നോമ്പുകാലത്ത് ഈശോയുടെ തിരുമുഖത്തെക്കുറിച്ച് ധ്യാനിക്കൂ, അനുഗ്രഹം പ്രാപിക്കാം

നോമ്പുകാലത്ത് നാം പലവിധത്തിലുള്ള ഭക്ത്യാഭ്യാസങ്ങളിലൂടെയും കടന്നുപോകാറുണ്ട്. ഈശോയുടെ പീഡാസഹനങ്ങളില്‍ കഴിയുന്നതുപോലെ പങ്കുചേരാന്‍ നാം ശ്രമിക്കാറുമുണ്ട്. നോമ്പുകാലങ്ങളില്‍ ഈശോയുടെ തിരുമുഖത്തെക്കുറിച്ച് ധ്യാനിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഏറെ നല്ലതാണ്.

വിശുദ്ധ ക്ലൗഡെ ലാ കോളംബിയെറി ഇത്തരമൊരു ധ്യാനരീതിയെക്കുറിച്ച് തന്റെ പുസ്തകമായ ദ സഫറിംങ് ഓഫ് ഔര്‍ ലോര്‍ഡ് ജീസസ് ക്രൈസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

നമ്മോടുള്ള ഈശോയുടെ സ്‌നേഹത്തിന്റെ അടയാളമാണ് അവിടുന്ന് സഹിച്ച പീഡനങ്ങള്‍… രക്തമൊഴിക്കുന്ന, മുള്‍മുടി അണിഞ്ഞ ശിരസ്… നിരവധി കലാകാരന്മാര്‍ ഈശോയുടെ പീഡാനുഭവങ്ങളുടെ ചിത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അനുകമ്പയും സ്‌നേഹവും സ്ഫുരിക്കുന്നവയാണ് ആ ചിത്രങ്ങളോരോന്നും.

ഈ ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ ധ്യാനവിഷയമായി തിരഞ്ഞെടുക്കാം. നമുക്കു വേണ്ടി കുരിശില്‍ പിടഞ്ഞുമരിച്ച ഈശോയുടെ മരണനിമിഷങ്ങളെയും ഈശോ സഹിച്ച പാടുപീഡകളെയും നമുക്കോര്‍മ്മിക്കാം. അവിടുത്തോടുള്ള നമ്മുടെ സ്‌നേഹം പ്രകടമാക്കാം. നമ്മുടെ സങ്കടങ്ങളും പ്രതീക്ഷകളും നിരാശകളും സമര്‍പ്പിക്കാം.

എന്റെ ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങ് എനിക്കുവേണ്ടികൂടിയാണല്ലോ ഈ പീഡകള്‍ സഹിച്ചത്. എന്റെ പാപങ്ങള്‍ക്കുവേണ്ടിയാണല്ലോ അങ്ങ് മരിച്ചത്. എന്റെ ഈശോയേ എന്നെ സഹായിക്കണമേ. അങ്ങയുടെ തിരുമുഖദര്‍ശനം എന്റെ ജീവിതപുണ്യമാക്കിമാറ്റണമേ. എന്റെ ഈശോയേ..എന്റെ ഈശോയേ…

ഈശോയുടെ തിരുമുഖത്തെ തുടര്‍ച്ചയായി നമുക്ക് ഇങ്ങനെ ധ്യാനിക്കാം. അവിടുത്തോട് സംസാരിക്കാം. ആഴപ്പെട്ട ആത്മീയതയിലേക്കും അതോടൊപ്പം ദൈവേഷ്ടപ്രകാരം നമുക്ക് ലഭിക്കാവുന്ന ഭൗതികമായ നന്മയിലേക്കും നമുക്ക് ഇങ്ങനെ കടന്നുചെല്ലാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.