അള്‍ത്താരയിലെ ഐക്യത്തിലൂടെ സഭയിലെ ഐക്യത്തിലേക്ക്…

വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനത്തോടെയാണ് സീറോ മലബാര്‍ സഭാസിനഡ് അവസാനിച്ചിരിക്കുന്നത്. ഏകീകൃത ബലിയര്‍പ്പണരീതി അടുത്ത ആരാധനക്രമവത്സരം മുതല്‍ നടപ്പിലാക്കാന്‍തീരുമാനിച്ചിരിക്കുന്നു എന്നതാണ് അത്.

അതായത് 2021 നവംബര്‍ 28 മുതല്‍ ഏകീകൃതബലിയര്‍പ്പണ രീതിയിലേക്ക് നാമെല്ലാവരും മാറും. സഭയുടെ ഐക്യത്തിന് വേണ്ടി ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷകരമായ പ്രഖ്യാപനമാണ്. എന്നാല്‍ അപ്പോഴും അവിടവിടെയായി ചില അസ്വാരസ്യങ്ങള്‍ ഉയരുന്നത് നമ്മെ ആശങ്കപ്പെടുത്തുന്നുമുണ്ട്. വിഘടിച്ചുനില്ക്കാനും എതിര്‍പ്പുകള്‍ പ്രകടമാക്കാനും നമുക്ക് അനേകം കാരണങ്ങളുണ്ടാവാം.

എന്നാല്‍ എല്ലാവിധത്തിലുള്ള ഐക്യത്തിലേക്ക് നമ്മെ കടത്തിക്കൊണ്ടുപോകാന്‍ ഒരൊറ്റ ചിന്ത മതി. ക്രിസ്തു നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെണീല്ക്കുകയും ചെയ്തു. സഭയിലെ അനൈക്യം സാത്താന്റെ പ്രവര്‍ത്തനമാണെന്നുകൂടി നാം മനസ്സിലാക്കണം. വിഘടിപ്പിച്ചുനിര്‍ത്താനാണ് സാത്താന്‍ എന്നും ശ്രമിക്കുന്നത്. അവന്റെ കെണികളില്‍ ബോധപൂര്‍വ്വം വീഴുകയാണ് അധികാരികളെ എതിര്‍ക്കുന്നതിലുടെ സംഭവിക്കുന്നത്.ആരാധനാരീതികളുടെയും മറ്റും പേരില്‍ എതിര്‍പ്പുപ്രകടിപ്പിക്കുമ്പോള്‍ സാത്താന് അനുകൂലമായ നയമാണ് നാം സ്വീകരിക്കുന്നത്.

സഭയെ തകര്‍ക്കാന്‍ സാത്താന്‍ എന്നും ഉപയോഗിക്കുന്നത് സഭയ്ക്കുളളില്‍ തന്നെ നില്ക്കുന്നവരെയായിരുന്നു. അനൈക്യം വിതറുക എന്നതാണ് അതിനായി സാത്താന്‍ പ്രയോഗിക്കുന്ന എളുപ്പവഴി. ഈ കുതന്ത്രം നാം തിരിച്ചറിയുകയും ഇതിനെതിരെ പോരാടുകയും ചെയ്യണം. പരിശുദ്ധപിതാവിനോടും തിരുസഭയോടുമുള്ള വിധേയത്വമാണ് സീറോ മലബാര്‍ സഭയുടെ ഏററവും വലിയ പ്രത്യേകത. ഈവിധേയത്വം ഇല്ലാതാകുമ്പോള്‍ നാം പരിശുദ്ധപിതാവിനെ തന്നെയാണ് എതിര്‍ക്കുന്നത്.

അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണെന്നും മറന്നുപോകരുത്. സഭയിലെ ഐക്യം തകര്‍ക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി സമര്‍പ്പിച്ചു നമുക്ക് പ്രാര്‍തഥിക്കാം. അമ്മ അവരെ മാനസാന്തരത്തിലേക്ക് നയിക്കട്ടെ.

നമുക്കാരെയും കുറ്റപ്പെടുത്തണ്ടാ..പക്ഷം പിടിക്കുകയും വേണ്ട. സത്യം പുലരാന്‍ പ്രാര്‍ത്ഥിക്കുക. അനുസരിക്കാനുളളകൃപയ്ക്കുവേണ്ടി ആഗ്രഹിക്കുക. സഭയില്‍ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക. ബാക്കിയുളളതെല്ലാം പരിശുദ്ധാത്മാവ് ചെയ്തുകൊള്ളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.