സ്വവര്‍ഗ്ഗ വിവാഹം; ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതും പറയാത്തതും

ഇന്നലെ മുതല്‍ ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഒന്നുപോലെ റിപ്പോര്‍ട്ട് ചെയ്ത ഒന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നതായിട്ടുള്ള വാര്‍ത്ത. വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കത്തോലിക്കാസഭയുടെ ഇതുവരെയുള്ള പ്രബോധനങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വരുത്തിയ വിപ്ലവകരമായ തീരുമാനം എന്നാണ് ഇതേക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരിച്ചത്.

ഇതേതുടര്‍ന്ന് വിശ്വാസികള്‍ക്കിടയില്‍ പോലും ആശയക്കുഴപ്പങ്ങളും വിയോജിപ്പുകളും ഉണ്ടായി. ധാര്‍മ്മികരോഷം പലരും പ്രകടിപ്പിച്ചു. മാര്‍പാപ്പ പറഞ്ഞത് കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു സര്‍വരുടെയും അഭിപ്രായം.

എന്നാല്‍ മാര്‍പാപ്പ ഈ പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലം നാം മനസ്സിലാക്കണം. ഫ്രാന്‍ചെസ്‌ക്കോ എന്ന ഡോക്യുമെന്ററിയില്‍ പാപ്പ പറഞ്ഞ പ്രസ്താവനയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് അത്. ഡോക്യുമെന്ററിയെ ഡോക്യുമെന്ററിയായി കാണണം. സഭാപ്രബോധനങ്ങള്‍ നല്കുന്നത് ഒരിക്കലും ഡോക്യുമെന്ററിയിലൂടെയല്ല. ഡോക്യുമെന്ററി , അത് തയ്യാറാക്കുന്ന വ്യക്തിയുടെ കൂടി അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പതിയുന്ന പ്രോഗ്രാമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളെ സാഹചര്യത്തില്‍ നിന്നും വേര്‍പെടുത്തി സഭാപ്രബോധനത്തിന് വിരുദ്ധമായി അവതരിപ്പിക്കുക എന്ന പതിവ് സഭാവിരുദ്ധശൈലിയാണ് ഇവിടെയും നടപ്പിലാക്കപ്പെട്ടത്. മാര്‍പാപ്പ മുമ്പ് പറഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. എല്‍ജിബിടി അവസ്ഥകളിലുളളവര്‍ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാകരുതലും പരിഗണനയുംസ്‌നേഹവും അവര്‍ അര്‍ഹിക്കുന്നതാണെന്നും പാപ്പ ഇതിനുമ ുമ്പും പറഞ്ഞിട്ടുള്ളതാണ്. മനുഷ്യനെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടു മാത്രമാണ് പാപ്പ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയത്.

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരിരക്ഷ നല്കണമെന്ന് മാര്‍പാപ്പ പറഞ്ഞതായി മാധ്യമങ്ങളില്‍വരുന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണ്. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കുടുംബജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മാറിമറിയുന്നതല്ല. അതിന് നൂറ്റാണ്ടുകളുടെ കീഴ് വഴക്കമുണ്ട്. അതുകൊണ്ടുതന്നെ അത്തരം പ്രബോധനങ്ങളെക്കുറി്ച്ചുള്ള കാഴ്ചപ്പാടുകള്‍ ഒരിക്കലും മാറുന്നതുമല്ല.

ചുരുക്കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി പറയപ്പെടുന്ന ഡോക്യുമെന്ററിയിലെ ഒരു വാചകത്തിന്റെ പേരില്‍ സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം വരുന്നതേയില്ല. തെറ്റിദ്ധാരണകളും വിഷമങ്ങളും അകറ്റി കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ മായം കലരില്ലെന്ന വിശ്വാസത്തോടെ ധീരരായി നില്ക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.