ദൈവത്തില്‍ കൂടുതലായി ശരണപ്പെടാന്‍ കഴിയുന്നില്ലേ, എങ്കില്‍ കരുണയുടെ മാതാവിനോട് മാധ്യസ്ഥം യാചിക്കൂ


ചില നേരങ്ങളില്‍ ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് നമുക്ക് സംശയം തോന്നാം. അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുണ്ടോ…നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നുണ്ടോ.

ദൈവത്തെക്കുറിച്ച് സംശയം തോന്നുമ്പോള്‍ അവിടുന്നില്‍ ശരണം വയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല. എന്നാല്‍ ഒരു കാര്യം നാം മനസ്സിലാക്കണം ദൈവത്തിന്റെ കരുണ അന്തമില്ലാത്തതാണ്. ആ കരുണയ്ക്ക് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെ കരുണ കൊണ്ട് നാം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കാന്‍ അവിടുത്തോട് അപേക്ഷിക്കുകയാണ് വേണ്ടത്.

ദൈവത്തിലുള്ള നമ്മുടെ ശരണം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അധികം കഴിവുള്ളത് പരിശുദ്ധ അമ്മയ്ക്കാണ്. ദൈവത്തിലേക്ക് അടുക്കാന്‍ നമുക്ക് സാധിക്കാതെ വരുമ്പോഴെല്ലാം നാം അമ്മയുടെ കൂട്ടുപിടിക്കണം. മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് നമുക്ക് ധൈര്യപൂര്‍വ്വം കടന്നുചെല്ലാം. ഇക്കാര്യത്തില്‍ കരുണയുടെ മാതാവാണ് നമുക്കേറെ സഹായിയായിട്ടുള്ളത്.

ഇതാ കരുണയുടെ മാതാവിനോടുള്ള ഒരു പ്രാര്‍ത്ഥന:

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളിലും ആവശ്യങ്ങളിലും ഏറ്റവും ഉറപ്പുള്ള സങ്കേതമായി ഞാനിതാ അമ്മയുടെ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. എന്റെ സംരക്ഷകയും അഭിഭാഷകയുമായി ഞാനിതാ അമ്മയെ സ്വീകരിക്കുന്നു.

അമ്മയോടുള്ള എന്റെ സ്‌നേഹത്തില്‍ അനുദിനം എന്നെ നടത്തണമേ. എന്റെ ശരീരവും ആത്മാവും അമ്മയുടെ വിശുദ്ധികൊണ്ട് കഴുകണമേ. അമ്മയുടെ കാലടിപ്പാടുകളെ അനുഗമിക്കാനും ആ വഴിയെ സഞ്ചരിക്കാനും എന്നെ സഹായിക്കണമേ. അമ്മയെ പോലെയായിത്തീരുവാന്‍ എന്നെ സഹായിക്കണമേ.

എത്ര വലിയ പാപം ചെയ്തുപോയാലും അമ്മയിലുള്ള എന്റെ വിശ്വാസം എനിക്ക് നഷ്ടപ്പെടുത്തരുതേ. എപ്പോഴും നിന്റെ ഹിതം അന്വേഷിക്കാനും അവിടുത്തെ കരുണ കൊണ്ട് നിറയപ്പെടുവാനും എന്നെ സഹായിക്കണമേ. അമ്മ എന്നില്‍ നിന്ന് ആഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ അവിടുത്തെ കൃപ എനിക്ക് നല്കിയാലും
അമ്മേ മാതാവേ, എന്റെ അന്ത്യവിധിനാളില്‍ ഞാനെങ്ങനെയാണ് അമ്മയുടെ മുമ്പില്‍ നില്ക്കുക? ദൈവത്തെ മാത്രമായിസ്‌നേഹിക്കാനും സേവിക്കാനുമായി എനിക്ക് അനുവദിക്കപ്പെട്ട വര്‍ഷങ്ങളെയും ദിവസങ്ങളെയും പാഴാക്കിക്കളഞ്ഞതിന് ഞാനെങ്ങനെ ഉത്തരം കൊടുക്കും?

അപ്പോള്‍ ഞാന്‍ അമ്മയെ നോക്കും, എന്റെ കരുണയുടെ മാതാവിനെ. അമ്മ എനിക്ക് ദൈവത്തില്‍ നിന്ന് കരുണയും ക്ഷമയും വാങ്ങിത്തരുമെന്ന് എനിക്കുറപ്പുണ്ട്. കാരണം അമ്മ കരുണയുള്ളവളും സ്‌നേഹനിധിയുമാണല്ലോ പാപികളുടെ സങ്കേതവും വീണുപോയവരുടെ ആശ്രയവുമാണല്ലോ.

എന്നോട് ദയ തോന്നണമേ. ദൈവത്തില്‍ ശരണപ്പെടുവാനും അവിടുത്തെ കൃപ സ്വീകരിക്കുവാനും എനിക്ക് വേണ്ടി മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.