സ്‌നാപക യോഹന്നാന്‍ നമ്മുടെ ജീവിതത്തിലുണ്ടോയെന്ന് ആത്മശോധന നടത്തണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍;മരുഭൂമിയില്‍ വച്ച് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുമെന്ന കാണിച്ചുതന്നതാണ് സ്‌നാപകയോഹന്നാന്റെ ജീവിതമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ഈ ലോകത്ത് ജനിച്ചിട്ടുള്ള ഒരു മനുഷ്യനും ലഭിക്കാത്ത ഭാഗ്യം ലഭിച്ചവ്യക്തിയാണ് സ്്‌നാപകയോഹന്നാന്‍. ഗര്‍ഭാവസ്ഥയില്‍ തന്നെ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കാന്‍ സാധിച്ചതാണ് അത്,സ്ത്രീകളില്‍ ജനിച്ചവനില്‍ ഏറ്റവും വലിയവനാണ് സ്‌നാപകന്‍. പരിശുദ്ധ കന്യാമറിയത്തിന്റെ സന്ദര്‍ശനം പ്രവര്‍ത്തനപൂര്‍ത്തീകരണമാണ്. സക്കറിയായുടെ ഭവനത്തിലെത്തുന്നതും ഏലീശ്വായെ അഭിവാദനം ചെയ്യുന്നതും പ്രവചന പൂര്‍ത്തീകരണമായിരുന്നു.

വചനം ഗര്‍ഭാവസ്ഥയിലേ സ്വീകരിച്ചതുകൊണ്ട് മറ്റ് ലഹരി സ്‌നാപകന് ആവശ്യമുണ്ടായിരുന്നില്ല.
ഇസ്രായേലിന് വെളിപെടുന്നതുവരെ സ്‌നാപകന്‍ മരുഭൂമിയിലായിരുന്നു. മരുഭൂമി ഏകാന്തതയുടെ അനുഭവമാണ്, ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ പ്രതീകമാണ്. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ സ്വരം എന്നാണ് സ്‌നാപകനെക്കുറിച്ച് പറയുന്നത്.

വചനം കേള്‍ക്കാന്‍ ആഗ്രഹമുള്ളവരെല്ലവരും സ്വീകരിക്കേണ്ട ഒരു ജീവിതചര്യ മരുഭൂമിയിലായിരിക്കുക എന്നതാണ്. ഏകാന്തതയിലായിരിക്കുക. ദൈവത്തോടൊത്തായിരിക്കുക.
തിരുസഭ ആത്മാവിനാല്‍ നിറയണം.

സ്വര്‍ഗ്ഗത്തില്‍ നിന്ന് പരിശുദ്ധ അമ്മ കേട്ട സന്ദേശം, തിരുസഭ ഇക്കാലത്ത് ആവര്‍ത്തിക്കുന്ന സന്ദേശം, ആ സമാധാനം കേള്‍ക്കുമ്പോള്‍ ആത്മാവില്‍ തുഴള്ളിച്ചാടന്‍ കഴിയണം. ആത്മാവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു സ്‌നാപകന്റേത്. അതായിരിക്കണം തിരുസഭയുടേത്.തിരുസഭയിലെ ഓരോ അംഗവും മാതൃകയാക്കേണ്ടത് സ്‌നാപകന്റെ ഈ മാതൃകയാണ്.

ഈശോയുടെ മുന്നോടിയാണ് സ്‌നാപകന്‍ . ഈശോ ഉരുവാകുന്നതിന് മുന്നേയുള്ള ജീവിതചര്യയാണ് സ്‌നാപകന്‍.
സ്‌നാപകന്‍് ഒന്നാം സ്ഥാനം നല്കിയത് വചനത്തിനാണ്. ദൈവവചനം ആരു ലംഘിച്ചാലും അത് മുഖത്തുനോക്കി പറയാന്‍ ധൈര്യം കാണിച്ചവ്യക്തിയാണ് സ്‌നാപകന്‍.

ദൈവരാജ്യത്തിന് വിരുദ്ധമായിട്ടാണ് നീ ജീവിക്കുന്നതെന്ന് പറയാനുള്ള ധൈര്യമുണ്ടായിരുന്നു സ്‌നാപകന്. ആന്തരികതയില്‍ വചനത്തിന് ഒന്നാംസ്ഥാനം കൊടുത്തതുകൊണ്ടാണ്,വചനം കരുത്തായിരുന്നതുകൊണ്ടാണ് സത്യവിരുദ്ധവും വചനവിരുദ്ധവുമാണെന്ന് ഹേറോദോസിനോട് പറയാന്‍ സ്‌നാപകന് കഴിഞ്ഞത്.

സ്നാപകന്റെ ജീവിതത്തില്‍ വചനമുണ്ടായിരുന്നു, കര്‍ത്താവുണ്ടായിരുന്നു. പാപമോചനം വഴിയുള്ള രക്ഷയാണ് സ്‌നാപകന്‍ പ്രഘോഷിച്ചത്. നാം പാപികളാണെന്നതാണ് സത്യം. ഈ സത്യം അംഗീകരിക്കുമ്പോള്‍ വചനത്തിന് വിരുദ്ധമായതെല്ലാം പാപമാണെന്ന് തിരിച്ചറിഞ്ഞ് കുമ്പസാരത്തിലൂടെ നാം ഏറ്റുപറയണം.

വചനം പ്രസംഗിക്കുമ്പോള്‍ മാനസാന്തരം ഉണ്ടാകുന്നു. സ്നാപകന്റെ സ്‌നാനവും അഗ്നിയാലുളള അഭിഷേകവും നാം പ്രാപിക്കണം.
സ്‌നാപകന്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടോയെന്ന് നാം ആത്മശോധന നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.