സുഗതകുമാരിക്ക് പുറകെ ക്രൈസ്തവ മിഷനറിമാരെ പ്രശംസിച്ച് കമല്‍ഹാസനും

കവയിത്രി സുഗതകുമാരി എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തിന്റെ ഓഗസ്റ്റ് ലക്കത്തില്‍ ക്രൈസ്തവമിഷനറിമാരെക്കുറിച്ച് എഴുതിയ ലേഖനം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ മിഷനറിമാരെ പ്രശംസിച്ചുകൊണ്ടുള്ള നടന്‍ കമല്‍ഹാസന്റെ വീഡിയോയും വൈറലായിരിക്കുന്നത്.

ഇന്ത്യയിലെ മെഡിക്കല്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും ക്രൈസ്തവമിഷനറിമാരെ വെല്ലാന്‍ ആരുമില്ലെന്നും അവരുടെ സേവനങ്ങള്‍ക്ക് നാം എന്നും നന്ദിയുള്ളവരായിക്കണമെന്നുമാണ് കമല്‍ വീഡിയോയില്‍ പറയുന്നത്. ക്രിസ്ത്യാനിറ്റിയെന്നതോ ദൈവമെന്നതോ പോലും ഈ സേവനത്തിന്റെ മുമ്പില്‍ അപ്രസക്തമാണ്.

ക്രൈസ്തവമിഷനറിമാര്‍ ചെയ്ത സേവനങ്ങളെ ഒരാള്‍ക്കും വിമര്‍ശിക്കാനാവില്ല. അവരുടെ സേവനം ഹൃദയസ്പര്‍ശിയാണ്. കമല്‍ പറയുന്നു. ക്രൈസ്തവ മിഷനറിമാരുടെ ആതുരശുശ്രൂഷയോടുള്ള അദ്ദേഹത്തിന്റെ കടപ്പാടും ്‌സനേഹവും വ്യക്തമാക്കാനായി അദ്ദേഹം തന്നെ അഭിനയിച്ച ഒരു സിനിമയിലെ ഏതാനുംഭാഗങ്ങളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു കന്യാസ്ത്രീ രോഗിയായ നായകനെ ശുശ്രൂഷിക്കുന്നതും ആ ശുശ്രൂഷയിലൂടെ നായകന്‍ സുഖം പ്രാപിക്കുന്നതുമാണ് രംഗം.

ഹൈന്ദവര്‍ ചെയ്യാത്തതും ക്രൈസ്തവര്‍ ചെയ്യുന്നതുമായ ചില പ്രത്യേക ശുശ്രൂഷകളെക്കുറിച്ചാണ് സുഗതകുമാരി കലവറയില്ലാതെ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

എയ്ഡ്‌സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണകേന്ദ്രമൊരുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ബിഷപ് തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ? അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ, ക്രിസ്ത്യാനികള്‍ക്കല്ലാതെ? സംരക്ഷിച്ചുപോന്ന ഒറ്റമകള്‍ മരിച്ച് അനാഥാവസ്ഥയിലായ ഓര്‍മ്മ നശിച്ച 85 കഴിഞ്ഞ അമ്മയ്ക്കുവേണ്ടി ഞാനിപ്പോള്‍ ഇടം തേടി നടക്കുകയാണ്. ആര്‍ക്കും സൗകര്യമില്ല, സിസ്റ്റര്‍മാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കല്ലാതെ… ഇങ്ങനെ പോകുന്നു സുഗതകുമാരിയുടെ ലേഖനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.