ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു, കന്യാസ്ത്രീ അറസ്റ്റില്‍

തഞ്ചാവൂര്‍: പതിനേഴുകാരിയുടെ ആത്മഹത്യയെ തുടര്‍ന്ന് കത്തോലിക്കാ കന്യാസ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂവൈനല്‍ ആക്ട് പ്രകാരമാണ് 62 കാരിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ സഹായ മേരിയെ അറസ്റ്റ് ചെയ്തത്.

കുംഭകോണം രൂപതയുടെ കീഴിലുള്ള പൂണ്ടിമാതാ ഷ്രൈന് സമീപത്താണ് ഹോസ്റ്റല്‍. ജനുവരി 9 നാണ് പെണ്‍കുട്ടി വിഷം കഴിച്ചത്. 10 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെയും കുടുംബത്തെയും മതംമാറ്റാന്‍ സിസ്റ്റര്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുള്ള മാനസികപീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് വിശദീകരണം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മതം മാറാത്തതിന്റെ പേരില്‍ താന്‍ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് പെണ്‍കുട്ടി ഇതില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ അമ്മ എട്ടുവര്‍ഷം മുമ്പ് മരിച്ചുപോയതാണ്. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. രണ്ടാനമ്മയുടെ പീഡനം സഹിക്കാനാവാതെ ഹോസ്റ്റലില്‍ തന്നെയാണ് പെണ്‍കുട്ടികഴിഞ്ഞുപോന്നത്. ലോക്ക് ഡൗണ്‍കാലത്തുപോലും വീട്ടിലേക്ക് പോകാന്‍ അവള്‍ തയ്യാറായിരുന്നില്ല. നാഷനല്‍ ലോയേഴ്‌സ് ഫോറം ഓഫ് റിലീജിയസ് ആന്റ് പ്രീസ്റ്റ്‌സ് വക്താവും ഈശോസഭാംഗവുമായ ഫാ. ആരോഗ്യസ്വാമി സന്താനം പറയുന്നു.

വിഷം കഴിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി നടത്തുന്നതാണ് ഹോസ്റ്റല്‍.

പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നടത്തണമെന്ന് ഫാ. ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. മതംമാറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.