കാഞ്ഞിരപ്പള്ളി രൂപതയിൽ ആരാധനക്രമഗായകസംഘം

കാഞ്ഞിരപ്പള്ളി രൂപതയില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സേക്രട്ട് മ്യൂസിക്കിന്റെ നേതൃത്വത്തില്‍ ആരാധനക്രമഗായകസംഘം രൂപീകരിച്ച് പരിശീലനം ആരംഭിച്ചു. മാർച്ച് 5 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍വച്ച് രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് സംഗീതപരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനപ്രസംഗത്തില്‍ ദൈവാരാധനയില്‍ ആരാധനക്രമഗായകസംഘത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഊന്നിപ്പറഞ്ഞ അഭിവന്ദ്യ പിതാവ് രൂപതയിലെ എല്ലാ പള്ളികളിലും ആരാധനക്രമചൈതന്യത്തിനു യോജിച്ച ഗായകസംഘം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. സ്വർഗ്ഗ വാസികളും ഭൂവാസികളും ദൈവത്തെ സ്തുതിക്കുന്ന ദൈവരാധനയിൽ ദൈവ സ്തുതി പാടുന്ന അധരങ്ങൾ അനുഗ്രഹീതമാണ്. ആരാധന ക്രമ സംഗീതം പ്രകടനത്തിനോ വ്യക്തിപരമായ സംഗീത പ്രാഗത്ഭ്യത്തിന്റെ അവതരണത്തിനോ ഉള്ള അവസരമായി കരുതാതെ ദൈവജനത്തോടൊപ്പം ചേർന്ന് ദൈവത്തെ സ്തുതിക്കുവാനുള്ള അവസരമായി കരുതി പരിശീലനത്തിനെത്തിയവരെ മാർ ജോസ് പുളിക്കൽ അഭിനന്ദിക്കുകയും ആരാധനക്രമ സംഗീതാലാപനത്തിൽ ചേർന്ന് പാടുന്നതിനുള്ള ശൂന്യവത്കരണാരൂപി നിലനിർത്തണമെന്നു ഓർമിപ്പിക്കുകയും ചെയ്തു.

രൂപതയിലെ 41 ഇടവകകളില്‍നിന്നായി 260 പേരാണ് ഗായകസംഘത്തില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലും അണക്കര പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററിലുമായി ശനിയാഴ്ചകളില്‍ നടക്കുന്ന സംഗീത പരിശീലനത്തിന് പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ ചെറിയാന്‍ വര്‍ഗീസ് നേതൃത്വം നല്കും. വിവിധ ഇടവകകളില്‍നിന്നുള്ള കുട്ടികള്‍ക്കായി കാഞ്ഞിരപ്പള്ളി അമലാ സ്‌കൂള്‍ ഓഫ് മ്യൂസിക്കിനോടു ചേര്‍ന്ന് ഉപകരണസംഗീത പരിശീലനവും ഉടന്‍തന്നെ ആരംഭിക്കുന്നതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.