കോട്ടാബാറ്റോ: ഫിലിപ്പൈന്‍സിലെ കത്തീഡ്രല്‍ ദേവാലയത്തിന് വെളിയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു. കോട്ടാബാറ്റോ നഗരത്തിലെ കത്തീഡ്രല്‍ ദേവാലയത്തിന് വെളിയില്‍ വച്ച് ഡിസംബര്‍ 22 നായിരുന്നു സംഭവം. പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പട്ടാളക്കാരും ഉള്‍പ്പെടുന്നു.
പട്ടാളക്കാര്‍ക്ക് നേരെ നടന്ന ആക്രമണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് രണ്ടിടങ്ങളില്‍ കൂടി സമാനമായ രീതിയില്‍ ആക്രമണം നടന്നു. ലിബുന്‍ഗാന്‍ നഗരത്തിലും യുപി പട്ടണത്തിലുമാണ് സ്‌ഫോടനം നടന്നത്.
ആദ്യത്തെ സ്‌ഫോടനത്തില്‍ ആറുപേര്‍ക്കും രണ്ടാമത്തെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്കും മുറിവുകളേറ്റു. സംഭവത്തിന്റെ ഉ്ത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള നഗരങ്ങളില്‍ നടന്ന സ്‌ഫോടനം ക്രൈസ്തവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടന്ന അവസരത്തിലായിരുന്നു സ്‌ഫോടനമെന്നും അത് വിശ്വാസികളെ ഭയാകുലരാക്കിയെന്നും ഫാ. റോബ് ലെസ് മാധ്യമങ്ങളോട് പറഞ്ഞു. ഒബ്ലേറ്റ്്‌സ് ഓഫ് മേരി ഇമാക്കുലേറ്റ് കോണ്‍ഗ്രിഗേഷന്‍ നടത്തിവരുന്ന റേഡിയോ സ്‌റ്റേഷന്റെ ഗെയ്റ്റില്‍ നി്ന്നാണ് ഗ്രനേഡ് വലിച്ചെറിഞ്ഞത്.