ഗുരുതരമായ അപചയം ജർമൻ സഭക്ക് സംഭവിക്കാതിരിക്കാൻ പ്രാർത്ഥന ആഹ്വാനവുമായി ഫാദർ റോയ് പാലാട്ടി സി എം ഐ

സഭയിൽ ഭിന്നിപ്പിന് കാരണമായ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് സമാനമായ സാഹചര്യത്തിലാണ് വീണ്ടും ജർമനിയിലെ സഭ. അന്നത്തേതുപോലെതന്നെ, സഭ പുറം ശത്രുവിനെ നേരിടുന്ന സാഹചര്യത്തിൽതന്നെയാണ് ഇന്നും സഭയ്ക്ക് അകത്തുനിന്ന് സഭയ്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് സഭ ഓട്ടോമെൻ തുർക്കികളെ നേരിടുകയായിരുന്നെങ്കിൽ ഇന്ന് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലാണ് സഭ.

ഫ്രാൻസിസ് പാപ്പയെയും വിശ്വാസതിരുസംഘത്തെയും വെല്ലുവിളിച്ച്, സ്വവർഗ വിവാഹങ്ങൾ കൂട്ടമായി ആശീർവദിക്കാനുള്ള നീക്കവുമായി ജർമനിയിലെ ഒരുസംഘം ബിഷപ്പുമാരും വൈദികരും അൽമായരും മുന്നോട്ടുപോകുമ്പോൾ നമുക്ക് ചെയ്യാനാകുന്ന സുപ്രധാന പോരാട്ടത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നു, ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

ജർമൻ സഭയിൽ ഈ നാളുകളിൽ സംഭവിക്കുന്ന വളരെ വലിയ അപജയങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞിരിക്കും. പ്രത്യേകിച്ചും മേയ് 10ന് ‘സ്വവർഗ വിവാഹിത’രുടെ വലിയ കൂട്ടത്തെ ജർമനിയിലെ വിവിധ ദൈവാലയങ്ങളിലും സമൂഹങ്ങളിലുംവെച്ച് ആശീർവദിക്കുമെന്ന് തീരുമാനിച്ചിരിക്കുകയാണ് ബിഷപ്പുമാരും വൈദീകരും അൽമായരും ഉൾപ്പെട്ട ഒരു സംഘം. സ്വവർഗ വിവാഹിതരെ ഒരിക്കലും ആശീർവദിക്കരുതെന്ന് മാർച്ച് 15ന് ഫ്രാൻസിസ് പാപ്പയും വിശ്വാസ തിരുസംഘവും ജർമൻ സഭയോട് പ്രത്യേകം കൽപ്പിച്ചിരുന്നു.

എന്നാൽ, ഇത്തരം ഒരു കൽപ്പനയോട് ഒരിക്കലും തങ്ങൾ ചേരിക്കില്ലെന്ന് ജർമൻ ഭാഷ സംസാരിക്കുന്ന നിരവധി രാജ്യങ്ങളിൽനിന്നുള്ള 200ൽപ്പരം ദൈവശാസ്ത്രജ്ഞന്മാരും പുരോഹിതരും ബിഷപ്പുമാരും ഉൾപ്പെട്ട സംഘം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് മേയ് 10ന് ദൈവാലയങ്ങളിൽവെച്ചുതന്നെ ഇത്തരം ഒരു ആശീർവാദം നടത്തി തിരുസഭയ്‌ക്കെതിരെ സംഘടിതമായ ചില മുന്നേറ്റങ്ങൾ തങ്ങൾ നടത്തുമെന്ന് അവർ അറിയിച്ചത്.

മലയാളികളായ നമുക്ക് ഈ സഭയ്ക്കുവേണ്ടി കാര്യമായി പ്രാർത്ഥിക്കേണ്ടതുണ്ട്. നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ശുശ്രൂഷചെയ്യുന്ന നമ്മുടെ വൈദീകരെപ്പോലെയോ കന്യാസ്ത്രീകളെപ്പോലെയോ അല്ല ജർമനിയിൽ ശുശ്രൂഷ ചെയ്യുന്നവർ. പ്രത്യേകിച്ചും ഭാഷയുടെ ഒട്ടേറെ പരിമിതികൾ അവർക്കുണ്ട്. മാത്രമല്ല, ജർമൻ ജനത സവിശേഷമായ ഔന്നിത്യം അവകാശപ്പെടുന്ന സമൂഹമായതിനാൽ അവരുടെമേൽ ഒരു സ്വാധീനം ഉയർന്ന വിധത്തിൽ ചെലുത്താൻ നമുക്ക് പരിമിതിയുണ്ട്.

അതുപോലെ, അവരുടെ മുമ്പിൽ നമ്മുടെ മൂല്യങ്ങൾക്കുവേണ്ടി, സഭയുടെ കൃത്യമായ മൂല്യങ്ങൾക്കുവേണ്ടി ഒരു യുദ്ധത്തിന് തയാറാകാനോ ഒരുപക്ഷേ കുടിയേറ്റക്കാരായ പല വൈദീകർക്കും കന്യാസ്ത്രീകൾക്കും അൽമായർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, എക്കാലത്തും നമ്മുടെ ആയുധം പ്രാർത്ഥനയും ഉപവാസവുമാണല്ലോ. ഗുരുതരമായ അപജയം ജർമൻ സഭയ്ക്ക് സംഭവിക്കാതിരിക്കാൻ നമുക്ക് നമ്മുടെ സമൂഹങ്ങളിൽ, ഓൺലൈൻ കൂട്ടായ്മകളിൽ, വിവിധങ്ങളായ സഭാകൂട്ടായ്മകളിൽ, കുടുംബപ്രാർത്ഥനകളിൽ പ്രത്യേകം പ്രാർത്ഥിക്കാം.

അന്നും ആക്രമണം അകത്തുനിന്നുതന്നെ

കൃത്യമായി പറഞ്ഞാൽ 500 വർഷംമുമ്പാണ് 1521ൽ പ്രൊട്ടസ്റ്റന്റ് വിപ്ലവം പൊട്ടിപ്പുറപ്പെട്ട് മാർട്ടിൻ ലൂഥർ എന്ന പുരോഹിതൻ സഭയിൽനിന്ന് പുറത്താകുന്നത്. ഇപ്പോഴത്തെ സംഭവങ്ങൾ മറ്റൊരു വിപ്ലവത്തിന് അല്ലെങ്കിൽ, സഭയുടെ ഒരുതരം വേർതിരിവിന് കാരണമായേക്കുമോ എന്നുപോലും ആശങ്കപ്പെടുന്നവർ നിരവധിയാണ്. 500 വർഷംമുമ്പ് സഭ പുറത്തുള്ള ശക്തികളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സഭയുടെ അകത്ത് സഭയ്‌ക്കെതിരെതന്നെ ഒരു പറ്റം ആളുകൾ തിരിയുന്നത്. അത് തടയാൻ സഭയ്ക്ക് കഴിയാതെവന്നു. പിന്നീട് അതൊരു വലിയൊരു വിപ്ലവമായി വഴിമാറി.

ഇന്നും സഭയിൽനിന്ന് എത്രയോ പേരാണ് ചെറിയ കൂട്ടായ്മകളും വലിയ കൂട്ടായ്മകളുമായി അകന്നുപോയിരിക്കുന്നതെന്ന് നാം ഓർക്കണം. 500 വർഷം കഴിഞ്ഞപ്പോൾ ഇന്നും സഭ മാനവരാശിയോട് ചേർന്നുകൊണ്ട് ദൃശ്യഗോജരമല്ലാത്ത ഒരു വൈറസിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ നൂറുകണക്കിന് മനുഷ്യർ മരിച്ചുവീഴുന്ന നേരത്ത് തീർച്ചയായും മുഴുവൻ ശ്രദ്ധയും പ്രാർത്ഥനയും ഈ ജനത്തിനുവേണ്ടിയാണ്.

ഇങ്ങനെ പുറം ശക്തിക്കെതിരെ യുദ്ധം ചെയ്യുന്ന സമയത്താണ് അകത്ത് ഇത്തരം അപജയങ്ങൾ സംഭവിക്കുന്നത്. ജർമൻ സഭയുടെമേൽ വലിയ കരുണയുണ്ടാകുന്നതിനുവേണ്ടി നാം കാര്യമായി പ്രാർത്ഥിക്കണം. 83 മില്യനാണ് ജർമൻ ജനസംഖ്യ. അതിൽ തന്നെയും ഏതാണ്ട് 50 മില്യണിലധികംപേർ പ്രൊട്ടസ്റ്റന്റ് സഭാ, കത്തോലിക്കാ സഭാ വിശ്വാസികളാണ്. ഏതാണ്ട് 22 മില്യൺ വരും കത്തോലിക്കർ. എന്നാൽ, ഇതിൽ ഏഴ് ശതമാനത്തിൽ താഴെമാത്രമാണ് ദൈവാലയങ്ങളിൽ പോകുന്നത്.

ബെനഡിക്ട് 16-ാമൻ പറഞ്ഞത്…

ഒട്ടേറെ ദൈവാലയങ്ങൾ അടയ്ക്കപ്പെട്ടിട്ടുണ്ട്. ശുശ്രൂഷകൾ നിന്നുപോയിട്ടുണ്ട്. എന്നാൽ ഇതിനിടയിലും ധാരാളം നന്മകൾ ചെയ്യുന്ന, ഭാരതം പോലുള്ള സഭയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന, ഒട്ടേറെ പേരെ സ്വീകരിക്കുന്ന സഭയാണ് ജർമൻ സഭ. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വൈദീകരും വൈദീക വിദ്യാർത്ഥികളും കന്യാസ്ത്രീകളും ഏറ്റവുമധികം ആശ്രയിക്കുന്നതും ജർമൻ സഭയുടെ സഹായമാണ് എന്നുകൂടി അറിയണം. അതിനാൽ നമുക്ക് വലിയ കടമയുണ്ട് ഈ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ.

ഉയർന്ന സമ്പദ്‌വ്യവസ്ഥയുള്ള, ലോകത്തിലെ ഏറ്റവും വലിയ സഭ എന്ന് പറയുന്നതും ജർമൻ സഭ തന്നെയാണ്. നമുക്ക് പ്രാർത്ഥിക്കണം, ഈ സഭയെ ഈ നാളുകളിൽ വളരെ കാര്യമായി പൊതിഞ്ഞു പിടിക്കണമേയെന്ന്. ജർമൻ സഭയുടെ ഓമനപുത്രൻ എന്ന് വിശേഷിപ്പിക്കാവുന്ന പാപ്പ എമരിത്തൂസ് ബെനഡിക്ട് 16-ാമനോട് ഒന്നര പതിറ്റാണ്ടുമുമ്പ് ഗ്രന്ഥകാരൻകൂടിയായ പത്രപ്രവർത്തൻ പീറ്റർ സിവാൾഡ് ചോദിച്ചു: ‘അങ്ങയുടെ ജന്മനാടിനെ കുറിച്ച് ഓർക്കുമ്പോൾ അങ്ങേയ്ക്ക് വിഷാദവും ഉത്കണ്ഠയുമുണ്ടോ?

ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ‘ആകുലതയോട് കൂടിയാണ് ഞാൻ ജർമനിയെ നോക്കുന്നത്. ഏത് പ്രതിസന്ധിയിലും തങ്ങൾക്ക് അഭയം കണ്ടെത്താനുള്ള സമാധാനത്തിന്റെ സ്ഥലമായിരുന്ന സഭ ഇപ്പോൾ അങ്ങനെയല്ലാതായി തീർന്നിരിക്കുന്നതിനാൽ അവർ സഹിക്കുന്നു. അവർ ദുഃഖിക്കുന്നു. അവർ വിലപിക്കുന്നു. വലിയ ഭൗതികമായ ഔന്നിത്യം അവകാശപ്പെടുന്നവരാണ് ഞങ്ങൾ ജർമൻകാർ. ഏതുകാര്യത്തിലും കാരണം തേടിയുള്ള യാത്രയാണ് ഞങ്ങൾ നടത്തുന്നത്. യുക്തിപരമല്ലാത്തതൊന്നും സ്വീകരിക്കാൻ സമ്മതിക്കാറുമില്ല. എന്നിട്ടും ജർമൻ ജനതയെ ഹിറ്റ്‌ലർ അന്ധതയിൽ നിലനിർത്തി എന്നുകൂടി നാം ഓർക്കണം.’

അതേ, ഒട്ടേറെ ഭൗതികമായ ഔന്നിത്യവും വളർച്ചയും സംഭവിച്ചിരിക്കുന്ന ഒരു രാജ്യത്തെ എത്രമാത്രം അധപതനത്തിലേക്ക് തള്ളിവിടാൻ ദുഷ്ടശക്തികൾക്ക് കഴിയും എന്ന് നാം അറിയണം. 2017ലാണ് ജർമനിയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. ഒരു കാലത്ത് ഒരു സംസ്‌ക്കാരത്തെ ശുദ്ധി ചെയ്തിരുന്ന സഭ ഇന്ന് ജീർണാവസ്ഥയിലാണ്. ജീർണതയുടെ സംസ്‌ക്കാരം എത്രയോ വേഗത്തിൽ സഭാ ഗാത്രത്തെയും അതിന്റെ സന്തുലിതാവസ്ഥയേയും തകർക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ജർമൻ സഭ തന്നെയാണ്.

ഹൃദയത്തിൽ ഏറ്റുവാങ്ങാം ക്രിസ്തുവിന്റെ വിലാപം

ജർമനിയിലെ സഭയെ നമുക്ക് ദൈവത്തിന്റെ കരങ്ങളിൽ കൊടുക്കാം. പ്രത്യേകിച്ചും പാപ്പയെയും വിശ്വാസ തിരുസംഘത്തെയും വെല്ലുവിളിച്ച് മേയ് 10ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ തിന്മപ്രവൃത്തി ഒഴിഞ്ഞുപോകാനും ഒരിടയന്റെ കീഴിൽ എല്ലാവരും ഏകമനസോടെ ഒരുമിച്ചു കൂടാനുമുള്ള അവസരത്തിന് വഴിമാറാനുമായി നമുക്ക് പ്രാർത്ഥിക്കാം. ഒരിക്കലും സഭയുടെ വിഭജനത്തിന് ഇത് കാരണമാകരുതേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

മത്തായിയുടെ സുവിശേഷം 23-ാം അധ്യായത്തിൽ, തകർന്നുവീഴുന്ന ജറുസലേം ദൈവാലയത്തെ നോക്കിക്കൊണ്ട്, ശൂന്യമായി കിടക്കുന്ന ദൈവാലയത്തിന്റെ ഗതികേട് കണ്ടുകൊണ്ട് ഈശോ വിലപിക്കുന്ന വാക്കുകൾ നാം ഹൃദയത്തിൽ ഏറ്റുവാങ്ങണം. ‘ജറുസലേം, ജറുസലേം പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കു കീഴിൽ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ വിസമ്മതിച്ചു. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായി തീർന്നിരിക്കുന്നു.’ ജർമൻ സഭയെ പരിത്യക്തമാകാനും ശൂന്യമാകാനും വിട്ടുകൊടുക്കരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം


കടപ്പാട് സൺഡേ ശാലോം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.