ജൂണ്‍ മാസം തിരുഹൃദയത്തോടുള്ള ഭക്തിക്കായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ട്?

ജൂണ്‍ എന്നാല്‍ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുഹൃദയമാസമാണ്.കോര്‍പ്പസ് ക്രിസ്‌ററി തിരുനാള്‍ കഴിഞ്ഞുവരുന്ന വെളളിയാഴ്ചയാണ് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോവര്‍ഷവും തിരുനാള്‍ തീയതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഈവര്‍ഷത്തെ തിരുഹൃദയതിരുനാള്‍ ജൂണ്‍ 24 നാണ്.

മാര്‍ഗറീത്ത മറിയം അലക്കോക്കിന് നല്കിയ വെളിപാടുകളില്‍ നിന്നാണ് സഭയില്‍ ഈ തിരുനാളിന് തുടക്കം കുറിച്ചത്. 1673 മുതല്‍ 1675 വരെയാണ് ഈശോയുടെ തിരുഹൃദയം വിശുദ്ധയ്ക്ക് പ്രത്യക്ഷമായത്. ഈശോ തന്റെ ഹൃദയം നെഞ്ചില്‍ വച്ചു ഒരു വിരലുകൊണ്ട് താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെട്ടത്. ഹൃദയത്തിന്റെ ഞെട്ടില്‍ ഒരു കുരിശുമുണ്ടായിരുന്നു. അതിന്റെ കടയ്ക്കല്‍ ഒരു സ്‌നേഹാഗ്നിജ്വാലയുമുണ്ടായിരുന്നു. വിശുദ്ധയുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രീകരണം നട്ത്തിയിരിക്കുന്നത്.

1690 ല്‍ മേരി അലക്കോക്ക് ദിവംഗതയായി. 1920 മെയ് 13 ന് പോപ്പ് ബെനഡിക്ട് പതിനഞ്ചാമന്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. 1765 മുതല്‍ ഫ്രാന്‍സില്‍ തിരുഹൃദയത്തിന്റെ തിരുനാള്‍ ആചരിച്ചുതുടങ്ങി. 1856 ല്‍ പോപ്പ് പിയൂസ് ഒമ്പതാമന്‍ കോര്‍പ്പസ് ക്രിസ്‌ററി തിരുനാളിന് ശേഷം തിരുഹൃദയത്തിരുനാള്‍ ആചരിക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ ജൂണ്‍ മാസം തിരുഹൃദയമാസമായി ആചരിക്കാനും തുടങ്ങി.

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ പ്രകാരം സഭയിലെ മുഖ്യതിരുനാളാണ് തിരുഹൃദയത്തിരുനാള്‍. എന്നാല്‍ അത് കടമുളള ദിവസമല്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.