തീർത്ഥാടക സഭയിൽ ഹൃദയങ്ങൾക്ക് തുറവിയുള്ളവരാകണം: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: പരസ്പരം കേള്‍ക്കുന്നവരും ഒന്നുചേര്‍ന്ന് പരിശുദ്ധാത്മാവിനെ ശ്രവിക്കുവാന്‍ തുറവിയുള്ളവരുമാകുമ്പോഴാണ് സഭാ കൂട്ടായ്മ ശക്തിപ്പെടുന്നതെന്ന് മാര്‍ ജോസ് പുളിക്കല്‍. തീര്‍ത്ഥാടക സഭയില്‍ നാമെല്ലാവരും സഹയാത്രികരാണ്. എല്ലാവരും കേള്‍ക്കപ്പെടുകയും തുറവിയോടെ സംസാരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള സഭയുടെ പ്രേഷിതദൗത്യം ഊര്‍ജ്ജ്വസ്വലമായി തുടരുവാനാകുന്നത്
 ഓരോരുത്തര്‍ക്കും അവരായിരിക്കുന്ന സാഹചര്യങ്ങളില്‍ സഭയെ പടുത്തുയര്‍ത്തുവാനുള്ള ഉത്തരവാദിത്വമുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഓരോരുത്തരുടെയും സാഹചര്യങ്ങളും അനുഭവങ്ങളും സഭയില്‍ പങ്കുവയ്ക്കപ്പെടുകയും  അത് തുറന്ന ഹൃദയത്തോടെ സ്വാംശീകരിച്ച് പരിശുദ്ധാത്മാവില്‍ വിവേചിച്ചറിഞ്ഞ് കൂട്ടുത്തരവാദിത്വത്തോടെ തീരുമാനങ്ങളെടുത്ത് ഒരുമിച്ച് യാത്രചെയ്യുകയും വേണം. 2023 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്‍റെ രൂപതാതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീദ്രലില്‍ പരിശുദ്ധ കുർബാന മദ്ധ്യ വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.  പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക്  ആശ്വാസമാകുന്ന സാധ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതിന് കൂട്ടായ്മയിലുള്ള പ്രവർത്തനം സഹായകമാകണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
രൂപതയിലെ ഇടവക ഫൊറോന തലങ്ങളിലും സന്യാസസമൂഹങ്ങള്‍, സംഘടനകള്‍ എന്നീ മേഖലകളിലും സിനഡല്‍ രേഖ ചര്‍ച്ചചെയ്യപ്പെട്ടു രൂപീകരിക്കപ്പെടുന്ന ആശയങ്ങള്‍ രൂപതാതലത്തില്‍ ക്രോഡീകരിച്ച് സീറോ മലബാര്‍ സഭാ ആസ്ഥാനത്തേയ്ക്ക് നല്‍കുന്നതാണ്. ഈ വിധത്തില്‍ വിവിധ ഭൂഖണ്ഡങ്ങളുടെ തലത്തിലുള്ള രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി 2023 ഒക്ടോബറില്‍ സാര്‍വ്വത്രികസഭയുടെ മെത്രാന്‍ സിനഡിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്നു.  സഭാംഗങ്ങളെല്ലാവരും കേള്‍ക്കപ്പെടണമെന്നതും സിനഡല്‍ പ്രക്രിയയില്‍ സഹകാരികളാകണമെന്നതുമാണ് സിനഡ് ലക്ഷ്യംവെയ്ക്കുന്നത്. പൊതുസമൂഹത്തെ കേള്‍ക്കുന്നതിനും സിനഡല്‍ രേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
രൂപതാതല സിനഡല്‍ സമ്മേളനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  രൂപതാ വൈദികസമിതി  സെക്രട്ടറിയായ റവ.ഡോ. തോമസ് പൂവത്താനിക്കുന്നേലിന്‍റെ നേതൃത്വത്തില്‍ രൂപതാ വൈസ് ചാന്‍സലര്‍ റവ.ഡോ.ജോസഫ് മരുതൂക്കുന്നേല്‍,  പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ റവ.ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ അംഗങ്ങളായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. രൂപതാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീദ്രലിൽ നടന്ന കർമ്മങ്ങളിൽ രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, കത്തീദ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോസഫ് ചക്കും മൂട്ടിൽ, ഫാ.ജോബി തെക്കേടത്ത്, ഫാ. പയസ് കൊച്ചുപറമ്പിൽ, കൈക്കാരൻമാരായ പാപ്പച്ചൻ കരിമ്പനാൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ , സെബാസ്റ്റ്യൻ എളൂക്കുന്നേൽ, ജോസഫ് കരിപ്പാപറമ്പിൽ , കത്തീദ്രൽ കുടുബക്കൂട്ടായ ഭാരവാഹികൾ, പാരിഷ് കൗൺസിലംഗങ്ങൾ, വിശ്വാസ ജീവിത പരിശീലകർ എന്നിവർ സന്നിഹിതരായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.