ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം: മാര്‍ പാംപ്ലാനി

ബുഡാപെസ്റ്റ്: ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യമെന്നും സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് അതെന്നും തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു മാര്‍ പാംപ്ലാനി.

ദൈവത്തെക്കാള്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാത്തവിധം മഹത്വമുളളവനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യാശയെന്നത് നിരാശയുടെ വിപരീതപദമോ എല്ലാം ശരിയാകുമെന്നെ മിഥ്യാബോധമോ അല്ല.അത് മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ കണ്ടുമുട്ടുന്ന അനുഭവമാണ്. ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനക്രമം പൗരസ്ത്യ സുറിയാനിസഭയുടെ ആരാധനാക്രമമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവതാരം പകരുന്ന പ്രത്യാശയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ആരാധനാക്രമത്തിന്റെ ആദ്യരൂപത്തിന് സുവിശേഷങ്ങളോളം പഴക്കമുണ്ട്. അദ്ദേഹം പറഞ്ഞു.

ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണ്ണപിന്തുണയിലും ആതിഥേയത്വത്തിലുമാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്നത്. അഞ്ചിന് ആരംഭിച്ച കോണ്‍ഗ്രസ് നാളെ സമാപിക്കും. സമാപനദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.