കാവല്‍ മാലാഖയ്ക്ക് നമ്മുടെ ചിന്തകളും വിചാരങ്ങളും മനസ്സിലാക്കാന്‍ കഴിവുണ്ടോ?

കത്തോലിക്കാവിശ്വാസത്തിന്റെ ഒരു ഭാഗമാണ് കാവല്‍മാലാഖമാരുടെ നിലനില്പ്പും അവര്‍ നമുക്ക് നല്കുന്ന സംരക്ഷണവും. ഈ ലോകജീവിതത്തില്‍ നമ്മുടെ യാത്രകള്‍ സുരക്ഷിതമായിത്തീര്‍ക്കുന്നതിന് ദൈവം നിയമിച്ചവരാണിവര്‍. ഇതോടൊപ്പം ഒരു ചോദ്യം ഉയരുന്നുണ്ട്. കാവല്‍മാലാഖമാര്‍ക്ക് നമ്മുടെ ചിന്തകള്‍ മനസ്സിലാക്കാന്‍ കഴിവുണ്ടോ?

നമ്മുടെ മനസ്സിലേക്ക് കടന്നുവരാനും നമ്മുടെ രഹസ്യമായ ചിന്തകള്‍ പോലും മനസ്സിലാക്കാനും കഴിവുണ്ടോ? ഈ ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം ഇല്ല എന്നു തന്നെയാണ്.

കാവല്‍മാലാഖമാര്‍ക്ക് നമ്മുടെ ചിന്തകള്‍ പ്രാപ്യമല്ല. ദൈവത്തിന് മാത്രമേ നമ്മുടെ ചിന്തകള്‍ മനസ്സിലാക്കാന്‍ കഴിവുള്ളൂ. കാരണം അവിടുന്നാണല്ലോ നമ്മുടെ സ്രഷ്ടാവ്? ദൈവത്തിനല്ലാതെ മാലാഖമാര്‍ക്ക് പോലും അക്കാര്യം അറിയില്ല എന്ന് വിശുദ്ധ ഗ്രന്ഥം ഒരിടത്ത് പറയുന്നുണ്ടല്ലോ?

ഇങ്ങനെയാണെങ്കിലും കാവല്‍മാലാഖമാര്‍ നമ്മുടെ ചിന്തകളെ ഗ്രഹിക്കാന്‍ കഴിവില്ലാത്തവരൊന്നുമല്ല. ആത്മീയമായ രീതിയിലൂടെ നമ്മുടെ ചിന്തകളെ കാവല്‍മാലാഖമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ നമുക്ക്കഴിയും. കാവല്‍മാലാഖയോടുള്ള സംസാരത്തിലൂടെ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരോട് പ്രാര്‍ത്ഥിക്കുന്നതുപോലെയും ഭൂമിയിലെ സുഹൃത്തുക്കളോട് സംസാരിക്കുന്നതുപോലെയും നമുക്ക് വികാരവിചാരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും.

പക്ഷേ നമ്മുടെ സമ്മതമോ അനുവാദമോ ഇല്ലാതെ കാവല്‍മാലാഖ നമ്മുടെ ചിന്തകള്‍ ഗ്രഹിക്കുകയില്ല നമ്മുടെ ചിന്തകള്‍ കാവല്‍മാലാഖയോട് പങ്കുവയ്ക്കാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു സുഹൃത്തിനോടെന്നപോലെ അത് പറയുക.

അങ്ങനെ വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നീട് കാവല്‍മാലാഖ നമ്മുടെ സംരക്ഷണം കൂടുതലായി ഏറ്റെടുക്കുകയും നമ്മെ നിത്യജീവിതത്തിലേക്ക് ഒരുക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.