കല്ലറയ്ക്ക് മുമ്പില്‍


ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു( യോഹ: 20:1)

 വാതിലുകള്‍ തുറക്കപ്പെടുമെന്നേ നാം പ്രതീക്ഷിക്കുന്നുള്ളൂ. പക്ഷേ കല്ലറകള്‍ തുറക്കപ്പെടുമെന്ന് നാം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. വാതിലുകള്‍ മാത്രമല്ല കല്ലറകളും തുറക്കപ്പെടും എന്ന് നമുക്ക് ജ്ഞാനം കിട്ടിയ ദിവസത്തിന്റെ പേരാണ് ഈസ്റ്റര്‍.
വിശുദ്ധ ഗ്രന്ഥത്തില്‍ കല്ലറകള്‍ എവിടെയൊക്കെ തുറക്കപ്പെട്ടിട്ടുണ്ടോ  അവിടെയൊക്കെ അത്ഭുതം സംഭവിച്ചിട്ടുണ്ട്.  

ലാസര്‍ തന്നെ ഉദാഹരണം. എല്ലാ സാധ്യതകളും അവസാനിച്ച നിമിഷമായിരുന്നു അത്. ജീര്‍ണ്ണതയുടെ അവസ്ഥ. ഇനിയൊരു പൂക്കാലവും ഇനിയൊരു മഴവില്ലും ഉണ്ടാവുകയില്ലെന്ന് മനുഷ്യവിചാരം രൂപപ്പെട്ട ദിവസം. പക്ഷേ പുറത്തേക്ക് വരിക  എന്ന ആഹ്വാനത്തിന് മുമ്പില്‍ അവിടെ അത്ഭുതം സംഭവിച്ചു.
  പുറത്തേക്ക് വരിക എന്നതാണ് മുഖ്യം..പുറത്തേക്ക് വരാനുള്ള ദിവസമാണ് ഈസ്റ്റര്‍. അത് നമ്മുടെ സ്വപ്നമാണ്.. നമ്മുടെ ജീവിതവും. ഇന്നലെവരെ നാം മറ്റാര്‍ക്കോ വേണ്ടി ജീവിച്ചു..മറ്റാരുടെയോ പുറകില്‍ നി2ന്നു.  ആരൊക്കെയോ നമ്മുക്ക് മുമ്പിലും നമുക്ക് മീതെയും കല്ലുകള്‍ വച്ചു. നിയമമെന്നും ദൈവികസ്വരമെന്നും അവരതിന് പേരിടുകയും ചെയ്തു.  പക്ഷേ…
 

നമ്മുടെ മരണമായിരുന്നു അവരുടെ ലക്ഷ്യം.. നമ്മെ നിഷ്‌ക്രിയരാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.  നാം എന്നും കല്ലറയ്ക്കുള്ളിലായിരിക്കുമെന്ന് അവര്‍ ഉള്ളില്‍ ചിരിച്ചു. എന്നാല്‍ ദൈവം നമുക്ക് വേണ്ടി കല്ലറകള്‍ നീക്കി..കല്ലറകളിലേക്ക് ഒരു മിന്നാമിനുങ്ങിനെ കടത്തിവിട്ടു.  ഇരുളില്‍ കഴിയുന്നവനും കല്ലറയ്ക്കുള്ളില്‍ ആയവനും ജീവിതത്തിന്റെ തുണ്ട് ലഭിക്കാന്‍ അതുമതിയായിരുന്നു.
 

ക്രിസ്തുവിനെ ക്രൂശില്‍ തറച്ചുകൊന്ന്, കല്ലറയില്‍ അടക്കം ചെയ്ത് മുമ്പില്‍ ഭാരമുള്ളകല്ലുകളും സ്ഥാപിച്ച് സ്ഥലം വിട്ട അധികാരികളുടെ മനസ്സിലും അതുതന്നെയായിരുന്നു. ക്രിസ്തു ഇനി പുറത്തേക്ക് വരരുത്..അവന് ഇനി വരാനുമാവില്ല. പക്ഷേ പുറത്തേക്ക് വരാതിരിക്കാന്‍ ക്രിസ്തുവിന് ആകുമായിരുന്നില്ല. പുറത്തേക്ക് വരാനുള്ള വിളിയാണ് ക്രിസ്തുവിന്റേത്. പുറത്തേക്ക് വരുന്നവരെല്ലാം ക്രിസ്തുവാണ്.ക്രിസ്തുവാകാനുള്ള തന്റേടത്തിനുള്ള മറുപേരാണ് ഈസ്റ്റര്‍..

ഇന്നലെയോളം നിന്നെ ഭര്‍ത്സിച്ചവര്‍ക്കും നിന്നെ പീഡിപ്പിച്ചവര്‍ക്കും നിന്നെ നിന്ദിച്ചവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കും മുമ്പാകെ ദൈവം നിന്നെ ഉയര്‍ത്തുന്ന ദിനമാണ് നിന്റെ ഈസ്റ്റര്‍.. അന്ന് നീ ക്രിസ്തുവാകും..
 

കല്ലറയ്ക്കുള്ളിലായിരിക്കുമ്പോഴാണ് നാം സാധ്യതകളെ തിരയുന്നത്.  സാധ്യതകളെ തിരയുന്ന ഇടത്താവളമാണ് കല്ലറ.

കല്ലറകള്‍ ചിലപ്പോഴെങ്കിലും നാം തന്നെ സൃഷ്ടിച്ചതാവാം. നിഷേധാത്മകചിന്തകള്‍ കൊണ്ട്.. ബലഹീനതകള്‍ കൊണ്ട്..ദൗര്‍ബല്യങ്ങള്‍ കൊണ്ട്.. എനിക്കിതേ പറ്റൂ എന്നും എനിക്ക് ഇതിനപ്പുറം ഉയര്‍ന്നുപറക്കാന്‍ കഴിയില്ലെന്നും നാം വിചാരിക്കുന്നു. ഞാന്‍ ഇങ്ങനെയാണെന്ന് നമുക്ക് തന്നെ വിലയിടുന്നു.നമുക്ക് മുന്നില്‍ നാം തന്നെ വരച്ചുവയ്ക്കുന്ന അതിരുകളും കല്ലറകളാണ്.
 ഒരു കല്ലറയും തുറക്കപ്പെടാതിരുന്നിട്ടില്ല.. നാം അത് ആഗ്രഹിക്കുന്നുവെങ്കില്‍…
 

കല്ലറകളെ ധ്യാനിക്കുക..കല്ലറയില്‍ ധ്യാനിക്കുക..പുതിയ അവസരങ്ങള്‍..സാധ്യതകള്‍.. എല്ലാം തുറന്നുകിട്ടുന്നത് കല്ലറ അനുഭവങ്ങള്‍ കൊണ്ടാണ്. കൂട്ടിലടച്ച കിളികള്‍ക്കും പറന്നുപോകാന്‍ അവസരം കിട്ടുമെന്ന് സ്വപ്നത്തിന്റെ പേരാണ് ഈസ്റ്റര്‍.. മറ്റുള്ളവരോ നാം തന്നെയോ അടച്ചുവച്ച കല്ലറകള്‍ക്ക് വെളിയിലേക്ക് വരിക..കല്ലറകള്‍ക്ക് വെളിയിലല്ല അത്ഭുതം..കല്ലറയ്ക്ക് വെളിയിലേക്ക് വരുന്നിടത്താണ് അത്ഭുതം..അത്തരമൊരു അത്ഭുത്തിന്റെ അനുഭവത്തിലേക്ക് കടന്നുചെല്ലാന്‍ നമുക്ക് അവസരം ഉണ്ടാകട്ടെ..

എല്ലാവര്‍ക്കും പുറത്തുകടക്കാന്‍ കഴിയുന്ന കല്ലറകള്‍ ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്…

വിനായക് നിര്‍മ്മല്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.