കുരിശിലെ നിസ്സഹായതയിലും ക്രിസ്തു പിതാവിനെ വിളിച്ചത് നമുക്ക് മാതൃകയും പ്രത്യാശയുമാകണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുരിശിലെ നിസ്സഹായതയിലും ക്രിസ്തു പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ചത് നമുക്ക് മാതൃകയും പ്രത്യാശയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വേദനകളിലും ജീവിതവ്യഥകളിലും നാം നിസ്സഹായരാകരുത്. നാം ഒരിക്കലും ഒറ്റയ്ക്കല്ല. യേശുവിനെ പോലെ അത്തരം അവസരങ്ങളില്‍ നാം ദൈവത്തെ വിളിച്ചപേക്ഷിക്കണം. കാരണം ഭയപ്പെടരുത് ദൈവം നമ്മോടുകൂടെയുണ്ട് എന്നാണ് ദൈവത്തിന്റെ വാഗ്ദാനം. പാപ്പ പറഞ്ഞു. ഇന്നലെ ഓശാനഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

പകര്‍ച്ചവ്യാധികളുടെ പിടിയില്‍ മനുഷ്യവംശം അമര്‍ന്നിരിക്കുന്ന സമയമാണ് ഇത്. എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും തകരുകയും പ്രത്യാശയും വാഗ്ദാനങ്ങളും തകരുകയും ചെയ്യുമ്പോഴും യേശു പകരുന്ന ആത്മധൈര്യം ദൈവസ്‌നേഹത്തിലേക്ക് ഹൃദയം തുറക്കാനാണ്. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിച്ചു ജീവിക്കാനാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.

ജീവിതത്തിലെ എല്ലാ നേട്ടങ്ങളും സമ്പാദ്യങ്ങളും വിജയങ്ങളും കടന്നുപോകും. പക്ഷേ സ്‌നേഹമുള്ള ജീവിതം മാത്രം നേട്ടമായി നിലനില്ക്കും.ജീവിതത്തിന്റെ അളവുകോല്‍ സ്‌നേഹമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.

ത്രികാലപ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പസ്‌തോലികാശീര്‍വാദം നല്കിക്കൊണ്ടാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ പാപ്പ അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.