സുവിശേഷം സന്തോഷത്തിന്റെ വാര്‍ത്തയാണ്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: സുവിശേഷം സന്തോഷത്തിന്റെ വാര്‍ത്തയാണെന്നും അതൊരു വെളിപാടാണെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഈ വെളിപാട് ഈശോമിശിഹായിലാണ് സംഭവിച്ചിരിക്കുന്നത്. സുവിശേഷം ദൈവികകരുണയാണ്, പാപികളോടുള്ള ദൈവത്തിന്റെ അവസാനിക്കാത്ത സ്‌നേഹമാണ്.

ഇക്കാര്യത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നത് നിങ്ങള്‍ അന്വേഷിക്കുന്ന സന്തോഷത്തിന് ഒരു മുഖമുണ്ട്, പേരുണ്ട് അത് നസ്രായനായ ഈശോയാണെന്നാണ് . അതുപോലെ അദ്ദേഹം ചെറുപ്പക്കാരോട് പറഞ്ഞുഏറ്റവും സുന്ദരമായ കാര്യം ഈശോയെ അറിയുക എന്നതാണ്. അതുപോലെ ഈശോയുമായുള്്‌ള സൗഹൃദബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുകയാണ്. എപ്പോഴും സന്തോഷത്തോടെയിരിക്കുവിനാണ് സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.അതുപോലെ ഇടവിടാതെ പ്രാര്‍ത്ഥിക്കണമെന്നും എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍ എന്നും വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സുവിശേഷം ഒരു വ്യക്തിയാണ്. ആ വ്യക്തിയില്‍ മാത്രമേ നമുക്ക് സന്തോഷിക്കാന്‍ സാധിക്കുകയുള്ളൂ. ആ വ്യക്തിയില്‍ മാത്രമേ നമുക്ക് എപ്പോഴും പ്രാര്‍ത്ഥിക്കാനായി സാധിക്കുകയുള്ളൂ. ആ വ്യക്തിയില്‍ മാത്രമേ എല്ലാ ജീവിതാനുഭവങ്ങളിലും നന്ദി പ്രകാശിപ്പിക്കാന്‍ കഴിയുകയുള്ളൂ.

കര്‍ത്താവിന്റെ കരുണ നിത്യതയില്‍ ഞാന്‍ പാടും എന്നാണ് സങ്കീര്‍ത്തകന്‍ പാടുന്നത്. എല്ലാ വിശുദ്ധരും പാടിയിരുന്ന ഒരു സങ്കീര്‍ത്തനഭാഗമാണ് ഇത്. നമുക്കെല്ലാം വേണ്ടത് ദൈവത്തിന്റെ കരുണയാണ്. അവസാനിക്കാത്ത സ്‌നേഹമാണ്.

ദൈവം കരുണയാണെന്നാണ് ലൂക്കായുടെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒന്നുകില്‍ സുവിശേഷത്തിന്റെ സദ്വാര്‍ത്ത നമുക്ക് ശ്രവിക്കാനായിട്ട് സാധിക്കും. അല്ലെങ്കില്‍ ഈ സദ്വാര്‍ത്തയെ അവഗണിച്ചുകൊണ്ട് പിറുപിറുക്കാനായിട്ട് നമുക്ക് സാധിക്കും. നമ്മളെല്ലാവരും ഈ സദ്വാര്‍ത്ത ശ്രവിക്കുന്നവരായിക്കണം, പിറുപിറുക്കുന്നവരായിത്തീരരുത്.

സുവിശേഷം എപ്പോഴും സന്തോഷമുണ്ടാക്കുകയാണ്. സന്തോഷം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് സുവിശേഷം പറയുന്നു. പാപികളുടെ മാനസാന്തരത്തില്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്നു. രണ്ടാമതായി ,അനുതപിക്കുന്ന ഒരുപാപിയെക്കുറിച്ച് ദൈവദൂതന്മാരുടെസദസില്‍ സന്തോഷം ഉണ്ടാകുന്നു. പാപിയുടെ മാനസാന്തരത്തില്‍ സത്യത്തിന്റെ ആ്ഹ്ലാദവും സ്വര്‍ഗ്ഗത്തിന്റെ ആഹ്ലാദവും പിതാവിന്റെ ആഹ്ലാദവും സംഭവിക്കുന്നു.

മാനസാന്തരത്തിലൂടെയാണ് സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടാകുന്നതെന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഈശോ കരുണയാണ്, അവസാനിക്കാത്ത സ്‌നേഹമാണ് .ഓരോ പാപിയോടും ഈശോ പറയുന്നത് മേലില്‍ പാപം ചെയ്യരുത് എന്നാണ്. പാപം ക്ഷമിക്കുന്നു പക്ഷേ മേലില്‍ പാപം ചെയ്യരുത് എന്ന് പറയുന്നു.

ഈശോയെ നമുക്ക് സ്വീകരിക്കാം. ഈശോ നല്കുന്ന കരുണയുടെ സദ്വാര്‍ത്ത സ്വീകരിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും കഴിയട്ടെ. പുതിയൊരു പെന്തക്കുസ്തായ്ക്കുവേണ്ടി ഒരുങ്ങാനും നമുക്ക് സാധിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.