സത്യമായ സ്വാതന്ത്ര്യത്തിലേക്ക്‌

സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ധാരാളം കാര്യങ്ങൾ കേൾക്കുകയും സംവദിക്കുകയും ചെയ്യുന്ന ദിവസമാണ്‌ ഭാരത സ്വാതന്ത്ര്യത്തിന്റെ വാർഷികം കുറിക്കുന്ന ഇന്ന്‌. ഏറ്റവും ചെറിയകുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവർക്ക്‌ ഭാരത സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കാൻ കഴിയുകയും ചെയ്യും. എന്തായിരുന്നു ഭാരത ജനത അനുഭവിച്ചിരുന്ന അടിമത്വമെന്നും, ഈ അടിമത്വത്തിൽ നിന്നും എപ്രകാരമാണ്‌ നമ്മൾ സ്വാതന്ത്ര്യം നേടിയതെന്നും ആവർത്തിച്ചു പറയുന്നത്‌ പലതും മറക്കാതിരിക്കാൻ നമ്മെ സഹായിക്കുന്ന കാര്യമാണ്‌. ഭാരതം സ്വതന്ത്രമായി എന്ന്‌ പറയുമ്പോഴും സ്വാതന്ത്ര്യം അനുഭവിക്കാത്ത, സ്വാതന്ത്ര്യം എന്താണെന്നുപോലും അറിയാത്ത അനേകർ ഭാരതത്തിലുണ്ട്‌ എന്നതും വസ്തുതയാണ്‌.

ഭാരതം സ്വതന്ത്രമായതിന്റെ സന്തോഷം സാധ്യമായ രീതികളിലെല്ലാം നാമിന്ന്‌ പ്രകടമാക്കുമ്പോൾ എന്റെയുള്ളിൽ ഉയരുന്നൊരു ചോദ്യമുണ്ട്‌, ഞാൻ ശരിക്കും സ്വതന്ത്രനാണോ?. ഈ ചോദ്യത്തിന്‌ ഒരു രാഷ്ട്രീയമായ ഉത്തരം മാത്രം മതിയാകയില്ല. ഞാനൊരു വിശ്വാസിയാകയാലും ഈശോയുടെ വചനങ്ങൾക്ക്‌ ജീവിതത്തിൽ വലിയ പ്രാധാന്യം ഉള്ളതിനാലും എന്റെ സ്വാതന്ത്ര്യം അവനോട്‌ ചേർത്ത്‌ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഈശോ പറയുന്നതിങ്ങനെയാണ്‌ “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാൻ 8:32). ഞാൻ ഈശോയെന്ന സത്യത്തെ അറിയുകയും പിൻചെല്ലുകയും ചെയ്താൽ യഥാർത്ഥ സ്വാതന്ത്ര്യം സ്വന്തമാക്കാം എന്ന്‌ സാരം.

ഞാനെന്ന വ്യക്തിക്ക്‌ യഥാർത്ഥ സ്വാതന്ത്ര്യം നൽകാൻ കഴിയുന്ന ഈശോയെ അറിയണമെങ്കിൽ ജീവിതത്തിന്‌ കൃത്യമായ ഒരു നിലപാടുണ്ടായിരിക്കണം. ഈ നിലപാട്‌ സത്യസന്ധമായതാണെങ്കിൽ അത്‌ സ്വാതന്ത്ര്യത്തിലേക്ക്‌ എന്നെ അടുപ്പിക്കും. പലർക്കും അവരുടെ ജീവിതത്തിൽ ഇല്ലാത്തത്‌ ഈശോയുടേതിന്‌ സമാനമായ നിലപാട്‌ തന്നെയാണ്‌. തങ്ങളുടെ സ്വാർത്ഥമോഹങ്ങളെ തൃപ്തിപ്പെടുത്താനായി ചെയ്തുകൂട്ടുന്നവയെ ഒരിക്കലും ഈശോയുടെ ഒപ്പം കാണാനാകില്ല. മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായത്തിൽ പറയുന്നതുപോലെ “എന്നിൽ നിന്ന്‌ പഠിക്കുകയും ചെയ്യുവിൻ” (മത്തായി 11:29) കാരണം ഈശോതന്നെയാണ്‌ എനിക്കുള്ള പാഠപുസ്തകം, അവൻ തന്നെയാണ്‌ എന്റെ അധ്യാപകനും. എല്ലാ മനുഷ്യരും സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോഴും അതിനായി പ്രാർത്ഥിക്കുമ്പോഴും, ഈശോയെ അറിയുന്നവർക്ക്‌ അതിനുള്ള വഴി അവൻ തന്നെ തുറന്നു തന്നിരിക്കുന്നു. ഇനിമുതൽ ഈശോയിൽ നിന്നും ഓരോരുത്തരും സ്വയമായി പഠിച്ചാൽ മാത്രം മതി.

സത്യമായ ഈശോയിൽ നിന്നും പഠിച്ചുകൊണ്ട്‌ എപ്രകാരം സ്വാതന്ത്ര്യം സ്വന്തമാക്കാം എന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം ഈശോയുടെ അമ്മയായ പരിശുദ്ധ മറിയം തന്നെയാണ്‌. കാലങ്ങളായി യഹൂദജനം പ്രാർത്ഥനയോടെ കാത്തിരുന്ന രക്ഷകന്റെ പിറവി തന്നിലൂടെയാണെന്നറിയുന്ന മറിയം പിന്നീടുള്ള ജീവിതം മുഴുവൻ ആ നിയോഗവും പേറിയാണ്‌ ജീവിച്ചത്‌. അതിൽ അവൾ സന്തോഷവതിയായിരുന്നു ഒപ്പം സ്വതന്ത്രയും. ഒരു സ്ത്രീയെന്നതിലുള്ള പരിമിതിയോ, സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യമോ ഒന്നും അവളെ ഒരുവേളപോലും ഭയപ്പെടുത്തിയില്ല. രക്ഷകനെ ഭൂവിന്‌ നൽകുക എന്ന പവിത്രമായ നിയോഗം ഉള്ളിൽ നിറഞ്ഞപ്പോൾ അവൾ ഏറ്റവും ശക്തയായി രൂപാന്തരപ്പെടുകയായിരുന്നു. യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ സ്വാദ്‌ നുകരുകയും അതിൽ ജീവിക്കുകയും ചെയ്തതിനാൽ മറിയമെന്ന അമ്മയെ എത്ര വണങ്ങിയിട്ടും നമുക്ക്‌ മതിവരുന്നുമില്ല എന്നതാണ്‌ സത്യം.

ഈശോയിൽ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാൻ അനുഭവിക്കുമ്പോഴും ഒരിക്കലും മറക്കാൻ പാടില്ലാത്തതും വളരെ പ്രധാനപ്പെട്ടതുമായ ഒരു മുന്നറിയിപ്പ്‌ വിശുദ്ധ പൗലോസ്‌ നമുക്ക്‌ നൽകുന്നുണ്ട്‌: “നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനർക്ക്‌ ഏതെങ്കിലും വിധത്തിൽ ഇടർച്ചയ്ക്കു കാരണമാകാതിരിക്കാൻ സൂക്ഷിക്കണം” (1 കോറി 8:9). ലോകത്ത്‌ അനേകർ തങ്ങളുടെ അധികാരത്താലും സമ്പത്തിനാലും അറിവിനാലും മറ്റ്‌ കഴിവുകളാലുമൊക്കെ സ്വാതന്ത്ര്യം നേടിയിട്ടുണ്ട.‍്‌ വിശുദ്ധ പൗലോസ്‌ പറയുന്നതുപോലെ അവരുടെ സ്വാതന്ത്ര്യത്താൽ ബലഹീനർക്ക്‌ ഇടർച്ച മാത്രമല്ല അടിമത്വത്തിനും കാരണമായിട്ടുണ്ട്‌. പലവിധത്തിൽ മറ്റുള്ളവരെ തങ്ങൾ അടിമകളാക്കുകയാണ്‌ എന്നറിയുമ്പോഴും അതിൽ മാറ്റം വരുത്താനുള്ള കാര്യങ്ങളിലേക്ക്‌ അവർ ഒരിക്കലും പ്രവേശിക്കുന്നില്ല, അവർ അത്‌ ആവോളം ആസ്വദിക്കുന്നു എന്നതാണ്‌ സങ്കടകരമായ വസ്തുത.

ഈശോ നൽകുന്ന സ്വാതന്ത്ര്യം എല്ലാവരേയും ഉൾക്കൊള്ളുന്ന തലത്തിലുള്ളതാണ്‌. അവന്റെ രാജ്യത്ത്‌ ആർക്കും വേർതിരിവുകളില്ല. എല്ലാവരും സ്വതന്ത്രരാണ്‌, എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്‌. വിശുദ്ധ പൗലോസ്‌ ഗലത്തിയക്കാരോട്‌ പറഞ്ഞതുപോലെ, “ക്രിസ്തുവിനോട്‌ ഐക്യപ്പെടാൻവേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്‌” (ഗലാത്തിയ 3:27-28).

നമ്മുടെ മാതൃരാജ്യമായ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളും ഒന്നിച്ച്‌ നാം ആഘോഷിക്കുമ്പോൾ മറിയമെന്ന അമ്മയെപ്പോലെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക്‌ ജീവിതത്തെ ചേർത്തു നിർത്താൻ നമുക്കും സാധിച്ചാൽ എത്ര നന്നായിരുന്നു. സത്യമാണ്‌ സ്വാതന്ത്ര്യം, സന്തോഷമാണ്‌ സ്വാതന്ത്ര്യം, സ്നേഹമാണ്‌ സ്വാതന്ത്ര്യം, സാഹോദര്യമാണ്‌ സ്വാതന്ത്ര്യം. ഇതിലെല്ലാം ഈശോയുണ്ട്‌ ഒപ്പം അവന്റെ അമ്മയായ മറിയവും എന്നത്‌ നമ്മുടെ ഹൃദയങ്ങളിൽ മുദ്രിതമാകട്ടെ. സത്യവും സന്തോഷവും സ്നേഹവും സാഹോദര്യവുമെല്ലാം ദൈവീകമാണെന്നും, ഇവയ്ക്ക്‌ പകരമായി ചെയ്യുന്നതെല്ലാം തിന്മയാണെന്നും തിരിച്ചറിയാം. ദൈവമേ സ്വർഗാരോപിതയായ പരിശുദ്ധ മറിയത്തെപ്പോലെ സത്യംതിരിച്ചറിഞ്ഞ്‌ സ്വാതന്ത്ര്യം പ്രാപിക്കാൻ നമ്മൾക്കും സാധിക്കട്ടെ.

എല്ലാവർക്കും ഭാരത സ്വാതന്ത്ര്യത്തിന്റേയും പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിന്റേയും മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.