മനസ്സമാധാനം കൈവരിക്കാന്‍ ചില ആത്മീയ വഴികള്‍

സമാധാനം നിങ്ങളുടെ ഉളളില്‍തന്നെയുണ്ട് എന്ന് വ്യക്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് വിശുദ്ധ ബൈബിള്‍. സമാധാനപൂര്‍വ്വമായ ജീവിതത്തിന് വിശുദ്ധ ഗ്രന്ഥാടിസ്ഥാനമാക്കിയുള്ള ജീവിതമാണ് നാം നയിക്കേണ്ടത്.

നാം പലപ്പോഴും സമാധാനത്തിനും സന്തോഷത്തിനുംവേണ്ടി സാഹചര്യങ്ങളെയും വ്യക്തികളെയുമാണ് നോക്കുന്നത്. അവര്‍ അങ്ങനെ പെരുമാറിയാല്‍, എല്ലാം ഞാന്‍ വിചാരിക്കുന്നതുപോലെ സംഭവിച്ചാല്‍ എനിക്ക് സമാധാനവും സന്തോഷവുമായി. പക്ഷേ ഇതല്ല ക്രിസ്തീയമായ ആത്മീയശൈലി. വ്യക്തികളിലേക്ക് നോക്കാതെ, സാഹചര്യങ്ങളിലേക്ക് നോക്കാതെ ദൈവത്തിലേക്ക് നോക്കുക. അപ്പോഴാണ് നമുക്ക് സമാധാനം അനുഭവിക്കാന്‍ കഴിയുന്നത്. ആ സമാധാനം ഒരാള്‍ക്കും നമ്മുടെ ഉള്ളില്‍ നിന്ന് എടുത്തുകളയാന്‍ സാധിക്കുകയുമില്ല.

നമ്മുടെ പ്രശ്‌നങ്ങളും വേദനകളും നമുക്ക് മാത്രമേ വഹിക്കാന്‍ കഴിയൂ. അത് വഹിക്കാനും സഹിക്കാനും വേറെയാരെങ്കിലും വരുമെന്ന് വിചാരിക്കുന്നതും പ്രതീക്ഷിക്കുന്നതും കിട്ടാതെവരുമ്പോള്‍ നിരാശപ്പെടുന്നതും സ്വഭാവികമാണ്. എനിക്ക് പല്ലുവേദനയുണ്ട്, അല്ലെങ്കില്‍ ട്യൂമറുണ്ട്. അതിന്റെ വേദന സഹിക്കേണ്ടത് ഞാനാണ്. മറ്റാര്‍ക്കും അത് വഹിക്കാന്‍ കഴിയില്ല.വേണമെങ്കില്‍ സഹതപിക്കാന്‍ കഴിയും. ഇത്തരമൊരു ചിന്ത വന്നാല്‍ നമ്മെ ആരും സഹായിച്ചില്ല, ശുശ്രൂഷിച്ചില്ല എന്നെല്ലാമോര്‍ത്തുള്ള ഹൃദയസമാധാനക്കേടില്‍ നിന്ന് അകന്നുനില്ക്കാന്‍ കഴിയും. ഓരോരുത്തരും താന്താങ്ങളുടെ കുരിശുമെടുത്ത് തന്റെ പിന്നാലെ വരാനാണ് ക്രിസ്തുവിന്റെ ആഹ്വാനം. അല്ലാതെ കുരിശില്ലാതെ വരാനല്ല. നമ്മുടെ കുരിശുവഹിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നും മറക്കരുത്.

പലപ്പോഴും അത്യാഗ്രഹങ്ങളാണ് നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്. ആഗ്രഹങ്ങള്‍ പരിമിതമാക്കുക.

ഔദാര്യശീലമുള്ളവരാകുക.

അതുപോലെ ഒന്നിനെയുമോര്‍ത്ത് ഉത്കണ്ഠപ്പെടാതിരിക്കുക. ഉത്കണ്ഠാകുലരാകുന്നതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ പ്രത്യേകമായി ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

ഇതിനൊക്കെ പുറമെ പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി അടുപ്പവും വ്യക്തിപരമായ സ്‌നേഹബന്ധവും സ്ഥാപിക്കുക എന്നതാണ്. അതുവഴി നമുക്ക് സമാധാനത്തിന്റെ വഴിയിലൂടെ നടന്നുനീങ്ങാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.