സത്യവിശ്വാസത്തിന്റെ പുണ്യനിമിഷങ്ങള്‍; പാസ്റ്റര്‍ സജിത് ജോസഫും കുടുംബവും അമ്പതോളം പേരും കത്തോലിക്കാസഭയിലേക്ക് തിരികെയെത്തി

പുനലൂര്‍: അനേകരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ഫലപ്രാപ്തി കൈവരിച്ച നിമിഷങ്ങള്‍.ഒരു ഇടയനും ഒരൊറ്റ തൊഴുത്തുമാകുമെന്ന ദൈവികപ്രവചനത്തിന്റെ ഓര്‍മ്മയുണര്‍ത്തിയ നിമിഷങ്ങള്‍. പുനലൂര്‍ കത്തീഡ്രല്‍ ദേവാലയം കഴിഞ്ഞ ദിവസം സാക്ഷിയായത് സുന്ദരവും അപൂര്‍വ്വമായ ഈ നിമിഷങ്ങള്‍ക്കായിരുന്നു.

പലകാലങ്ങളില്‍,പല ഘട്ടങ്ങളിലായി പല കാരണങ്ങളാല്‍ കത്തോലിക്കാസഭവിട്ടു പോയ അമ്പതിലധികം പേരുടെ കത്തോലിക്കാസഭയിലേക്കുള്ള മടങ്ങിവരവും കത്തോലിക്കാസഭാംഗങ്ങളായുള്ള ഏറ്റുപറയലുമാണ് ഇവിടെ സംഭവിച്ചത്. ഇപ്രകാരം മടങ്ങിവന്നവരില്‍ മുമ്പന്‍ പ്രമുഖ പ്രൊട്ടസ്റ്റന്റ് സുവിശേഷപ്രഘോഷകനും ഗ്രേസ് കമ്മ്യൂണിറ്റ് സ്ഥാപകനുമായ ബ്ര. സജിത് ജോസഫായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുമക്കളും കത്തോലിക്കാസഭാംഗങ്ങളായി. കൂടാതെയാണ് ഗ്രേസ് കമ്മ്യൂണിറ്റിയിലെ അമ്പതോളം പേരും തിരികെയെത്തിയത്. പുനലൂര്‍ബിഷപ് ഡോ. സില്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍.

പതിനഞ്ചാം വയസില്‍ പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നു സജിത്. ഇപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസുണ്ട്. പ്രശസ്ത ധ്യാനപ്രസംഗകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പോലെയുള്ളവരുടെ പ്രബോധനങ്ങളാണ് തന്നെ കത്തോലിക്കാസഭയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ പേര്‍ കത്തോലിക്കാസഭയിലേക്ക് തിരികെയെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സത്യസഭ വിട്ടുപോയവരുടെ മടങ്ങിവരവിന് വേണ്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി കത്തോലിക്കാസഭയിലെ ധ്യാനഗുരുക്കന്മാരുടെയും വിശ്വാസികളുടെയും കൂട്ടായ്മയില്‍ നിരന്തരമായ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. മരിയന്‍ മിനിസ്ട്രിയും ഈ പ്രാര്‍ത്ഥനാകൂട്ടായ്മയോട് ചേര്‍ന്നിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.