തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണോ, ഇതാ ഈ പ്രാര്‍ത്ഥന ചൊല്ലൂ

ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് മുമ്പില്‍ നാം അന്തിച്ചുനിന്നുപോകാറുണ്ട്. പ്രത്യേകിച്ച് ചില തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍.. തെറ്റിപ്പോകുമോ ശരിയാകുമോ പാളിപ്പോകുമോ കുറ്റം കേള്‍ക്കേണ്ടിവരുമോ ഇങ്ങനെ ഒരുപാട് ചിന്തകളും ആശങ്കകളും നമ്മെ മഥിക്കാറുണ്ട്.

അസ്വസ്ഥത നിറഞ്ഞ ജീവിതസാഹചര്യത്തില്‍ പലപ്പോഴും നമുക്ക് ശരിയായ തീരുമാനമെടുക്കാന്‍ കഴിയാറുമില്ല. കാരണം പല പല സ്വരങ്ങള്‍ അവിടവിടെയായി ഉയര്‍ന്നുവരും. ഏതു തിരഞ്ഞെടുക്കണം എന്ന് നമുക്ക് തന്നെ അറിഞ്ഞുകൂടാത്ത സാഹചര്യം. ഇത്തരം നിസ്സഹായതയില്‍,വൈഷമ്യങ്ങളില്‍ നാം ആദ്യം ചെയ്യേണ്ടത് സ്വസ്ഥരാകുക എന്നതാണ്. സ്വസ്ഥമായി ദൈവത്തിന് മുമ്പിലിരിക്കുക.

അവിടുത്തെ സ്വരം കേള്‍ക്കാന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുക്കുക. എല്ലായ്‌പ്പോഴും ശാന്തതയിലാണ് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുന്നത്. മനസ്സിനെ ഒരുക്കി, ശരീരത്തെ ക്രമപ്പെടുത്തി നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ഓ കര്‍ത്താവേ അവിടുത്തെ ദിവ്യപ്രകാശം എനിക്ക് നല്കിയാലും. ശരിയായ പാത തിരഞ്ഞെടുക്കാന്‍ എനിക്ക് കരുത്ത് നല്കിയാലും. എന്നെ രൂപപ്പെടുത്തിയെടുത്ത അവിടുത്തെ അനന്തകാരുണ്യത്തിന് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ എടുക്കുന്ന തീരുമാനം അങ്ങേ തിരുവിഷ്ടം അനുസരിച്ചുള്ളതായിരിക്കാന്‍ എന്നെ സഹായിക്കണമേ.

എന്റെ ആത്മാവിന്റെ രക്ഷയും അതുറപ്പുവരുത്തണമേ. അന്ന് സാമുവല്‍ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു, കര്‍ത്താവേ ഇതാ അവിടുത്തെ ദാസന്‍..എന്നോട് സംസാരിക്കണമേ.
എപ്പോഴും നിന്റെ ഇഷ്ടം നിറവേറ്റുവാന്‍ ഞാന്‍ സന്നദ്ധനാണെന്ന് ഇതാ പറഞ്ഞുകൊള്ളുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.