ഡോ. തങ്കം പനോസിന്റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു

ലണ്ടൻ: മലബാർ കുടിയേറ്റ ജനതയുടെ ആതുരശുശ്രൂഷ രംഗത്ത് അനർഘമായ  സംഭാവനകൾ നൽകി തൻ്റെ ജീവിതകാലത്തെ അനുഗ്രഹമാക്കി  കടന്നു പോയ  ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. മലബാർ കുടിയേറ്റ കാലത്തെ സാധാരണ ജനത്തിന്റെ കൈത്താങ്ങായിരുന്നു ഡോ. തങ്കം പാനോസ് എന്നും അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒരു ജനതക്കാകമാനം ആശ്വാസകരമായിരുന്നുവെന്നും ബിഷപ്‌ മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു. തലശേരി അതിരൂപതയുടെ ആരംഭ കാലഘട്ടത്തിൽ അനേക  കുടുംബങ്ങൾക്ക് ഡോ. തങ്കം പനോസിന്റെ സേവനം മൂലം ആരോഗ്യവും ജീവനും തിരിച്ചുകിട്ടിയ സംഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. 

പേരാവൂർ തൊണ്ടിയിലെ  ആദ്യകാല എംബിബിഎസുകാരിയായ പനത്തോട്ടത്തിൽ തങ്കം പനോസ്  കുടിയേറ്റ മേഖലയിലെ സാധാരണക്കാരുടെ ഇടയിൽ നിസ്വാർത്ഥമായ സേവനം കാഴ്ചവച്ച വക്തിത്വമാണ്. മലബാറിലെ  ആരോഗ്യമേഖലയ്ക്ക് ഡോ. തങ്കം പനോസ് നൽകിയ സംഭാവനകൾ നിസ്തുലമാണ്. മാർച്ച് 29  ന് അന്തരിച്ച ഡോ. തങ്കം പനോസിന്റെ ശവസംസ്‌കാരം ഏപ്രിൽ 15 ന് വെസ്റ്റ് സസ്സെക്സിലെ  റെഡ് ഹില്ലിൽ നടക്കും.

ഡോ’ തങ്കം പനോസിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അനുശോചനം അറിയിക്കുന്നതായും  പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചനസന്ദേശത്തിൽ അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.