യേശുവിന്റെ അതേ വഴിയിലൂടെ നടക്കേണ്ടവരാണ് ശിഷ്യര്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: യേശുവിന്റെ അതേവഴിയിലൂടെ നടക്കേണ്ടവരാണ് ശിഷ്യന്മാരെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ശിഷ്യന്മാര്‍ക്ക് മാത്രമേ ക്രിസ്തുവിനെ സ്വീകരിക്കാനും അനുഗമിക്കാനും കഴിയുകയുള്ളൂ. ശിഷ്യത്വം പൂര്‍ണ്ണമാകാതെ ക്രിസ്തുവിനെ സ്വീകരിച്ചാല്‍ ശിഷ്യത്വം പൂര്‍ണ്ണമാകുകയില്ല. അത് രക്ഷയ്ക്ക് കാരണമാകുകയില്ല. വിശുദ്ധ കുര്‍ബാന സ്വീകരണ വേളയില്‍ നാം പ്രാര്‍ത്ഥിക്കുന്നത് ഇതെനിക്ക് ശിക്ഷാവിധിക്ക് കാരണമാകരുത് എന്നാണല്ലോ.

ക്രിസ്തു ഉറങ്ങുന്ന അവസരത്തിലാണ് ശിഷ്യന്മാരുടെ തോണി മുങ്ങുന്നത്. ക്രിസ്തു ഉറങ്ങുന്ന സമയം എന്നത് ക്രിസ്തു കുരിശില്‍ മരിക്കുന്ന സമയമാണ്.ക്രിസ്തു ഉറങ്ങിയപ്പോള്‍ തിരമാലകള്‍ ഉയര്‍ന്നു. കാറ്റുവീശി. എന്നാല്‍ ക്രിസ്തു എണീറ്റതോടെ അവിടം ശാന്തമായി. ക്രിസ്തു ഉറക്കമുണര്‍ന്നു എന്നത് ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ സാത്താന്‍ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം താല്ക്കാലികമായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങളെ നാം വെറുതെ വായിച്ചുപോകേണ്ടവയല്ല. വിശ്വാസത്തിന്റെ രഹസ്യത്തില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ടായിരിക്കണം നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതും വിശുദ്ധ ഗ്രന്ഥം വായിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും.

വിശുദ്ധ ഗ്രന്ഥം ഒരിക്കലും കാളയെയും പന്നിയെയും ആടിനെയും കുറിച്ചല്ല സംസാരിക്കുന്നത്. അതൊരു പ്രതീകം മാത്രമാണ്. ആരിലാണ് പിശാച് പ്രവേശിക്കുന്നത്. വിശുദ്ധിയില്ലാത്ത, വിശ്വാസം ഇല്ലാത്ത മനുഷ്യരിലാണ്. പന്നിക്കൂട്ടത്തിലേക്ക് പിശാച് ആവേശിച്ചു എന്നത് വിശ്വാസം ഇല്ലാത്ത വ്യക്തികളില്‍ പിശാച് ആവേശിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.

വിചാരത്തില്‍ വന്ന തെറ്റുകളാണ് നാം കുമ്പസാരത്തില്‍ ആദ്യം ഏറ്റുപറയേണ്ടത്. പലപ്പോഴും വാക്കുകളും പ്രവൃത്തികളുമാണ് നാം കുമ്പസാരത്തില്‍ ഏറ്റുപറയുന്നത്. ഓരോ മനുഷ്യന്റെയും ഹൃദയവിചാരങ്ങള്‍ ക്രിസ്തു അറിയുന്നുണ്ട്. അതുകൊണ്ട് നാം കുമ്പസാരത്തില്‍ ആദ്യം ഏറ്റുപറയേണ്ടത് വിചാരത്തില്‍ വന്നുപോയ പാപങ്ങളാണ്.
മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.