എട്ടാമത്തെ ഭാഗ്യം :വല്ലനാട്ട് കുടുംബം വലുതായിക്കൊണ്ടേയിരിക്കുന്നു

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ( ഉല്‍പ്പത്തി 1:28)

കൂടുതല്‍സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നതിന്റെയും സ്വാര്‍ത്ഥരാകുന്നതിന്റെയും ഭാഗമായിട്ടാണ് ഇന്ന് ഭൂരിപക്ഷം ദമ്പതികളും മക്കളുടെ എണ്ണം ഒന്നിലും രണ്ടിലുമായി ചുരുക്കിയിരിക്കുന്നത്. ആരോഗ്യവും സാമ്പത്തികവും ഉണ്ടായിരുന്നിട്ടും രണ്ടില്‍കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്കുന്നതിനെക്കുറിച്ച് അവര്‍ പലരും ചിന്തിക്കുന്നതുപോലുമില്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് എട്ടാമതും തനിക്കൊരു കുഞ്ഞുണ്ടായതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു അപ്പന്റെ കുറിപ്പ് ശ്രദ്ധിക്കേണ്ടതാകുന്നത്.

പാലാ രൂപതയിലെ ജോസ് വല്ലനാട്ട് ആണ് ആ നല്ല അപ്പന്‍. എട്ടാമത്തെ കുഞ്ഞ് ഈ മാസം ജനിച്ചതിന്റെ സന്തോഷമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സന്തോഷം പങ്കുവച്ചതിനൊപ്പം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും പ്രസവം നടന്ന മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടേഴ്‌സ്,നേഴ്‌സുമാര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിലെ വൈദികര്‍ എന്നിവരോടും ജോസ് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെറുപ്രായത്തില്‍ തന്നെ എട്ടുമക്കളുടെ മാതാപിതാക്കളാകാന്‍ തങ്ങള്‍ക്ക് ദൈവം അനുഗ്രഹം നല്കിയതിനെയും ജോസ് നന്ദിയോടെയാണ് ഓര്‍മ്മിക്കുന്നത്. എട്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മാര്‍ സ്ലീവായില്‍ അഡ്മിറ്റായതുമുതല്‍ ഭക്ഷണം ഉള്‍പ്പടെ എല്ലാ ചെലവുകളും ആശുപത്രിയില്‍ നിന്ന് സൗജന്യമായിട്ടാണ് ലഭിച്ചതെന്നും ജോസ് വ്യക്തമാക്കിയിട്ടുണ്ട്.

വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയെ ചില ന്യൂനപക്ഷമെങ്കിലും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. അത്തരക്കാര്‍ക്കുള്ള മറുപടികൂടിയാണ് ജോസിന്റെ കുറിപ്പ്. അതെ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞാല്‍ പറഞ്ഞതാണ്, ആ വാക്കുകള്‍ വെറും വാക്കല്ല എന്ന് കാലം തെളിയിക്കും, ജോസിനും കുടുംബത്തിനും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.