അബോര്‍ഷനെതിരെ ബോധവല്‍ക്കരണവുമായി ജീവസമൃദ്ധി

അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ചുകൊണ്ടും അബോര്‍ഷനെന്ന മാരകപാപത്തിന്റെ ക്രൂരമൂഖം വെളിപ്പെടുത്തിക്കൊണ്ടും പുറത്തിറക്കിയിരിക്കുന്ന ആല്‍ബമാണ് ജീവസമൃദ്ധി.

നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ഇതിനകംകേരളക്കര കീഴടക്കിയിരിക്കുന്ന ദമ്പതികളായ എസ് തോമസും ലിസി സന്തോഷും പരിശുദ്ധാത്മാനിവേശിതരായി രചനയും ഈണവും നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബം കെസിബിസി പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജീവസമൃദ്ധിയുടെ പ്രകാശനം നിര്‍വഹിച്ചു.കെസ്റ്റര്‍, രാജേഷ് എച്ച്, ശ്രുതി ബെന്നി, അര്‍ഷാ ഷാജി എന്നിവരാണ് ഗായകര്‍.

സുവിശേഷ വേല തന്നെയാണ് ഇത്തരം ഗാനരചനയിലൂടെ തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ഈ ദമ്പതികള്‍ അറിയിച്ചു.നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തിലാണ് അബോര്‍ഷനെതിരെ ബോധവല്‍ക്കരണവുമായി ഈഗാനങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ് എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ വ്യാപകമാകുമ്പോള്‍ ഒരാള്‍ക്കെങ്കിലും മാറിചിന്തിക്കാന്‍ പ്രേരണ കിട്ടിയാല്‍ അതാണ് ഏറ്റവും വലിയ കാര്യമെന്ന് എസ് തോമസ് പറയുന്നു.

ഈ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവന്റെ മഹത്വം തിരിച്ചറിയുകയും ജീവനുവേണ്ടി നിലയുറപ്പിക്കാനുള്ള പ്രചോദനവുമാണ് ശ്രോതാക്കള്‍ക്ക് ലഭിക്കുന്നത്. മനുഷ്യജീവന്റെ കാവലാളായി മാറുക എന്നത് സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുന്നതിന് തുല്യമാണെന്നും ജനനം മുതല്‍ സ്വഭാവിക മരണം വരെ ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടേണ്ടതാണ് ഓരോ മനുഷ്യജീവനെന്നും ജീവന്‍ അമൂല്യമാണെന്നുമുള്ള തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു.

ഗാനം കേള്‍ക്കാന്‍ ചുവടെ ലിങ്ക് ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.