ദൈവാനുഗ്രഹം പ്രാപിക്കാനായി ഈ പ്രാര്‍ത്ഥനയോടെ എല്ലാ ദിവസവും ആരംഭിക്കാം

നമുക്കിതാ ഒരു പുതിയ പ്രഭാതം കൂടി ലഭിച്ചിരിക്കുന്നു. ഇന്നലെകളില്‍ നാം എന്തുമാത്രം സങ്കടപ്പെടുകയോ നിരാശപ്പെടുകയോ ചെയ്തിരുന്നുവെങ്കിലും ഈ ദിവസത്തില്‍ നാം നിരാശപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യരുത്. കാരണം ഇന്നലെ കഴിഞ്ഞുപോയി.

അതുകൊണ്ട് ഇന്നലെത്തെ സങ്കടങ്ങളും കുഴിച്ചുമൂടണം. പുതിയ പ്രഭാതത്തിലേക്ക് പുതിയ സന്തോഷത്തോടെ നാം എണീല്ക്കണം. അങ്ങനെ എണീല്ക്കണമെങ്കില്‍ നാം ദൈവകൃപയുള്ളവരായിരിക്കണം. ദൈവ കൃപയ്ക്കായി നാം പ്രാര്‍ത്ഥിക്കുകയും വേണം. ഇതാ കിടക്കയില്‍ എണീറ്റിരുന്ന് ഓരോ ദിവസവും പ്രഭാതത്തില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും സന്തോഷത്തോടെ ആ ദിവസത്തെ വരവേല്ക്കാനും കഴിയുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥന:

സര്‍വ്വശക്തനായ എന്റെ ദൈവമേ, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ പ്രത്യാശ നിറയ്ക്കാനും അവിടുന്ന് സ്വപുത്രനെ ഈ ഭൂമിയിലേക്ക് അയച്ച് ഞങ്ങളുടെ നിത്യരക്ഷയെ ഉറപ്പുവരുത്തിയല്ലോ. അവിടുന്ന് കാണിച്ച ആ വലിയ സ്‌നേഹത്തെപ്രതി ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു. നിത്യപ്രകാശമായ ക്രിസ്തു ഞങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ. ഞങ്ങളുടെ കണ്ണുകളിലെ വെളിച്ചം അണയാതിരിക്കട്ടെ.

ഓരോ ദിവസവും അവിടുത്തെ സമ്മാനമാണെന്ന ബോധ്യം ഞങ്ങള്‍ക്ക് നല്കട്ടെ. ആ ബോധ്യത്തോടെ ജീവിക്കാനും ദിവസങ്ങളെ പ്രയോജനപ്പെടുത്താനും ഞങ്ങളെ സഹായിക്കണമേ. ഓ നല്ലവനായ എന്റെ ഈശോ എന്റെപാപങ്ങളും കുറ്റങ്ങളും കുറവുകളും പരിഗണിക്കാതെ എന്റെ ബലഹീനതകളും വൈകല്യങ്ങളും ഗൗനിക്കാതെ എന്നെ എന്നും സ്‌നേഹിക്കണമേ. അവിടുത്തെ സ്‌നേഹത്തില്‍ മാത്രം ഞാന്‍ ഉറപ്പും വിശ്വാസവും കണ്ടെത്തുന്നു. ആരൊക്കെ എന്നെ ഉപേക്ഷിച്ചുപോയാലും ഞാന്‍ തന്നെയും നിന്നെ തള്ളിപ്പറഞ്ഞാലും എന്നെ അങ്ങ് കൈവെടിയരുതേ.

എന്റെ ജീവിതത്തിന്റെയും ദിവസത്തിന്റെയും പ്രവൃത്തിയുടെയും വിചാരത്തിന്റെയും സമ്പത്തിന്റെയും ജോലിയുടെയും ബന്ധങ്ങളുടെയും എനിക്കുള്ള എല്ലാറ്റിന്റെയും നാഥനായി അങ്ങ് വാഴണമേ.

എന്റെ ഈശോ എന്നെ സ്‌നേഹിക്കണേ..എന്റെ ഈശോ എന്നെ രക്ഷിക്കണേ..എന്റെ ഈശോ എന്നെ അനുഗ്രഹിക്കണേ.. എന്റെ ഈശോ ഈ ദിവസത്തെ മുഴുവനും അങ്ങേയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് എന്നും എപ്പോഴും ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.