് മെത്രാന്മാരുടെ അംഗീകാരമുണ്ട്, ഞങ്ങളുടെ കോർഡിനേറ്റർസ് മെത്രാന്മാരുടെ കൂടെ നിൽക്കുന്ന ഫോട്ടോകൾ ഉണ്ടല്ലോ. മെത്രാന്മാരും വൈദികരും വിശ്വാസികളും ഒരേപോലെ ശ്രദ്ധിച്ചാൽ വചന വിത്തുകൾക്കിടയിൽ വളരുന്ന കളകളെ തിരിച്ചറിയാനും പിഴുത് നശിപ്പിക്കാനും വിശ്വാസികൾക്ക് സാധിക്കും .
ജോ കാവാലംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.