സമ്മാനങ്ങളില്‍ വച്ചേറ്റവും വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സമ്മാനങ്ങളില്‍വച്ചേറ്റവും വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ സ്‌നേഹം തന്നെയാണ് പരിശുദ്ധാത്മാവ്. പെന്തക്കുസ്താ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

കഷ്ടപ്പാടിന്റെ സമയത്ത് നാം തേടുന്ന ആശ്വാസം വേദനസംഹാരികള്‍ പോലെ താല്‍ക്കാലികമായിരിക്കും. എന്നാല്‍ അവയൊരിക്കലും സൗഖ്യം തരില്ല. നമ്മളായിരിക്കുന്നതുപോലെ നമ്മെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് മാത്രമേ നമുടെ ഹൃദയത്തിനും സമാധാനം നല്കാന്‍ കഴിയൂ. ഇതിന് പരിശുദ്ധാത്മാവ് മാത്രമാണ് ഏക പ്രതിവിധി.

പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ പ്രവര്‍ത്തി്ക്കുകയും നമ്മുടെ കൂടെ നടക്കുകയും ചെയ്യുന്നു. നമ്മുടെ ആശ്വാസത്തിന്റെ ഉറവിടമാണ് പരിശുദ്ധാത്മാവ്.

നമ്മുടെ ഉള്ളിലെ വേദനയും ഇരുട്ടും ഏകാന്തതയും നേരിടാന്‍ പരിശുദ്ധാത്മാവിന് ഹൃദയം തുറന്നുകൊടുക്കണം. ശിഷ്യന്മാരുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലം മാറ്റമുണ്ടായതോടെ പരിശുദ്ധാത്മാവിന്റെ സ്വീകരണത്തോടെ നമ്മുടെ ജീവിതങ്ങളിലും മാറ്റം വരും. ബലഹീനതകളും പ്രശ്‌നങ്ങളും അപ്രത്യക്ഷമാവുകയല്ല മറിച്ച് അവയെ ഭയമില്ലാതെ അഭിമുഖീകരിക്കാനാണ് പരിശുദ്ധാത്മാവിന്റെ സ്വീകരണത്തിലൂടെ അപ്പസ്‌തോലന്മാര്‍ക്ക് കഴിഞ്ഞത്.

പരിശുദ്ധാത്മാവ് നമ്മെ തിന്മയുടെ വഞ്ചനകളില്‍ നിന്ന് രക്ഷിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞകാല തെറ്റുകളില്‍ കെട്ടപ്പെടാതെയും ഭാവിയെ കുറിച്ചുള്ള ഭയത്താല്‍ മരവിക്കാതെയും വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ പരിശുദ്ധാത്മാവ് ഉപദേശിക്കുന്നു. സഭ ഒരു മനുഷ്യപ്രസ്ഥാനമല്ലെന്നും അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.