ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സാന്നിധ്യം തിരിച്ചറിയാനായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കൂ

ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് കത്തോലിക്കര്‍. അപ്പം ഈശോയുടെ ശരീരവും വീ്ഞ്ഞ് അവിടുത്തെ രക്തവുമാണെന്ന് സഭയും പഠിപ്പിക്കുന്നു. എങ്കിലും ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കെങ്കിലും കഴിയാറില്ല. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ പോലും. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെടാനും ഈശോയുടെ തിരുശരീരരക്തങ്ങളാണ് നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതെന്നും മനസ്സിലാക്കാനുമായി ആത്മീയമായ ബോധ്യങ്ങള്‍ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ നമ്മെ ഏറെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ലോകത്തിന്റെ അറിവുകള്‍ കൊണ്ടല്ല ജ്ഞാനം കൊണ്ടുമാത്രമേ നമുക്ക് ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെ മനസ്സിലാക്കാനാവൂ. അതുകൊണ്ട് ദിവ്യകാരുണ്യസ്വീകരണം ഫലദായകമാകാന്‍, ഈശോയുടെ സാന്നിധ്യം ദിവ്യകാരുണ്യത്തില്‍ തിരിച്ചറിയാന്‍ നാം പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

ഓ പരിശുദ്ധാത്മാവേ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വേളയില്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യം തിരിച്ചറിയാനും ഈ ദിവ്യരഹസ്യം മനസ്സിലാക്കുന്നതിനും എന്നെ സഹായിക്കണമേ. എന്റെ ബുദ്ധിയെയും ധാരണകളെയും പ്രകാശി്പ്പിക്കണമേ. എന്റെ ഹൃദയത്തില്‍ ദൈവസ്‌നേഹാഗ്നി ജ്വാല കൊളുത്തണമേ. ക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം എനിക്ക് നല്കണമേ. ദിവ്യകാരുണ്യസ്വീകരണ വേളയില്‍ എന്നെ അങ്ങയുടെ ആത്മാവാല്‍ നിറയ്ക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.