മാറ്റമില്ല, ഏകീകൃത കുര്‍ബാന അര്‍പ്പണം 28 മുതല്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി 8 ന് തന്നെ നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. മുന്‍നിശ്ചയം അനുസരിച്ചുതന്നെ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്നും അക്കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ഒരു വിഭാഗം വൈദികര്‍ കുര്‍ബാന ഏകീകരണത്തിനെതിരെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പല തെറ്റിദ്ധാരണകളും ഒരു വിഭാഗം ആളുകള് പ്രചരിപ്പിക്കുന്നുണ്ട്. ദേവാലയങ്ങളുടെ ഘടനയില്‍ മാറ്റംവരുത്തി സക്രാരി മാറ്റി സ്ഥാപിക്കുമെന്നും പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാലകള്‍, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മ്മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കും തുടങ്ങിയ വ്യാജ ആരോപണങ്ങളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ അതീവജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

കുര്‍ബാന ഏകീകരണത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ വൈദികരുടെ ചെയ്തികളെക്കുറിച്ച് വേദനയോടെ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ മുകളില്‍ ദൈവമുണ്ടെന്നോര്‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ താക്കീത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.