ജ്ഞാനസ്‌നാന മാതാപിതാക്കള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് കറ്റാനിയ രൂപതയില്‍ വിലക്ക്

ഇറ്റലി: അടുത്ത മൂന്നുവര്‍ഷത്തേക്ക് കറ്റാനിയ ,സിസിലി രൂപതയില്‍ നടക്കുന്ന മാമ്മോദീസാ ചടങ്ങുകളില്‍ ജ്ഞാനസ്‌നാന മാതാപിതാക്കളുണ്ടായിരിക്കുകയില്ല. ഈ മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ആര്‍ച്ച് ബിഷപ് സാര്‍വത്തോര്‍ ഗ്രിസ്റ്റിനയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഗോഡ് പേരന്റ്‌സ് ആയി വരുന്ന വ്യക്തികളില്‍ 99 ശതമാനത്തിനും ആ റോള്‍ വഹിക്കാനുളള യോഗ്യതയില്ലാത്തവരാണെന്ന് ആര്‍ച്ച് ബിഷപ് സാല്‍വത്തോര്‍ പറയുന്നു.

നല്ല മാതൃകകളാണ് കുട്ടികള്‍ക്ക് ഉണ്ടാവേണ്ടത്. ഇവിടെ അത് സംഭവിക്കുന്നില്ല. അദ്ദേഹം വിശദീകരിക്കുന്നു.

ഇതോടെ കത്തോലിക്കാസഭയില്‍ പരമ്പരാഗതമായി നിലനിന്നുപോന്നിരുന്ന ഒരു കീഴ് വഴക്കത്തിന് താല്ക്കാലികമായിട്ടാണെങ്കിലും വിലക്ക് വന്നിരിക്കുകയാണ്. സിസിലിയിലെ രണ്ടാമത്തെ വലിയ നഗരമാണ് കറ്റാനിയ. സുദീര്‍ഘമായ കത്തോലിക്കാപാരമ്പര്യം അവകാശപ്പെടുന്ന രൂപതയാണ് ഇത്. വിശുദ്ധ പത്രോസ് തന്നെ അഭിഷേകം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ ആദ്യ ബിഷപ് വിശുദ്ധ ബിറിലസ് ഇവിടുത്തുകാരനായിരുന്നു.

ജ്ഞാനസ്‌നാന മാതാപിതാക്കള്‍ നല്ല കത്തോലിക്കാവിശ്വാസികളായിരിക്കണമെന്നും അവര്‍ കുട്ടികളെ അവരുടെ ആത്മീയയാത്രയില്‍ സഹായിക്കുകയും ചെയ്യണമെന്നുമാണ് സഭയിലെ വിശ്വാസം. മാമ്മോദീസാ സ്വീകരിച്ച വ്യക്തിയുടെ കത്തോലിക്കാ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിവുളള വ്യക്തിയായിരിക്കണം ജ്ഞാനസ്‌നാന മാതാപിതാക്കള്‍. മാര്‍ച്ചിലാണ് ആദ്യമായി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ലോക്ക് ഡൗണ്‍ കാലത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നിലവില്‍ വന്നു. ജ്ഞാനസ്‌നാന മാതാപിതാക്കളില്‍ നിന്ന് സഭ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ബോധ്യം വരുമെന്ന് ആര്‍ച്ച് ബിഷപ് വിചാരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.