പരിശുദ്ധ മറിയത്തിന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍വി. ലൂക്കാ സുവിശേഷകന്‍ പരി. കന്യകാമറിയത്തിന്റെ ഒരു ചിത്രം വരച്ചിട്ടുണ്ട് എന്ന പാരമ്പര്യം പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ ശക്തമാണ്. പരി.കന്യകാമറിയത്തിന്റെ നാമത്തിലുള്ള റോമിലെ ബസിലിക്കായുടെ (Maria Maggiore) വലതുവശത്ത് അള്‍ത്താരയ്ക്കു മുകളിലായുള്ള പരി. കന്യകാമറിയത്തിന്റെ മനോഹര ചിത്രം വി. ലൂക്കാ വരച്ചതാണ് എന്ന് ഇന്നും വിശ്വസിച്ചു പോരുന്നു.

മൈലാപ്പൂരിലുള്ള മാര്‍തോമ്മാശ്ലീഹായുടെ കബറിടത്തിങ്കല്‍ നിന്നു കണ്ടെടുത്തതും തോമ്മാശ്ലീഹാ കൊണ്ടുവന്നതെന്നു വിശ്വസിക്കപ്പെടുന്നതുമായ മാതാവിന്റെ ചിത്രവും വി. ലൂക്കാ വരച്ചതാണ് എന്നതാണ്  മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം. നിറക്കൂട്ടുപയോഗിച്ചു ക്യാന്‍വാസില്‍ വി. ലൂക്കാ മറിയത്തിന്റെ ചിത്രം വരച്ചോ എന്നു കൃത്യമായി അറിയുവാന്‍ നമുക്ക് മാര്‍ഗ്ഗമില്ല. എന്നാല്‍, വി. ലൂക്കാ മറിയത്തിന്റെ ഒരു വാഗ്മയചിത്രം വരച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന് നമുക്ക് തെളിവുണ്ട്. വി. ലൂക്കായുടെ ഇരുഗ്രന്ഥങ്ങളുമാണ് ഈ തെളിവ്. വി. ലൂക്കാ വരച്ച ഈ ചിത്രം അടുത്തു കാണുവാനുള്ള ശ്രമമാണിവിടെ.
സുവിശേഷത്തിലെ ആദ്യരണ്ടധ്യായങ്ങളിലാണ് വി.ലൂക്കാ മറിയത്തെക്കുറിച്ചു കൂടുതലായി പ്രതിപാദിക്കുന്നത്.

രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് ഗബ്രിയേല്‍ ദൈവദൂതന്‍ വെളിപ്പെടുത്തുന്ന രംഗത്തു തെളിഞ്ഞുനില്ക്കുന്ന രൂപം മറിയത്തിന്റേതാണ്. ആദ്യത്തെ രണ്ടധ്യായങ്ങളിലെ തുടര്‍ന്നുള്ള രംഗങ്ങളില്‍ മാനുഷിക കഥാപാത്രങ്ങളില്‍ മുഖ്യമായതു മറിയം തന്നെ. ഈശോയുടെ പരസ്യജീവിതകാലത്തും മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണശേഷം പ്രാര്‍ത്ഥനയില്‍ ഒന്നിച്ചിരിക്കുന്ന ശിഷ്യസമൂഹത്തിലും മറിയത്തെ കാണാം.

കന്യകയായ സീയോന്‍പുത്രി

പഴയനിയമ ദൈവജനമായ ഇസ്രായേല്‍ കന്യകയായാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്(ജറെ.31, 4.20; ആമോസ്5, 1-6) കന്യകയായ ഈ ഇസ്രയേലുമായാണ് ദൈവം ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ടത്. ഈ ഉടമ്പടി ബന്ധത്തെ ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധത്തോട് ഉപമിക്കുന്നതും പഴയനിയമത്തിന്റെ ശൈലിയാണ്. ദൈവമായ കര്‍ത്താവ് ഭര്‍ത്താവും സീയോന്‍പുത്രിയായ ഇസ്രയേല്‍  കന്യകയായ ഭാര്യയും (ഹോസിയ 1-3; ഏശ 62, 4-5; ജറെ 2, 2) പുതിയനിയമത്തില്‍ കന്യകയായ സഭ മിശിഹായുടെ മണവാട്ടി ആയിരിക്കുന്നതുപോലെ കന്യകയായ ഇസ്രായേല്‍ ദൈവത്തിന്റെ ഭാര്യയായിരുന്നു (2. കൊറി. 11, 2; എഫേ 5, 32). ഈ വിശ്വാസ പശ്ചാത്തലത്തിലാണ് മറിയത്തിന്റെ കന്യാത്വം പ്രസക്തമാകുന്നത്.  ദൈവവുമായി വിവാഹബന്ധത്തിലേര്‍പ്പെടുവാന്‍ മറിയത്തെ പ്രാപ്തയാക്കിയത് അവളുടെ കന്യാത്വമാണ്. ഈ ബന്ധത്തില്‍ മറിയം ദൈവജനത്തിന്റെ പ്രതിനിധിയായി വര്‍ത്തിക്കുന്നു.
നസ്രത്തിലെ കന്യകയായ മറിയത്തിന്റെ പക്കലേക്കാണു ദൈവം തന്റെ ദൂതനെ അയയ്ക്കുന്നത് എന്നു വി. ലൂക്കാ വ്യക്തമാക്കുന്നുണ്ട്(ലൂക്കാ1, 27).രക്ഷണീയ പദ്ധതിയില്‍ ദൈവത്തോടു സഹകരിച്ചു മിശിഹായുടെ അമ്മയാകാനുള്ള വിൡുമാണ് ദൂതന്‍ വന്നത്.

ഇതുവഴി രക്ഷാകരചരിത്രത്തിലും ഉടമ്പടിയിലും ദൈവം മറിയത്തെ ഉള്‍ച്ചേര്‍ക്കുകയായിരുന്നു. അപ്രകാരം
ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ മറിയത്തിനു സുപ്രധാനസ്ഥാനം കൈവന്നു. മറിയം മനുഷ്യവംശത്തിന്റെ അഭിമാനമായി മിശിഹായുടെ മണവാട്ടിയായ തിരുസഭയുടെ പ്രതീകവുമായി.

കന്യകയായി തുടര്‍ന്നുകൊണ്ടാണു മറിയം ദൈവപുത്രനെ ഗര്‍ഭം ധരിക്കുന്നതും അവനു ജന്മം നല്കുന്നതും. മറിയം നിത്യ കന്യകയാണ്.
ആഹ്ലാദിക്കുവാനുള്ള ആഹ്വാനവുമായാണല്ലോ ദൂതന്‍ മറിയത്തെ സമീപിക്കുന്നത്. (ലൂക്കാ 1.28; Rejoice, O favoured one). പഴയ നിയമത്തില്‍ ആഹ്ലാദിക്കുവാനുള്ള സമാനമായ ക്ഷണം സീയോന്‍ പുത്രിയ്ക്കാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, സഖറിയാ പ്രവാചകനില്‍ നമ്മള്‍ ഇപ്രകാരം കാണുന്നു. ”സീയോന്‍ പുത്രി, അതിയായി സന്തോഷിക്കുക, ജറുസലേംപുത്രി, ആര്‍പ്പു വിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു.” (സഖ 9, 9) സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന മെസയാനിക രക്ഷയെപ്രതി സന്തോഷിക്കുവാനാണ് സീയോന് ക്ഷണം. സെഫാനിയായിലും ഇതുതന്നെ നമ്മള്‍ വായിക്കുന്നു. ”സീയോന്‍ പുത്രി, ആനന്ദഗാനമാലപിക്കുക; ഇസ്രയേലേ, ആര്‍പ്പുവിളിക്കുക, ജറുസലേംപുത്രി, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. ഇസ്രായേലിന്റെ രാജാവായ കര്‍ത്താവു നിങ്ങളുടെ മധ്യേയുണ്ട്” (സെഫാ 3,14) ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അഭിവാദനം ചെയ്യുന്നതും ഇതേ ശൈലിയില്‍ ഇതേ ഫോര്‍മുല ഉപയോഗിച്ചാണ്.

ഇസ്രായേല്‍ ജനത്തിന്റെ ആശകളും പ്രതീക്ഷകളും ഏറ്റുവാങ്ങിയിരുന്ന പുതിയ സീയോന്‍പുത്രിയാണു മറിയം എന്നു വ്യഗ്യം. ഇസ്രായേലിന്റെ പ്രതിനിധി. ഒപ്പം സഭയുടെയും, ഇപ്രകാരം സഭ മറിയത്തില്‍ ജന്മമെടുക്കുകയായിരുന്നു.

ദൈവകൃപ നിറഞ്ഞവള്‍

പഴയനിയമത്തില്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ വഴി പ്രായം കവിഞ്ഞ, വന്ധ്യകളായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന സംഭവങ്ങള്‍ പലതുണ്ട്. ഈ ഗര്‍ഭധാരണങ്ങള്‍ അത്ഭുതകരമെങ്കിലും ഭാര്യഭര്‍തൃസംയോഗത്തിലൂടെയാണ്  സംഭവിച്ചത്. ഉദാഹരണത്തിന് അബ്രാഹത്തിന്റെ ഭാര്യയായ സാറാ  ഇസഹാക്കിനെയും  (ഉല്പ 17-18) എല്‍ക്കാനയുടെ ഭാര്യയായ ഹന്നാ സാമുവേലിനെയും ഗര്‍ഭം ധരിക്കുന്ന രംഗങ്ങള്‍ (ന്യായാ 13) അത്ഭുതകമായ ഈ ഗര്‍ഭധാരണങ്ങളെക്കുറിച്ചുള്ള ദൈവീകദൂതന്റെ അറിയിപ്പിനോട് ഏറെ സാമ്യമുണ്ട് കന്യകാമറിയത്തിനുലഭിക്കുന്ന അറിയിപ്പിന്. എന്നാല്‍ ചരിത്രത്തിലിതുവരെ ഒരു കന്യകയായിത്തന്നെ തുടര്‍ന്നുകൊണ്ട് ഗര്‍ഭം ധരിച്ചിട്ടില്ലാത്തതിനാല്‍ മറിയത്തിനു ലഭിക്കുന്ന അറിയിപ്പിന് അസാധാരണത്വമുണ്ട്. ഇസ്രായേലിലെ ഒരു വിനീത കന്യകയ്ക്ക്, സെഹിയോന്‍ പുത്രിയ്ക്ക്, കന്യകയായി ഗര്‍ഭം ധരിച്ച്, കന്യകയായിത്തന്നെ പ്രസവിക്കുവാനും ദൈവത്തിന്റെയും ദാവീദിന്റെയും പുത്രനായ മിശിഹായുടെ അമ്മയാകുവാനുമുള്ള വിളി ലഭിക്കുന്നു. ദൈവ പുത്രന്റെ മനുഷ്യാവതാരത്തില്‍ സവിശേഷമാംവിധം സഹകരിക്കുവാനുള്ള വിളിയായിരുന്നു മറിയത്തിനു ലഭിച്ചത്.

‘ദൈവകൃപ നിറഞ്ഞവളെ” എന്ന അഭിവാദനവുമായാണു ദൂതന്‍ മറിയത്തെ  സമീപിക്കുന്നത്. അസ്തിത്വാരംഭം മുതല്‍ക്കേ ദൈവമാതൃത്വത്തിനായി ദൈവകൃപയാല്‍ ഒരുക്കപ്പെട്ടവളാണു മറിയം എന്നാണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം. ദൈവകൃപ മറിയത്തെ വിശുദ്ധീകരിച്ചു ദൈവപുത്രനു മാതാവാകുവാനായി ഒരുക്കി രക്ഷാകരപദ്ധതിയില്‍ ഉന്നതത്തില്‍ നിന്നുള്ള ശക്തിയാല്‍ മിശിഹായുടെ മാതാവാകുവാന്‍ മറിയത്തെ തന്റെ കൃപ നിറച്ചു ദൈവം തയ്യാറാക്കിയതിനെയാണു ദൂതന്‍ ദ്യോതിപ്പിക്കുന്നത്. ”നന്മ നിറഞ്ഞ മറിയമേ” എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ നമ്മള്‍ എറ്റുപറയുന്നതും ഇതേ യാഥാര്‍ത്ഥ്യത്തെതന്നെയാണ്.
1854-ല്‍ ഒമ്പതാം പീയുസ് മാര്‍പാപ്പാ Ineffabilis Deus എന്ന ചാക്രിക ലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനമായി ചൂണ്ടിക്കാണിച്ചത് വി. ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്ന ദൂതന്റെ ഈ അഭിവാദനത്തെയായിരുന്നു (ലൂക്കാ 1,28).

ദൈവം മറിയത്തെ പാപത്തിലും പാപഫലങ്ങളിലും നിന്നു കാത്തു സംരക്ഷിച്ചു എന്നു സുചിതം. ദൈവമാതൃത്വം ലക്ഷ്യം വച്ചായിരുന്നു ഈ പ്രത്യേക പരിഗണന.
 

കര്‍ത്താവു കൂടെയുള്ളവള്‍

ദൈവികപദ്ധതിയോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാനായി ദൈവം ഒരു വ്യക്തിയെ വിളിക്കുമ്പോള്‍ ദൗത്യനിര്‍വ്വഹണത്തില്‍ ശക്തിപ്പെടുത്തി സഹായിക്കുവാനായി അവിടുന്ന് ആ വ്യക്തിയുടെ കൂടെ ഉണ്ടായിരുക്കുമെന്ന വാഗ്ദാനം പഴയനിയമത്തില്‍ കാണാം. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാനായി മോശയെ വിളിച്ചപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു. ”ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണ് നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം, നീ ജനത്തെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്നുകഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും” (പുറ 3,12). മോശ സ്വന്തശക്തിയാലല്ല ജനത്തെ വിമോചിപ്പിച്ചത്; കൂടെയുണ്ടായിരുന്ന കര്‍ത്താവിന്റെ ശക്തിയാലാണ്. അതുപോലെതന്നെ, ജോര്‍ദ്ദാന്‍ നദി കടത്തി ഇസ്രായേല്‍ ജനത്തെ വാഗ്ദത്ത ഭൂമിയായ കാനാന്‍ ദേശത്തേക്ക് കൊണ്ടുപോകാനുള്ള വിളി ലഭിച്ച ജോഷ്വായോടു ദൈവം അരുളിച്ചെയ്തു: ”നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും” (ജോഷ്വാ 1, 9)

വീണ്ടും, മിദിയാന്‍കാരുടെ കരങ്ങളില്‍ നിന്നും ദൈവജനത്തെ വിമോചിപ്പിക്കുവാനായി കര്‍ത്താവു ഗിദയോനെ വിളിക്കുമ്പോള്‍ ഇപ്രകാരം പറഞ്ഞുകൊണ്ടാണ് ദൂതന്‍ ആരംഭിക്കുന്നത്. ”ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവു നിന്നോടുകൂടെ” (ന്യായാ. 6,12)
ദൈവപുത്രന്റെ അമ്മയാകാനുള്ള വിളിയാണു മറിയത്തിനു ലഭിച്ചത്. ഈ വലിയ ദൗത്യനിര്‍വ്വഹണത്തിനു ദൈവത്തിന്റെ ക്രിയാത്മക സഹായവും സഹകരണവും ഉണ്ടാകും എന്നതിന്റെ ഉറപ്പാണ്. ”കര്‍ത്താവ് നിന്നോടുകൂടെ” എന്ന ദൂതന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. പരി. ആത്മാവിന്റെ  ആവാസത്താലാണല്ലോ അവള്‍ കന്യകയായിത്തുടര്‍ന്നുകൊണ്ടുതന്നെ ഗര്‍ണിയാകുന്നതും ജന്മം നല്കുന്നതും.
പഴയനിയമ നേതാക്കന്മാരോടും പരി.കന്യകാ മറിയത്തോടും എന്നതുപോലെ ഇന്നും ദൈവികപദ്ധതിയോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വിളിക്കപ്പെടുന്നവരോടുകൂടെ ആയിരുന്നുകൊണ്ട് കര്‍ത്താവ് അവരെ ശക്തിപ്പെടുത്തും.

റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുക്കുന്നേല്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.