സ്വാതന്ത്ര്യത്തിന്റെ മരിയ വഴികൾ

ഈശോയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുമ്പോൾ ഭാരതീയരായ നമുക്ക്‌ നമ്മുടെ നാടിന്റെ സ്വാതന്ത്യദിനം കൂടിയാണ്‌. ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്ന മംഗളവാർത്തയുടെ അവസാനഭാഗത്ത്‌ ഈശോയുടെ ജനനത്തെക്കുറിച്ച്‌ ദൂതൻ മറിയത്തെ അറിയിക്കുകയും, ദൈവത്തിന്‌ ഒന്നും അസാധ്യമല്ല എന്ന വാക്കുകളാൽ അവളുടെ സംശയമെല്ലാം ദുരീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ മറിയം പറഞ്ഞു: ഇതാ, കർത്താവിന്റെ ദാസി നിന്റെ വാക്ക്‌ എന്നിൽ നിറവേറട്ടെ (ലൂക്കാ 1:37-38). അപ്പോൾ മുതൽ മറിയം എന്ന ആ സാധാരണ സ്ത്രീയുടെ ജീവിതം പുതിയദിശയിലൂടെയുള്ള /ആത്മീയ സ്വാതന്ത്ര്യം നിറഞ്ഞ യാത്ര ആരംഭിക്കുകയായിരുന്നു എന്ന്‌ മനസിലാകും.

സ്ത്രീകൾക്ക്‌ യാതൊരുവിധത്തിലുമുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്നതും പുരുഷാധിപത്യം അതിശക്തവുമായിരുന്ന യഹൂദ സമൂഹത്തിലെ ഒരംഗമായിരുന്ന മറിയത്തിന്റെ ജീവിതം എത്രമാത്രം അസ്വാതന്ത്ര്യം നിറഞ്ഞതായിരുന്നിരിക്കാം എന്നത്‌ അധികം വിശദീകരണങ്ങളില്ലാതെ തന്നെ വ്യക്തമാണ്‌. എന്നാൽ ദൂതനിലൂടെ ദൈവം ആവശ്യപ്പെട്ട കാര്യത്തിനായി മറിയം സ്വയം വിട്ടുകൊടുത്ത നിമിഷം മുതൽ അവളിൽ വന്നുചേരുന്ന മാറ്റം പ്രത്യക്ഷമായി കാണവുന്നതാണ്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ മരിയ വഴികൾ അവിടെ ആരംഭിച്ചു.

താൻ വിവാഹനിശ്ചയം കഴിഞ്ഞവളാണെന്നും, ജോസഫിനോടുകൂടി സഹവസിക്കുന്നതിന്‌ മുൻപ്‌ തന്നെ ഗർഭിണിയായി കാണ്ടാൽ അത്‌ ജീവനുപോലും ഭീഷണിയാണെന്നും അറിയാത്തവളായിരുന്നില്ല മറിയം. എന്നിട്ടും അവൾ അൽപംപോലും ഭയപ്പെട്ടില്ല. എന്തെന്നാൽ ദൈവത്തിന്‌ ഒന്നും അസാധ്യമായില്ല എന്ന വാക്കുകൾ അവളെ അത്രമാത്രം ധൈര്യപ്പെടുത്തിയിരുന്നു. പിന്നീട്‌ മറിയം ചെയ്യുന്നത്‌ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെടുകയാണ്‌. ഈ യാത്രയിൽ മറിയത്തിന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി നാം വായിക്കുന്നില്ല. അതായത്‌ അവൾ തനിച്ചാണ്‌ ഈ യാത്ര നടത്തിയത്‌. ഇത്തരത്തിലൊരു യാത്ര നടത്താനും മറിയത്തിന്‌ ഭയമുണ്ടായിരുന്നില്ല. യാത്രാവസാനം തന്റെ ഇളയമ്മയായ എലിസബത്തിനെ അഭിവാദനം ചെയ്യുമ്പോൾ സംഭവിച്ച കാര്യങ്ങൾ തന്നിൽ ദൈവം പ്രവർത്തിക്കുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളായി മറിയം തിരിച്ചറിഞ്ഞിരുന്നു എന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഞാൻ.

ഭാവിജീവിതത്തിൽ വന്നുചേരാവുന്ന അനവധിയായ അസ്വസ്ഥകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും കൃത്യമായ അവബോധം ഉള്ളപ്പോഴും മറിയം എത്രയധികം സന്തോഷവതിയായിട്ടാണ്‌ കഴിയുന്നത്‌. നമ്മേ ഏവരേയും അതിശയിപ്പിക്കുന്ന ഒരു വസ്തുതതന്നെയാണിത്‌. നമുക്ക്‌ മനസിലാക്കാനാവുന്ന കാര്യമിതാണ്‌, ദൈവത്തിന്റെ ഹിതത്തിനായ്‌ സ്വയം വിട്ടുകൊടുത്തുകഴിഞ്ഞാൽ ഏതൊരാളുടേയും ജീവിതം സ്വതന്ത്രമാകും, യതൊരുവിധത്തിലുമുള്ള ബന്ധനങ്ങളും ഉണ്ടാവുകയില്ല. മറിയത്തിന്റെ സ്തോത്രഗീതത്തിലെ “ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും” എന്ന ഏറ്റുപറച്ചിൽ ഈ സ്വാതന്ത്ര്യം മറിയം കണ്ടെത്തിയതിന്റെ തെളിവുകൂടിയാണ്‌. മറിയം കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്തതുപോലുള്ള സ്വാതന്ത്ര്യത്തിന്റെ അഭാവമല്ലേ മിക്കപ്പോഴുമുള്ള നമ്മുടെ ആകുലതകൾക്ക്‌ കാരണം എന്ന്‌ തോന്നിക്കാറുണ്ട്‌.

ദൈവീക പദ്ധതിക്കായി തന്നെത്തന്നെ വിട്ടുകൊടുത്ത മറിയം യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചു എന്ന സത്യം ഉയർത്തിക്കാണിക്കുമ്പോൾത്തന്നെ സ്ത്രീ സമൂഹത്തിനാകെ പുതിയ സാധ്യതകളും അവൾവഴിയായി തുറന്നുകിട്ടി എന്നത്‌ വിസ്മരിക്കരുത്‌. പക്ഷേ, ഭൂരിപക്ഷം സ്ത്രീകളും ഇത്‌ തിരിച്ചറിയുന്നില്ല, ഇനി ചിലരെങ്കിലും തിരിച്ചറിഞ്ഞാൽത്തന്നെ അവരിലെ ഭയം അവരെ പിൻവലിക്കുകയും ചെയ്യുന്നു. കുറച്ചുപേർക്കെങ്കിലും അപ്രിയമാകുന്ന ഒരഭിപ്രായം ഏതെങ്കിലും ഒരു സ്ത്രീ പ്രകടിപ്പിച്ചാൽ ഏതെല്ലാം തരത്തിലാണ്‌ ആ സ്ത്രീയെ സമൂഹം അവഹേളിക്കുന്നത്‌ എന്ന്‌ നമുക്കറിയാം. സ്ത്രീ അബലയാണ്‌, കഴിവില്ലാത്തവളാണ്‌, പൊതുവായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ലാത്തവളാണ്‌ എന്നൊക്കെയുള്ള ധാരണകൾ നമ്മുടെ ഇടയിൽ ഇപ്പോഴും അലിഘിതമായി നിലനിൽകുന്നുണ്ട്‌. മറിയം സമൂഹത്തെ ഭയന്ന്‌ ഒളിച്ചോടുകയോ ദൈവഹിതത്തെ തിരസ്കരിക്കുകയോ അല്ല ചെയ്തത്‌. പകരം ഇനി എന്തിനും ഏതിനും ദൈവം ഒപ്പമുണ്ട്‌ എന്ന ധൈര്യത്തിൽ ജീവിതത്തെ സമീപിക്കുകയാണ്‌ ചെയ്തത്‌. അതുവഴി മറിയം നമുക്കെല്ലാവർക്കും അമ്മയായി മാറുകയും ചെയ്തു. വിശ്വാസികളായ സ്ത്രീകൾ ഈ വഴിയാണ്‌ തിരഞ്ഞെടുക്കേണ്ടത്‌ എന്നാണ്‌ എന്റെ പക്ഷം. മനുസ്മൃതിയിലെ നമ്മൾ കേട്ടു ശീലിച്ചിട്ടുള്ള ഒരു ശ്ളോകത്തിൽ പറയുന്നത്‌ ഇങ്ങനെയാണ്‌: സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത്‌ ദേവന്മാർ വിഹരിക്കുന്നു, അവർ ആദരിക്കപ്പെടാത്തിടത്ത്‌ ഒരു കർമ്മത്തിനും ഫലമുണ്ടാവുകയില്ല.

കാനായിലെ കല്യാണവീട്ടിൽ വീഞ്ഞുതീർന്നതറിയുന്ന മറിയം അവിടെ ഇടപെടുന്നത്‌ എപ്രകാരമാണെന്ന്‌ നമുക്കെല്ലാവർക്കും അറിയാം. അമ്മയായ മറിയത്തോട്‌ പുത്രനായ ഈശോ പ്രതികരിക്കുന്ന രീതിയും പറയുന്ന വാക്കുകളും സാധാരണക്കാർക്ക്‌ മനസിലാക്കാൻ പ്രയാസമുള്ളതാണ്‌. എന്നാൽ അവിടെയും മറിയത്തിന്‌ എല്ലാം മനസിലായി എന്നതാണ്‌ അവളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്‌. യാതൊരുവിധത്തിലുമുള്ള ബന്ധനങ്ങളില്ലാത്തിടത്തല്ലേ സ്വാതന്ത്ര്യമുണ്ടാകുക, അവിടെയല്ലേ ശരിയായ സ്നേഹമുണ്ടാകുക, അപ്പോഴല്ലേ മറിയത്തോട്‌ ഈശോ പറഞ്ഞ കാര്യങ്ങൾ മനസിലായതുപോലെ നമുക്കും പരസ്പരം മനസിലാകുക. ഇതല്ലേ ശരിക്കുമുള്ള സ്വാതന്ത്ര്യം?

സ്വാതന്ത്ര്യവും അതോടൊപ്പം സന്തോഷവും ഭാഗ്യവും കൈവരിക്കാൻ നാമെല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നവരാണ്‌. നാം ചെയ്യുന്ന ഓരോ കാര്യത്തിന്റേയും പിന്നിൽ ഇത്തരത്തിലുള്ള ആഗ്രഹം തീർച്ചയായും ഉണ്ടാകും. യഥാർത്ഥമായ ആത്മീയ സ്വാതന്ത്ര്യവും സന്തോഷവും ഭാഗ്യവും കൈമുതലായിരുന്ന മറിയത്തിന്‌ നമ്മെ സഹായിക്കാൻ സാധിക്കും എന്നത്‌ നിശ്ചയമാണ്‌. കാനായിലെ കല്യാണ വീട്ടിൽവച്ച്‌ മറിയം പരിചാരകരോട്‌ പറഞ്ഞത്‌ നമ്മളും പ്രാവർത്തികമാക്കുക എന്നതാണാക്കാര്യം.  “അവൻ നിങ്ങളോടു പറയുന്നത്‌ എന്തുതന്നെയായാലും ചെയ്യുവിൻ” (യോഹ 2:5). ആ പരിചാരകർക്ക്‌ അന്ന്‌ സാധിച്ചതുപോലെ, ഈശോ പറയുന്നത്‌ എന്തുതന്നെയായാലും ചെയ്യാൻ നമുക്കും സാധിക്കട്ടെ, അങ്ങനെ ശരിയായ സന്തോഷവും സ്വാതന്ത്ര്യവും നമ്മിലും നിറയട്ടെ, സ്വർഗാരോപിതയായ മറിയം നമുക്കായി മാധ്യസ്ഥം വഹിക്കട്ടെ.

സ്വാതന്ത്ര്യം എന്ന ആശയവും അത്‌ തുറന്നുതരുന്ന വിശാലമായ സാധ്യതകളും ഏറെ വലുതാണ്‌. നമ്മുടെ ഭാരതം എല്ലാത്തരത്തിലുമുള്ള അടിമത്തങ്ങളിലും നിന്ന്‌ പുറത്തുകടക്കണം എന്ന ആഗ്രഹത്തോടെ മറിയത്തോട്‌ ചേർന്ന്‌ പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനയ്ക്ക്‌ രവീന്ദ്രനാഥ ടാഗോർ ഗീതാഞ്ജലിയിൽ കുറിച്ചുവച്ച വാക്കുകളും സഹായകമാകട്ടെ.

“എവിടെ മനസ്‌ നിർഭയവും ശിരസ്സ്‌ ഉന്നതുവുമാണോ, എവിടെ അറിവ്‌ സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളാൽ ലോകം കൊച്ചുകഷണങ്ങളായി വിഭജിക്കപ്പെടാതിരിക്കുന്നുവോ, എവിടെ സത്യത്തിന്റെ അഗാധതയിൽ നിന്ന്‌ വാക്കുകൾ ഉദ്ഗമിക്കുന്നുവോ, എവിടെ അക്ഷീണമായ പൂർണതയുടെ നേർക്ക്‌ അതിന്റെ കൈകൾ നീട്ടുന്നുവോ, എവിടെ യുക്തിയുടെ സ്വച്ഛന്ദ പ്രവാഹം നിർജ്ജീവാചാരങ്ങളുടെ മരുഭൂമിയിലൊഴുകി വഴിമുട്ടാതിരിക്കുന്നുവോ, എവിടെ ചിരവികസിതമായ ചിന്തയിലേക്ക്‌ മനസിനെ ദൈവം നയിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്‌ എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ”.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.