കുരിശപ്പം ഉണ്ടാക്കാന്‍ കുരുത്തോലയില്ലെങ്കില്‍ അപ്പത്തിന്മേല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കുരിശടയാളം വരച്ചാലും മതി: ഇടുക്കി രൂപതയില്‍ നിന്ന് വിശുദ്ധവാരാചരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കരിമ്പന്‍: പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ നടത്തുന്ന അപ്പംമുറിക്കല്‍ ശുശ്രൂഷയ്ക്കുള്ള കുരിശപ്പം തയ്യാറാക്കുന്നതിന് മുന്‍വര്‍ഷത്തെ കുരുത്തോലയുടെ അഭാവത്തില്‍ അപ്പത്തിന്മേല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കുരിശടയാളം വരച്ചാലും മതിയെന്ന് ഇടുക്കി രൂപതയിലെ വലിയാചരണത്തിലെ തിരുക്കര്‍മ്മങ്ങള്‍ സംബന്ധിച്ച് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

കൗദാശികമായ കുമ്പസാരത്തിനണയുവാന്‍ അസാധ്യമായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണ മനസ്താപത്തോടെ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ കുമ്പസാരം നടത്തുമെന്ന ഉറച്ച തീരുമാനത്തോടെ ദൈവതിരുമുമ്പില്‍ പാപം ഏറ്റുപറഞ്ഞ് പാപമോചനം നേടണം. ദു:ഖവെള്ളിയാഴ്ച ഭവനങ്ങളില്‍ ക്രൂശിതരൂപം പീഠത്തിന്മേല്‍ അലങ്കരിച്ചുവയ്ക്കുകയും ഭവനാംഗങ്ങള്‍ ഒന്നുചേര്‍ന്ന് കുരിശിന്റെ വഴി നടത്തുകയും ചെയ്യണം.

ദേവാലയങ്ങളില്‍ അനുദിന ബലിയര്‍പ്പണം നടത്തുമ്പോള്‍ പുറത്തേക്ക് കേള്‍ക്കുന്നതിനായി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.